മലയാള സിനിമയിലെ ആദ്യ നായിക പി കെ റോസിയെ ആദരിച്ച് ഗൂഗിൾ. പി.കെ റോസിയുടെ 120-ാം ജന്മവാര്‍ഷികദിനമായ ഇന്ന് ഗൂഗിളിന്‍റെ ഡൂഡില്‍ പികെ റോസിയുടെ ചിത്രമാണ്. റോസിയുടെ ചിത്രത്തിന് പിന്നിലായി ചുവന്ന റോസാപ്പൂക്കളുമുണ്ട്.
1903 ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് ജനിച്ച രാജമ്മ എന്ന റോസി ആദ്യമലയാള സിനിമയായ ജെ സി ഡാനിയലിന്‍റെ വിഗതകുമാരനിലെ നായികയായിരുന്നു. അഭിനയം എന്ന വാക്ക് തിരിച്ചറിയും മുൻപേ അഭിനയത്തെ അഭിനിവേശത്തോടെ സമീപിച്ച വ്യക്തി. സമൂഹത്തിന്‍റെ പല മേഖലകളിലും പ്രത്യേകിച്ച് കല - കായിക മേഖലകളിൽ സ്‌ത്രീകളെ നിരുത്സാഹപ്പെടുത്തിയിരുന്ന കാലഘട്ടത്തിലാണ് വിഗതകുമാരൻ എന്ന മലയാള സിനിമയിലെ നായികയായി റോസി സാമൂഹിക വെല്ലുവിളികളെ തച്ചുടച്ചത്. സിനിമയിലെ നായിക എന്നതിലുപരി സ്‌ത്രീ സമൂഹത്തിന് ആ കഥാപാത്രത്തിലൂടെ അവർ നായികയായി മാറികുകയായിരുന്നു.
വിഗതകുമാരനും വിവാദങ്ങളും: 1928ൽ പുറത്തിറങ്ങിയ വിഗതകുമാരൻ (ദി ലോസ്റ്റ് ചൈൽഡ്) എന്ന നിശബ്‌ദ മലയാള ചിത്രത്തിലെ നായികയായിരുന്നു പി കെ റോസി. മലയാള സിനിമയിലെ ആദ്യ നായികയും ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ദലിത് - ക്രിസ്ത്യൻ നടിയും കൂടിയാണ് റോസി. നായർ സ്‌ത്രീയായ സരോജിനിയുടെ വേഷമാണ് ചിത്രത്തിൽ റോസി അവതരിപ്പിച്ചത്.
ചിത്രം പ്രദർശനത്തിനെത്തിയപ്പോൾ ഒരു ദലിത് സ്‌ത്രീ തങ്ങളുടെ സമുദായത്തെ ചിത്രീകരിക്കുന്നത് കണ്ട് നായർ സുമുദായത്തിലുള്ളവർ രോഷാകുലരായി എന്നാണ് ചരിത്രം. നായർ സമുദായക്കാർ റോസിയുടെ വീട് കത്തിച്ചതായും പറയപ്പെടുന്നു. ഉയർന്ന സമുദായക്കാരുടെ കലിയിൽ ഭയന്ന റോസി ജീവനും കൊണ്ട് തമിഴ്‌നാട്ടിലേയ്‌ക്ക് ലോറി കയറുകയും അതേ ലോറിയുടെ ഡ്രൈവറായ കേശവൻ പിള്ളയെ വിവാഹം കഴിച്ച് രാജമ്മാൾ എന്ന പേരിൽ ജീവിച്ചതായും പറയപ്പെടുന്നു.
ആദ്യ നായികയായിരുന്നിട്ട് പോലും അഭിനയത്രി എന്ന പ്രശസ്‌തിയിലേയ്‌ക്ക് ഉയരാൻ അവർക്ക് സാധിച്ചില്ല. മലയാള സിനിമയിലെ സ്‌ത്രീ അഭിനേതാക്കളുടെ സംഘടനയായ ' വിമൻ ഇൻ സിനിമ കലക്‌ടീവ് ' പി കെ റോസിക്കുള്ള ആദരം എന്ന നിലയിൽ പി കെ റോസി ഫിലിം സൊസൈറ്റി എന്ന പേരിൽ ഒരു ഫിലിം സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്.