പാസ്‌വേഡ് ഷെയറിങ്ങിന് തടയിടാന്‍ പുതിയ ഫീച്ചറുമായി നെറ്റ്ഫ്ലിക്‌സ്. ഇതിനായി 'പ്രൊഫൈൽ ട്രാൻസ്‌ഫർ' ഫീച്ചര്‍ പ്രഖ്യാപിച്ചു. പ്രീമിയം സബ്‌സ്ക്രിപ്‌ഷനുകള്‍ എടുക്കുന്നവര്‍ പണമീടാക്കിയും അല്ലാതെയും അവരുടെ അക്കൗണ്ടുകള്‍ ഷെയര്‍ ചെയ്യുന്നത് വര്‍ധിച്ചതോടെയാണ് പാസ്‌വേഡ് ഷെയറിങ് തടയിടാനുള്ള നെറ്റ്‌ഫ്ലിക്‌സിന്‍റെ നീക്കം.
പുതിയ ഫീച്ചര്‍ പ്രകാരം ബേസിക്, സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം പ്ലാനുകളുടെ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് അവരുടെ അക്കൗണ്ട് പങ്കിടുന്ന ആളുകളെ ഒരു പുതിയ അക്കൗണ്ടിലേക്കോ അല്ലെങ്കില്‍ ഒരു അധിക അംഗത്തിന്‍റെ ഉപ അക്കൗണ്ടിലേക്കോ പ്രൊഫൈല്‍ വിവരങ്ങള്‍ കൈമാറാം. ഇത്തരത്തില്‍ നെറ്റ്‌ഫ്ലിക്‌സില്‍ അംഗത്വമെടുക്കുമ്പോള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് അവരുടെ വ്യൂവിങ് ഹിസ്റ്ററി, മൈ ലിസ്റ്റ്, സേവ്‌ഡ് ഗെയിം എന്നിവയെ പുതിയ അക്കൗണ്ടിലേക്ക് മാറ്റാനാവുമെന്നും കമ്പനി പറയുന്നു.
പുതിയ ഫീച്ചര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഉപയോക്താക്കള്‍ പ്രൊഫൈല്‍ ട്രാന്‍സ്‌ഫര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് മെയില്‍ വഴി പ്രെഫൈല്‍ ഷെയര്‍ ചെയ്യാന്‍ ശ്രമിച്ചതായി വിവരങ്ങള്‍ ലഭിക്കും. അതുകൊണ്ട് അത്തരം ശ്രമങ്ങള്‍ വിഫലമാകും.
കമ്പനി ആറ് മാസം മുമ്പ് പ്രഖ്യാപിച്ച 'ബേസിക് വിത്ത് ആഡ്‌സ്' സ്ട്രീമിങ് പ്ലാൻ നവംബര്‍ മൂന്നിന് പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. പരസ്യ ദാതാക്കാള്‍ക്ക് ആവേശകരമായ രീതിയിലാണ് നെറ്റ്ഫ്ലിക്‌സ് പ്ലാന്‍ തയ്യാറാക്കുന്നത്. പദ്ധതി ലോഞ്ച് ചെയ്യുമ്പോള്‍ പരസ്യങ്ങള്‍ 15 മുതല്‍ 30 സെക്കന്‍ഡ് വരെ ദൈർഘ്യമുള്ളതായിരിക്കും.
നെറ്റ്‌ഫ്ലിക്‌സില്‍ ഷോകളും സിനിമകളും കാണുന്നതിനിടയിലോ അതിന് മുമ്പോ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടും. പരസ്യം നല്‍കുന്ന കമ്പനികള്‍ക്ക് അവരുടെ ബ്രാൻഡുമായി പൊരുത്തപ്പെടാത്ത രീതിയിലാണ് പരസ്യങ്ങള്‍ ദൃശ്യമാകുന്നതെങ്കില്‍ അത് തടയാനും സാധിക്കുമെന്ന് കമ്പനി പറയുന്നു.