ഭൂമിക്ക് ഭീഷണിയുയർത്തി ഒരു സ്റ്റേഡിയത്തിന്‍റെ അത്ര, അല്ലെങ്കിൽ താജ് മഹലിന്‍റെ മൂന്നിരട്ടിയോളം വലുപ്പമുള്ള ഒരു ഛിന്നഗ്രഹം. ജൂലൈ 24ന് ഈ ഛിന്നഗ്രഹം ഭൂമിയുടെ അടുത്തു കൂടി കടന്നുപോകുമെന്നാണ് നാസ നൽകുന്ന മുന്നറിയിപ്പ്.
2008 ഗോ 20 എന്നാണ് ശാസ്‌ത്രജ്ഞർ ഈ ഛിന്നഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. 220 മീറ്റർ വ്യാസം വരുന്ന ഈ ഛിന്നഗ്രഹം ഭൂമിയിൽ നിന്നും 4.7 ദശലക്ഷം കിലോമീറ്റർ ദൂരത്തിലൂടെയാണ് കടന്നുപോവുക. ഛിന്നഗ്രഹത്തെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് നാസയിലെ ശാസ്‌ത്ര സംഘം അറിയിച്ചു.
ഭൂമിയുമായി ഇടിക്കാൻ സാധ്യത കുറവ്
ഭൂമിയുടെ അടുത്ത് കൂടി കടന്ന് പോവുമെങ്കിലും 2008 ഗോ 20 ഭൂമിയിൽ ഇടിക്കാനുള്ള സാധ്യതയില്ലെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും ഇതിന്‍റെ ഭ്രമണപഥം ഭൂമിക്ക് അപകടമുള്ള വിഭാഗത്തിലാണ് ശാസ്‌ത്രജ്ഞർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭൂമിയിൽ നിന്നും ഏകദേശം 0.04 അസ്‌ട്രോണമിക്കൽ യൂണിറ്റ് അകലെ കൂടിയാണ് ഇത് കടന്നുപോകുന്നതെന്നും ഇത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്‍റെ എട്ട് മുതൽ ഒമ്പത് വരെ ഇരട്ടിയാണെന്നും ശാസ്‌ത്രജ്ഞർ വ്യക്തമാക്കുന്നു.
അതിഭീകര വേഗത
സെക്കൻഡിൽ 8 കിലോമീറ്റർ വേഗതയിലാണ് ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. അതായത്, മണിക്കൂറിൽ 28,800 കിലോമീറ്റർ. ഇത്രയധികം വേഗതയിൽ സഞ്ചരിക്കുന്നതിനാൽ തന്നെ മുന്നിൽ വരുന്ന എന്തിനെയും തകർക്കാനുള്ള കഴിവും ഈ ഛിന്നഗ്രഹത്തിന് ഉണ്ടാവുമെന്നാണ് ശാസ്‌ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.
സാധാരണ ഗതിയിൽ ഛിന്നഗ്രഹങ്ങളുടെ സഞ്ചാരപാത വേറെയാണെങ്കിലും ചില സമയങ്ങളിൽ ഭൂമിയുടെ ആകർഷണ ബലം ഇവയുടെ സഞ്ചാരപഥം മാറാൻ കാരണമാകാറുണ്ടെന്നുമാണ് ശാസ്‌ത്ര പഠനങ്ങൾ കാണിക്കുന്നത്. ജൂൺ മാസത്തിൽ ഈഫൽ ടവറിന്‍റെ വലിപ്പമുള്ള ഒരു ഛിന്നഗ്രഹവും ഭൂമിയുടെ അടുത്തുകൂടി കടന്നുപോയിരുന്നു.
ഭാവിയിലേക്കുള്ള കരുതൽ
അതേസമയം, 2175നും 2199നും ഇടയിൽ ഭൂമിയുടെ സമീപത്തുകൂടി സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് കരുതുന്ന ഛിന്നഗ്രഹമായ 'ബെനു'വിനെ തകർക്കാനായി ചൈന ഇരുപതിലധികം റേക്കറ്റുകൾ വിക്ഷേപിക്കാൻ ഒരുങ്ങുകയാണ്. 85.5 ദശലക്ഷം ടൺ ഭാരമാണ് ബഹിരാകാശ പാറയായ ബെനുവിനുള്ളത്. ഇത്തരത്തിലൊരു ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചാൽ വലിയ ദുരന്തമുണ്ടാകുമെന്നാണ് ചൈനീസ് ശാസ്‌ത്രജ്ഞർ വ്യക്തമാക്കുന്നത്.
Also Read: 'പതിച്ചത് 150 കി.മീ വ്യാസത്തില്‍ ഗര്‍ത്തമുണ്ടാക്കിയ ഉല്‍ക്ക' ; ദിനോസറുകളുടെ അന്തകനായ ഛിന്നഗ്രഹം