വാഷിങ്ടൺ: വീഡിയോ കോളിങ് ആപ്ലിക്കേഷനായ ഗൂഗിൾ മീറ്റിൽ സെപ്‌റ്റംബർ മുതൽ പുതിയ ഫീച്ചറുകൾ ആരംഭിക്കുമെന്ന് ഗൂഗിൾ അറിയിച്ചു. 49 ആളുകളോടൊപ്പം സംയോജിത ജാംബോർഡ് വൈറ്റ്ബോർഡ് സംവിധാനവും ഗൂഗിൾ മീറ്റിൽ ഉണ്ടാകും. മോഡറേറ്റർന്മാർക്ക് ആദ്യം ജോയിൻ ചെയ്യാൻ കഴിയുന്നതും പങ്കെടുക്കുന്നവരെ നിയന്ത്രിക്കാനും മീറ്റിങ് അവസാനിപ്പിക്കാനും കഴിയുന്ന രീതിയിൽ മാറ്റം വരുത്തുമെന്ന് കമ്പനി ഈ മാസം 11ന് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.
സ്വകാര്യതക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് ഇഷ്‌ടാനുസൃതമായ പശ്ചാത്തലം തീരുമാനിക്കാനുള്ള സൗകര്യവും ഒക്ടോബർ മാസത്തിൽ ഗൂഗിൾ ആരംഭിക്കാനിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിലെ എല്ലാ ഗൂഗിൾ എന്‍റർപ്രൈസുകൾക്കുമായി ബ്രേക്ക് ഔട്ട് റൂമുകളും ഹാജർ ട്രാക്കിങ്ങും ആരംഭിക്കുമെന്ന് ഗൂഗിളിലെ എഡ്യൂക്കേഷണൽ വിപി അവ്‌നി ഷാ പറഞ്ഞു. അധ്യാപകർക്ക് ലിങ്ക് വഴി വിദ്യാർഥികളെ ക്ലാസ് റൂമിലേക്ക് വിളിക്കാനാകും. ഗൂഗിൾ ക്ലാസ്റൂം പത്ത് ഭാഷകളിൽ കൂടി ലഭ്യമാകും.
ജി സ്യൂട്ട് എന്‍റർപ്രൈസ് ഫോർ എഡ്യൂക്കേഷൻ" ഉപയോഗിക്കുന്നതിലൂടെ വിദ്യാർഥികളുടെ അസൈൻമെന്‍റുകളിലെ കള്ളക്കളികളും പിടികൂടാനാകും. അസൈൻമെന്‍റുകൾക്കായി ലേണിങ് മാനേജ്‌മെന്‍റ് സിസ്റ്റവും ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ വിദ്യാർഥികളുടെ വർക്കുകൾ എളുപ്പത്തിൽ വിലയിരുത്താനും വിശകലനത്തിനും ഗ്രേഡിങ്ങിനും കഴിയുന്നു. ക്ലാസ് മുറിയിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ മനസിലാക്കാനായി മാതാപിതാക്കൾക്ക് ടെക് ടൂൾ കിറ്റ് ഫോർ ഫാമിലീസ് ആൻഡ് ഗാഡിയൻസ് എന്ന സംവിധാനവും തുടങ്ങിയിട്ടുണ്ട്.
ഓരോ വിദ്യാർഥിയുടെയും ഗൂഗിൾ ഡ്രൈവിലൂടെ ക്ലാസ് വർക്കുകൾ നൽകാനും വിലയിരുത്താനും കഴിയുമെന്നും അവനി ഷാ പറഞ്ഞു. ഗൂഗിൾ അടുത്തിടെ "സ്മാർട്ട്കമ്പോസ്", "ഡോക്സിൽ ഓട്ടോ കറക്റ്റ്" എന്നീ സംവിധാനങ്ങൾ ആരംഭിച്ചിരുന്നു. അക്ഷരപിശകും വ്യാകരണ പിശകുകളും കുറയ്ക്കുന്നതിനൊപ്പം ആവർത്തിച്ചുള്ള എഴുത്ത് വെട്ടിക്കുറച്ചുകൊണ്ട് ഉയർന്ന നിലവാരമുള്ള ഉള്ളടക്കം വേഗത്തിൽ സാധ്യമാക്കുന്ന ടെക്‌നോളജിയാണ് സ്മാർട്ട്കമ്പോസ്", "ഡോക്സിൽ ഓട്ടോ കറക്റ്റ്". ഗൂഗിൾ ഉടനെത്തന്നെ സൈറ്റേഷനും ആരംഭിക്കാനിരിക്കുകയാണ്.