തിരുവനന്തപുരം: പുതിയ പദവിയിൽ അഭിമാനമെന്ന് നിയുക്ത ഐ.സ്.ആർ.ഒ ചെയർമാൻ എസ് സോമനാഥ്. 36 വർഷമായി താൻ ഈ രംഗത്ത് സേവനം ചെയ്യുന്നു. സ്പേസ് മേഖല കൂടുതൽ വിപുലീകരിക്കുകയാണ് ലക്ഷ്യമെന്നും അദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
പല വിക്ഷേപണങ്ങളുടെയും ഡിസൈനിങ്ങിന്‍റെ ഭാഗമാകാൻ കഴിഞ്ഞു. പുതിയ ദിശ ആവശ്യപ്പെടുന്ന സമയമാണിത്. സ്പേസ് മേഖല ഇന്ന് ഐ.എസ്.ആർ ഒയിൽ ഒതുങ്ങുന്നു. സ്പേസ് ഇക്കോണമി വലുതാകണം. കൂടുതൽ തൊഴിൽ അവസരങ്ങളും പുതിയ സംരംഭങ്ങളും ഉണ്ടാകണം. വിദ്യാഭ്യാസ മേഖലയിലടക്കം ഇതിന്‍റെ പ്രതിഫലനം ഉണ്ടാകണമെന്നും അദേഹം പറഞ്ഞു.
എൻ.എസ്.ഐ.എൽ ഒരു മാറ്റത്തിന്‍റെ തുടക്കമാണ്. സ്വകാര്യവത്കരണം നടക്കുമെന്ന ആശങ്ക പാടില്ല. മുൻ മേധാവികളുടെ പാരമ്പര്യം തുടരാനാണ് ആഗ്രഹിക്കുന്നത്. ഇതുവരെ ചെയ്‌ത കാര്യങ്ങൾ തന്നെ മുന്നോട്ട് കൊണ്ട് പോകണമെന്നല്ല , മാറ്റങ്ങളാണ് കൊണ്ടുവരേണ്ടതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.