ന്യൂഡല്‍ഹി: ദുരുപയോഗം തടയുന്നതിന്‍റെ ഭാഗമായി ജനുവരി മാസത്തില്‍ ഇന്ത്യയിലെ 29 ലക്ഷം ഉപയോക്താക്കളെ നിരോധിച്ചതായി മെറ്റയുടെ കീഴിലുള്ള മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. 2023 ജനുവരിയില്‍ പ്രസിദ്ധീകരിച്ച പ്രതിമാസ റിപ്പോര്‍ട്ട് വാട്‌സ്ആപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2021ലെ ഐടി നിയമത്തിന് കീഴില്‍ എല്ലാ മാസവും വാട്‌സ്‌ആപ്പ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാറുണ്ട്.
'ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച പരാതികള്‍, അതില്‍ കമ്പനി സ്വീകരിച്ച നടപടികള്‍, പ്ലാറ്റ്‌ഫോമില്‍ ഉണ്ടാകുന്ന ദുരുപയോഗങ്ങള്‍ തടയാനുള്ള വാട്‌സ്ആപ്പിന്‍റെ പ്രതിരോധ നടപടികള്‍ എന്നിവ പ്രസിദ്ധീകരിക്കപ്പെട്ട ഉപയോക്തൃ സുരക്ഷ റിപ്പോര്‍ട്ടില്‍ വിശദമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം ജനുവരിയില്‍ വാട്‌സ്ആപ്പ് 2.9 ദശലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചിരിക്കുന്നു', കമ്പനി വക്താവ് പറഞ്ഞു.
മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ ഉപയോക്താക്കളെ സുരക്ഷിതരായി നിലനിര്‍ത്താന്‍ കമ്പനി വര്‍ഷങ്ങളായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, അത്യാധുനിക സാങ്കേതിക വിദ്യ, ഡാറ്റ സയന്‍റിസ്റ്റുകള്‍ എന്നിവയുടെ സഹായം തേടുന്നതായി വാട്‌സ്‌ആപ്പ് വ്യക്തമാക്കി. ജനുവരി ഒന്ന് മുതല്‍ 31 വരെ ഇന്ത്യയില്‍ നിന്ന് 1,461 പരാതികളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ 195 പരാതികലില്‍ നടിപടി എടുത്തതായി കമ്പനി അറിയിച്ചു.
ഉപയോക്താക്കളുടെ പരാതികളോട് പ്രതികരിക്കുന്നതിനും നടപടിയെടുക്കുന്നതിനും പുറമെ പ്ലാറ്റ്‌ഫോമിലെ ദോഷകരമായ പെരുമാറ്റം തടയുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വാട്‌സ്ആപ്പ് പ്രസ്‌താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 'വാട്‌സ്‌ആപ്പ് പ്രധാനമായും പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാരണം എന്തെങ്കിലും സംഭവിച്ചതിന് ശേഷം പരിഹരിക്കുന്നതിനേക്കാള്‍ അത്തരം സംഭവങ്ങല്‍ തടയുന്നതാണ് നല്ലതെന്ന് കമ്പനി വിശ്വസിക്കുന്നു', വാട്‌സ്‌ആപ്പ് പ്രസ്‌താവനയില്‍ പറഞ്ഞു.
പ്രധാനമായും മൂന്ന് ഘട്ടങ്ങളിലാണ് വാട്‌സ്‌ആപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നത് കണ്ടെത്താന്‍ സാധിക്കുക എന്നാണ് കമ്പനി പറയുന്നത്. രജിസ്‌ട്രേഷന്‍ സമയത്ത്, സന്ദേശമയക്കുമ്പോള്‍, റിപ്പോര്‍ട്ടും ബ്ലോക്കും ചെയ്യുമ്പോള്‍ എന്നിങ്ങനെയാണ് മൂന്ന് ഘട്ടങ്ങള്‍. എഡ്‌ജ് കേസുകൾ വിലയിരുത്തുന്നതിനും കാലക്രമേണ ഫലപ്രാപ്‌തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ അനലിസ്റ്റുകള്‍ വികസിപ്പിക്കുകയാണെന്നും അക്കൗണ്ടുകൾ തിരിച്ചറിയുന്നതിനും നിരോധിക്കുന്നതിനുമുള്ള തങ്ങളുടെ ഓൺ-പ്ലാറ്റ്‌ഫോം കഴിവുകൾ കമ്പനി വിശദമാക്കിയിട്ടുണ്ടെന്നും വാട്‌സ്‌ആപ്പ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 36 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകളാണ് വാട്‌സ്‌ആപ്പ് നിരോധിച്ചത്.