ന്യൂഡൽഹി: ഗൂഗിളിന് 1,337.76 കോടി രൂപ പിഴ ചുമത്തി കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ. ആൻഡ്രോയിഡ് മൊബൈൽ വിപണിയിലെ മേൽക്കോയ്‌മ ഗൂഗിൾ ദുരുപയോഗം ചെയ്‌തതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അന്യായമായ ബിസിനസ് രീതികൾ അവസാനിപ്പിക്കാനും കോമ്പറ്റീഷൻ കമ്മിഷൻ ഗൂഗിളിനോട് നിർദേശിച്ചു.
ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ സമയബന്ധിതമായി മാറ്റം വരുത്താൻ ഗൂഗിളിനോട് കമ്മിഷൻ നിർദേശിച്ചു. രാജ്യത്തെ ആൻഡ്രോയിഡ് അധിഷ്‌ഠിത സ്‌മാർട്ട്ഫോൺ ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് 2019 ഏപ്രിലിൽ കോമ്പറ്റീഷൻ കമ്മിഷൻ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിൽ അന്വേഷണം പൂർത്തിയായ ശേഷമാണ് ഗൂഗിളിന് പിഴ ചുമത്തിയത്.
സ്‌മാർട്ട്‌ഫോണുകളുടെയും ടാബ്‌ലെറ്റുകളുടെയും യഥാർഥ ഉപകരണ നിർമാതാക്കൾ (OEM) ഇൻസ്റ്റാൾ ചെയ്‌ത ഒരു ഓപ്പൺ സോഴ്‌സ് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമാണ് ആൻഡ്രോയിഡ്.
മൊബൈൽ ആപ്ലിക്കേഷൻ വിതരണ കരാർ (MADA), ആന്റി ഫ്രാഗ്മെന്റേഷൻ എഗ്രിമെന്റ് (AFA) എന്നീ കരാറുകളുമായി ബന്ധപ്പെട്ടതാണ് ഗൂഗിളിനെതിരെയുള്ള അന്യായമായ ബിസിനസ് രീതികളുടെ ആരോപണങ്ങൾ. അൺ-ഇൻസ്റ്റാൾ ചെയ്യാനുള്ള ഓപ്ഷനില്ലാതെ, MADAയുടെ കീഴിലുള്ള മുഴുവൻ ഗൂഗിൾ മൊബൈൽ സ്യൂട്ടിന്‍റെയും (GMS) നിർബന്ധിത പ്രീ-ഇൻസ്റ്റാളേഷൻ, ഗൂഗിളിന്‍റെ മേൽക്കോയ്‌മ ഉപകരണ നിർമാതാക്കളുടെ മേൽ അന്യായമായ വ്യവസ്ഥകൾ ചുമത്തൽ എന്നിവ കോമ്പറ്റീഷൻ നിയമത്തിന് വിരുദ്ധമാണെന്ന് സിസിഐ പറയുന്നു.
ഇവ യഥാർഥ ഉപകരണ നിർമാതാക്കളിൽ ഗൂഗിൾ ചുമത്തുന്ന അനുബന്ധ ബാധ്യതകളാണെന്നും അതിനിൽ നിയമത്തിന്റെ സെക്ഷൻ 4(2)(d) ന് വിരുദ്ധമാണെന്നും സിസിഐ കൂട്ടിച്ചേർത്തു. മേൽക്കോയ്‌മ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് കോമ്പറ്റീഷൻ ആക്‌ടിലെ സെക്ഷൻ 4. ഓൺലൈൻ സെർച്ച് മാർക്കറ്റിൽ ഗൂഗിൾ ആധിപത്യം നിലനിർത്തി, മറ്റ് സമാന ആപ്പുകളുടെ പ്രവർത്തനം പരിമിതപ്പെടുത്തി, സെർച്ച് മാർക്കറ്റിൽ സ്ഥാനം നിലനിർത്തുന്നതിന് മേൽക്കോയ്‌മ ദുരുപയോഗം ചെയ്‌തുവെന്നും സിസിഐ കണ്ടെത്തി.