തലച്ചോറിലുണ്ടാകുന്ന സമ്മര്‍ദം ചലനകേന്ദ്രങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി കണ്ടെത്തല്‍. അടുത്തിടെ ജര്‍മനിയിലെ ബോണ്‍ സര്‍വകലാശാല നടത്തിയ പഠനമാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. 'ട്രാന്‍സ്ലേഷണല്‍ സൈക്യാട്രി (Translational Psychiaty)' ജേർണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
പരീക്ഷണത്തിനായി എലികളെയാണ് വിദഗ്ധസംഘം തെരഞ്ഞെടുത്തത്. എലികളിലെ ന്യൂറോണുകള്‍ക്ക് സമ്മര്‍ദത്തിന് ശേഷം മറ്റ് ന്യൂറോണുകളുമായി ബന്ധം നഷ്ടമാകുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഥിരമായി സമ്മർദഘട്ടങ്ങള്‍ നേരിടുന്ന ആളുകളില്‍ പലപ്പോഴും അവരുടെ പേശീചാലകനാഡി പ്രവര്‍ത്തനത്തില്‍ അസാധാരണ സ്വഭാവം കാണിക്കുന്നതായി കണ്ടെത്തിയിരുന്നു.
പേശീചാലക നാഡി പരീക്ഷണത്തിന് തെരഞ്ഞടുത്ത മൃഗങ്ങളിലും വികസിക്കുന്നതായും കണ്ടെത്തി. ഇവയ്ക്ക് സമ്മര്‍ദം മൂലമുണ്ടാകുന്ന വിഷാദരോഗങ്ങള്ക്കെതിരെ മികച്ച ചികില്‍സ ഫലം നല്കാന് കഴിയുമെന്നുമാണ് വിലയിരുത്തല്‍. ഇത്തരത്തിലുള്ള സമ്മര്‍ദങ്ങള്‍ തലച്ചോറിലുണ്ടാക്കുന്ന പോറലുകളേയും ഗവേഷകര്‍ നിരീക്ഷിച്ചിരുന്നു. ഇതിന്റെ ലക്ഷണങ്ങൾ എങ്ങനെ സംഭവിക്കുന്നു എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ഇതിനെ കുറിച്ചും തങ്ങളുടെ പഠനത്തില്‍ അന്വേഷിച്ചിട്ടുണ്ടെന്ന് ബോൺ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജിയിലെ പ്രൊഫ. ഡോ. വാലന്റൈന്‍ സ്റ്റെയ്ൻ വ്യക്തമാക്കിയിരുന്നു.
ബോണ്‍ യൂണിവേഴ്സിറ്റി ആശുപത്രിക്ക് കീഴിലുള്ള സൈക്യാട്രി ആൻഡ് സൈക്കോതെറാപ്പി വിഭാഗം, ഇന്സ്റ്റിറ്റ്യൂട് ഓഫ് ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി, ഇൻസ്റ്റിറ്റ്യൂട് ഓഫ് മോളിക്യുലാർ സൈക്യാട്രി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി. പോസ്ഡാം യൂണിവേഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ റിസർച്ച് എന്നീ വിഭാഗങ്ങളായിരുന്നു പഠനത്തിന് നേതൃത്വം നല്‍കിയത്.
പരീക്ഷണഘട്ടങ്ങള്‍
പരീക്ഷണങ്ങള്‍ക്കായി എലികളെയായിരുന്നു ഗവേഷകര്‍ തെരഞ്ഞെടുത്തത്. അവയെ സ്ട്രെസ്സ്ഡ്, നോണ്‍-സ്ട്രെസ്സ്ഡ് എന്നീ രണ്ട് രീതിയില്‍ തരം തിരിച്ചായിരുന്നു പഠനം. അതില്‍ സ്ട്രെസ്സ്ഡ് വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്ന എലികളെ ഗവേഷകര്‍ കുറച്ച് ദിസവത്തേക്ക് സമ്മര്‍ദം നിറഞ്ഞ സാഹചര്യത്തിന് വിധേയമാക്കി. ഈ ഘട്ടത്തില്‍ ഒരു പ്രത്യേക മൈക്രോസ്കോപ്പി മെത്തേഡ് ഉപയോഗിച്ച് അവയുടെ തലച്ചോറിന്റെ ചിത്രങ്ങളും അവര്‍ പകര്‍ത്തിയിരുന്നു.
അതിന് ശേഷം പേശിചാലക നാഡിയില്‍ പുതിയ ചലനങ്ങള്‍ക്ക് ഉത്തരവാദിയാകുന്ന സെറിബ്രല്‍ കോടെക്സിന് ഊന്നല്‍ നല്‍കിയായിരുന്നു ഗവേഷകരുടെ പഠനം. പരീക്ഷണത്തില്‍, തങ്ങളുടെ പദ്ധതി പ്രകാരം ഒരേ സമയം ഒരു ന്യൂറോണിനെ വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിരീക്ഷിക്കാനും അവയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് അറിയുവാനും കഴിഞ്ഞുവെന്നാണ് ബോണ്‍ യൂണിവേഴ്സിറ്റി സൈക്കോതെറാപ്പി, സൈക്യാട്രി ആരോഗ്യ വിദഗ്ധ ആനി കാത്രിന്‍ ഗെല്ലര്‍ പറഞ്ഞത്.
