സാൻ ഫ്രാൻസിസ്‌കോ: കഴിഞ്ഞയാഴ്‌ച പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം ചില ജീവനക്കാരെ ട്വിറ്റർ തിരിച്ചുവിളിക്കുന്നതായി റിപ്പോർട്ട്. അവരവരുടെ റോളുകളിൽ തിരികെ ജോലിയിൽ പ്രവേശിക്കാനും അലങ്കോലമായ കമ്പനിയെ പഴയ നിലയിലാക്കുന്നതിന് ബാക്കിയുള്ള ജീവനക്കാരെ സഹായിക്കാനും കമ്പനിയിലെ പ്രധാന ആളുകളോട് ഇലോൺ മസ്‌കിന്‍റെ നേതൃത്വത്തിലുള്ള ട്വിറ്റർ ആവശ്യപ്പെട്ടതായി കേസി ന്യൂട്ടൺ എന്ന പ്ലാറ്റ്‌ഫോർമർ എഡിറ്റർ റിപ്പോർട്ട് ചെയ്യുന്നു.
തിരിച്ചുവരാൻ സാധ്യതയുള്ള ജീവനക്കാരുടെ പേര് വിവരങ്ങൾ ഞായറാഴ്‌ച വൈകുന്നേരം നാല് മണിക്കുള്ളിൽ നൽകണമെന്ന് നിലവിലുള്ള ജീവനക്കാരോട് ആവശ്യപ്പെട്ട ആഭ്യന്തര സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ടും കേസി ന്യൂട്ടൺ പങ്കുവച്ചിട്ടുണ്ട്. ആൻഡ്രോയ്‌ഡ്, iOS സഹായവും ഇതിനായി ഉപയോഗിക്കാമെന്നും സന്ദേശത്തിൽ പറയുന്നു.
ട്വീറ്റുകളിൽ ദീർഘമായ ടെക്‌സ്റ്റുകൾ ഉപയോഗിക്കുന്നത് അടക്കമുള്ള മസ്‌ക് പ്രഖ്യാപിച്ച പുതിയ ചില ഫീച്ചറുകൾ തങ്ങളുടെ കഠിനാധ്വാനമാണെന്നും പുതിയ ഫീച്ചറുകൾ പരീക്ഷണത്തിന് ഏകദേശം തയാറാണെന്നും ചില ജീവനക്കാർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു.
കമ്പനിയുടെ വികസനത്തിനും കാര്യങ്ങൾ നടത്തുന്നതിനുമുള്ള പ്രധാന ജീവനക്കാരെ പിരിച്ചുവിടാനുള്ള ട്വിറ്ററിന്‍റെ തീരുമാനം അബദ്ധമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.