വാഷിങ്ടണ്‍: ബിസിനസ് അക്കൗണ്ടുകള്‍ക്കായി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന്‍ സേവനം ആരംഭിച്ച് വാട്‌സ്ആപ്പ്. ഔദ്യോഗികമായി ആരംഭിച്ചിട്ടില്ലാത്ത പ്രീമിയം സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ലഭ്യമാകുക. വാട്‌സാപ്പ് ബീറ്റ പ്രോഗ്രാമില്‍ അംഗങ്ങളായവര്‍ക്ക് എല്ലാ ഫീച്ചറുകളുമുള്ള പ്രീമിയം സേവനം ലഭ്യമാണെന്ന് ജിഎസ്എം അരേന റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു ശരാശരി ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം പണമടച്ചുള്ള ഫീച്ചറുകള്‍ ഉപയോഗപ്രദമാകില്ല. അതിനാല്‍ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഏറ്റവുമധികം പ്രയോജനപ്പെടുന്നത് ബിസിനസുകൾക്ക് തന്നെയായിരിക്കും. മൂന്ന് മാസത്തില്‍ ഒരിക്കല്‍ മാറ്റാന്‍ സാധിക്കുന്ന കസ്റ്റമൈസിബിള്‍ കോണ്‍ടാക്‌റ്റ് ലിങ്ക് പ്രീമിയം അക്കൗണ്ട് വഴി ലഭ്യമാകും.
പുതിയ ഫീച്ചറില്‍ ഒരാളെ വാട്‌സ്ആപ്പിന്‍റെ കോണ്‍ടാക്‌റ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ഫോണ്‍ നമ്പറിന്‍റെ ആവശ്യമില്ല. ലിങ്ക് ഉപയോഗിച്ച് വളരെ വേഗത്തില്‍ തന്നെ ഒരു വ്യക്തിയെ കോണ്‍ടാക്‌റ്റ് പട്ടികയില്‍ ഉള്‍പ്പെടുത്താം. മറ്റുള്ളവരുമായി എളുപ്പത്തില്‍ കോണ്‍ടാക്‌റ്റ് ലിങ്ക് പങ്കുവയ്‌ക്കുന്ന ഫീച്ചര്‍ ടെലിഗ്രാമിലുണ്ട്.
10 ഡിവൈസുകളില്‍ നിന്ന് ഒരേസമയം ഒരു അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിക്കുന്ന ഫീച്ചറും വാട്‌സ്ആപ്പ് പ്രീമിയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഫീച്ചറിലൂടെ ബിസിനസ് അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കും. 32 അംഗങ്ങളുമായി ഒരേസമയം വീഡിയോ കോളും ചെയ്യാം.
ബീറ്റയില്‍ മാത്രമാണ് നിലവില്‍ പ്രീമിയം സേവനങ്ങള്‍ ലഭ്യമാകുക. വാട്‌സ്ആപ്പ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ലാത്തതിനാല്‍ പുതിയ സബ്‌സ്‌ക്രിപ്‌ഷന്‍ എന്ന് അവതരിപ്പിക്കുമെന്നോ ഇതിന്‍റെ വിലയെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.