ഹൈദരാബാദ് : മൊബൈല്‍ വിപണിയില്‍ അടിക്കടി പുത്തന്‍ മോഡലുകള്‍ രംഗത്തിറക്കുന്നതില്‍ മത്സരിക്കുകയാണ് ചൈനീസ് കമ്പനിയായ റിയല്‍മി. ഏറെ പ്രതീക്ഷയോടെ മൊബൈല്‍ ലോകം കാത്തിരുന്ന ജി ടി 5 പ്രൊ (GT 5 Pro) സ്‌മാര്‍ട്ട് ഫോണ്‍ അടുത്തിടെയാണ് റിയല്‍മി പുറത്തിറക്കിയത്. ചൈനയില്‍ ജി ടി 5 പ്രൊയുടെ റിലീസിന് തൊട്ടുപിറകെ കമ്പനി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് റിയല്‍മി 12 സീരീസിലാണ് (Realme 12 Pro and Pro plus Indian launch).
ഇടത്തരം സ്‌മാര്‍ട്ട് ഫോണ്‍ സീരീസില്‍പ്പെട്ട ഇത് ഏറെ ജനപ്രിയമാകുമെന്നാണ് പ്രതീക്ഷ. ഈ സീരീസില്‍ രണ്ട് മോഡലുകളാണ് റിലീസിന് തയ്യാറായിരിക്കുന്നത്. റിയല്‍മി 12 പ്രൊയും റിയല്‍ മി 12 പ്രൊ പ്ലസും (Realme 12 series phones).
ഈ സീരീസിനെക്കുറിച്ചുള്ള കൂടുതല്‍ സ്പെസിഫിക്കേഷന്‍സ് ലഭ്യമല്ലെങ്കിലും ഈ രണ്ട് മോഡലുകള്‍ക്കും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. റിയല്‍മി 12 പ്രൊയ്ക്ക് RMX 3842 എന്ന മോഡല്‍ നമ്പറിലാണ് ബി ഐ എസ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരിക്കുന്നത്. റിയല്‍മി 12 പ്രൊ പ്ലസിന് RMX 3840 എന്ന മോഡല്‍ നമ്പറിലാണ് ബി ഐ എസ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്.
ഇവ രണ്ടിനും ഡിസംബര്‍ എട്ടിന് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചെന്നാണ് ഗിസ്മോ ചൈന റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും നൂതനമായ ക്വാല്‍കോമിന്‍റെ മിഡ്റേഞ്ച് ചിപ്പുകള്‍ ആണ് റിയല്‍മി 12 സീരീസില്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് സൂചന. ക്വാല്‍കോമിന്‍റെ ഇടത്തരം വിഭാഗത്തില്‍പ്പെട്ട സ്‌നാപ് ഡ്രാഗണ്‍ 7 ജനറേഷന്‍ 3 ചിപ്പുകളാണ് റിയല്‍മി 12 സീരീസില്‍പ്പെട്ട മൂന്ന് മൊബൈല്‍ മോഡലുകള്‍ക്കും കരുത്ത് പകരുന്നതെന്നാണ് സൂചന.
റിയല്‍മി 12 പ്രൊയിലെ ക്യാമറയെക്കുറിച്ചും ചില സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. 64 മെഗാപിക്‌സല്‍ പെരിസ്കോപ്പ് ടെലിഫോട്ടോ സെന്‍സറോട് കൂടിയ ക്യാമറകളാണ് റിയല്‍മി 12 പ്രൊ പ്ലസിലുളളത്. ഇത്തരം മൊബൈലുകളില്‍ 3 x ഒപ്റ്റിക്കല്‍ സൂം സാധ്യമാകുമെന്നാണ് പ്രതീക്ഷ. റിയല്‍മി 12 പ്രൊയില്‍ 2 x ഒപ്റ്റിക്കല്‍ സൂം ഒപ്ഷനുള്ള സോണി IMX 709 സെന്‍സറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നും വിവരമുണ്ട്.
റിയല്‍മി 12 സ്‌മാര്‍ട്ട് ഫോണുകളുടെ വില 23,000 മുതല്‍ ആയിരിക്കും എന്നാണ് പ്രതീക്ഷ (Realme 12 series phone price in India). ചൈനയില്‍ ഇവ പുറത്തിറക്കിയപ്പോള്‍ വില 2000 ചൈനീസ് യുവാന്‍ അഥവാ 23,000 ഇന്ത്യന്‍ രൂപയായിരുന്നു. അതുകൊണ്ടുതന്നെ 23,000 രൂപ മുതല്‍ റിയല്‍മി 12 സീരീസ് സ്‌മാര്‍ട്ട് ഫോണുകള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
തൊട്ടുമുമ്പ് ഇന്ത്യയില്‍ ഇറക്കിയ റിയല്‍മി 11 മോഡലിന്‍റെ സ്റ്റാര്‍ട്ടിങ് പ്രൈസ് 18,999 രൂപയായിരുന്നു. റിയല്‍മി 11 പ്രൊയ്ക്ക് 23999 രൂപയും പ്രൊ പ്ലസിന് 27,999 രൂപയുമായിരുന്നു വില. റിയല്‍മി 12 സീരീസില്‍ വനിലാ മോഡല്‍ കൂടി ഉടന്‍ തയാറാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.