പരീക്ഷണത്തില്‍ പ്രകടമായ സവിശേഷതകള്‍
സമ്മർദകരമായ സാഹചര്യത്തിനുശേഷം, പഠനത്തിനുപയോഗിച്ച ന്യൂറോണുകൾക്ക് അവയുടെ ചില സിനാപ്സുകൾ (നാഡീകോശങ്ങളുമായുള്ള സമ്പർക്കങ്ങള്‍) നഷ്ടപ്പെട്ടു. പരീക്ഷണ സമയത്ത് പുതിയ സിനാപ്സുകള്‍ സാധാരണയായി രൂപപ്പെടുകയോ നിലവിലുള്ളവ ശക്തിപ്പെടുത്തുകയോ ചെയ്യുന്നതായും കണ്ടെത്തിയ ഗവേഷകര്‍, സമ്മർദ്ദത്തിലായ എലികൾക്ക് അവയുടെ മറ്റ് ന്യൂറോണുകളുമായുള്ള ബന്ധം 15 ശതമാനത്തോളം വരെ നഷ്ടമായതായും വ്യക്തമാക്കി.
അതേ സമയം, പേശീചാലകനാഡികള് വികസിപ്പിച്ചെടുത്ത മൃഗങ്ങള്‍ ഒരു കൈകൊണ്ട് ഭക്ഷണം വായിലേക്ക് കൊണ്ട് പോകാനാണ് ശ്രമിച്ചത്. കാട്ടില്‍ ഇത് ചെയ്യുന്നതിനായി രണ്ട് കൈകാലുകളുമായിരുന്നു എലികള്‍ ഉപയോഗിച്ചിരുന്നത്. പരീക്ഷണ ശേഷം എലികള്‍ക്ക് ഈ കഴിവ് വീണ്ടും പരിശീലിക്കേണ്ടി വന്നിരുന്നു. പരീക്ഷണത്തിലുള്‍പ്പെട്ട നോൺ-സ്ട്രെസ്ഡ് കൺട്രോൾ വിഭാത്തിലുണ്ടായിരുന്ന എലികള്‍ 5 ദിവസത്തിന് ശേഷം 30 ശതമാനത്തോളം പൂര്‍വ സ്ഥിതിയില്‍ ആഹാരം സ്വീകരിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍, സമ്മർദ സാഹചര്യം നേരിട്ട എലികൾക്ക് ഓരോ പത്താമത്തെ ശ്രമത്തിലും മാത്രമേ ഭക്ഷണം സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.
also read : ഹിജാബ് വിലക്ക്: പി.യു കോളജ് മുതല്‍ ഹൈക്കോടതിയുടെ വിശാല ബെഞ്ച് വരെ: കേസിന്റെ നാള് വഴി
പഠനത്തില്‍ സിനാപ്സുകളുടെ നഷ്ടത്തിന് കാരണമാകുന്ന കാര്യങ്ങളെക്കുറിച്ചുള്ള സൂചനകളും ഗവേഷകർക്ക് ലഭിച്ചു. ചില രോഗപ്രതിരോധ കോശങ്ങൾ എലികളുടെ തലച്ചോറിൽ സജീവമായി പ്രവര്‍ത്തിച്ചു. 'ഫാഗോസൈറ്റുകൾ' എന്നാണ് അത്തരം കോശങ്ങളെ വിളിക്കപ്പെടുന്നത്. രോഗകാരികളെയോ വികലമായ കോശങ്ങളെയൊ നശിപ്പിക്കാന്‍ കഴിയുന്നവയാണ് ഇത്തരം ഫാഗോസൈറ്റുകള്‍. സമ്മർധങ്ങളുടെ ഫലമായി പ്രവര്‍ത്തിച്ചു തുടങ്ങുന്ന അവ മറ്റ് ന്യൂറോണ്‍ സൈറ്റുകളെ ആക്രമിക്കുകയും ചെയ്യാം.
തലച്ചോറിനും സുഷുമ്ന നാഡിക്കും ചുറ്റും കാണപ്പടുന്ന ദ്രാവകത്തെയും പഠനത്തില്‍ ഗവേഷകസംഘം പരിശോധിച്ചു. അതിലൂടെ പാർക്കിൻസൺസ് അല്ലെങ്കിൽ അൽഷിമേഴ്സ് പോലുള്ള നാഡി രോഗങ്ങളിൽ സാധാരണയായി കണ്ടുപിടിക്കാൻ കഴിയുന്ന ചില പ്രോട്ടീനുകളെയും അവർ കണ്ടെത്തിയിരുന്നു.
പരീക്ഷണങ്ങള്‍ക്കായി എന്തുകൊണ്ട് എലികളെ മാത്രം തെരഞ്ഞെടുത്തു
സമ്മർദത്തോടുള്ള സംവേദനക്ഷമത എലികളില്‍ വ്യത്യസ്ത രീതിയിലാണ് കാണപ്പെടുന്നത്. പരീക്ഷണത്തിന് ഉപയോഗിച്ച എലികളില്‍ ചിലതിലെങ്കിലും കുറച്ച് ദിവസത്തെ സമ്മർദത്തിന് ശേഷം എന്തെങ്കിലും അസാധാരണത്വങ്ങൾ പ്രകടമാക്കിയരുന്നില്ല. മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് എലികള്‍ക്ക് പ്രതിരോധശേഷി കൂടുതലായതുകൊണ്ടുമാണ് ഗവേഷകര്‍ അതിനെ പരിഗണിച്ചത്.