ന്യൂഡല്‍ഹി: വ്യാപനശേഷിയും മരണ നിരക്കും കൂടുതലുള്ള പുതിയ കൊവിഡ് വൈറസ് മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ടെന്ന് ചൈനയില്‍ നിന്നുള്ള ഗവേഷകര്‍. വുഹാന്‍ സര്‍വകലാശാലയിലേയും ചൈനീസ് അക്കാദമി ഓഫ് സയന്‍സിലേയും ഗവേഷകരാണ് ഇത്തരത്തിലൊരു സാധ്യത ചൂണ്ടികാട്ടിയുള്ള പഠനം പുറത്തുവിട്ടത്.
'നിയോകോവ്' എന്ന് പേരിട്ടിരിക്കുന്ന ഈ വൈറസ് ഇതുവരെ മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചിട്ടില്ല. നിയോകോവിനെ കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിലാണ്. ഒരൊറ്റ മ്യുട്ടേഷനിലൂടെ(ജനിതകമാറ്റം) ഈ വൈറസിന് മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാനുള്ള ശേഷി ലഭിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു.
2012 ല്‍ സൗദി അറേബ്യയില്‍ പൊട്ടിപുറപ്പെട്ട മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രത്തിന് കാരണമായ വൈറസിന്‍റെ വകഭേദമാണ് നിയോകോവ് എന്ന് ഗവേഷകര്‍ പുറത്തുവിട്ട പ്രീപ്രിന്‍റില്‍ പറയുന്നു. ശാസ്ത്രീയ പഠനങ്ങള്‍ പിയര്‍ റിവ്യു നടത്തപ്പെടുന്നതിന് മുമ്പുള്ള ഘട്ടമാണ് പ്രീപ്രിന്‍റ്. പഠനങ്ങള്‍ പിയര്‍റിവ്യു ചെയ്യപ്പെട്ട് നിഗമനങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ മാത്രമെ അവ ശാസ്ത്രലോകം അംഗീകരിക്കുകയുള്ളൂ.
നിയോകോവ് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ അത് വലിയ അപകടമാണ് ഉണ്ടാക്കുക. രോഗം പിടിപെടുന്ന മൂന്നില്‍ ഒരാള്‍ മരണപ്പെടുമെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്.
മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രം എന്ന രോഗത്തിന് കാരണമായ വൈറസിന്‍റെ(MERS-CoV) ഉയര്‍ന്ന മരണനിരക്കും കൊവിഡ് വൈറസിന്‍റെ ഉയര്‍ന്ന വ്യാപനശേഷിയും ഒരു പോലെയുള്ളതാണ് നിയോകോവ്. നിലവിലുള്ള കൊവിഡ് വാക്സിനുകള്‍ നിയോകാവിനെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്നും ഗവേഷകര്‍ പറഞ്ഞു.
ALSO READ: omicron subvariant BA.2 ഒമിക്രോണിന്‍റെ ഉപവകഭേദം ബിഎ.2 വ്യാപിക്കുന്നതായി സൂചന