ന്യൂഡൽഹി: ജനപ്രിയ സ്ട്രീമിങ് സേവനമായ നെറ്റ്ഫ്ലിക്‌സ് തങ്ങളുടെ ഗെയിമിങ് പ്ലാറ്റ്ഫോമിലേക്കായുള്ള പുതിയ ഗെയിമുകൾ പ്രഖ്യാപിച്ചു. ജനപ്രീയ പരമ്പരകളായ ദി ക്വീൻസ് ഗാംബിറ്റ്, ഷാഡോ ആൻഡ് ബോൺ, ടൂ ഹോട്ട് ടു ഹാൻഡിൽ, മണി ഹീസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ടാണ് ഗെയിമുകൾ പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ 22 ഗെയിമുകളാണ് നെറ്റ്‌ഫ്ലിക്‌സ് വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ ഈ വർഷം അവസാനത്തോടെ 50 ഗെയിമുകൾ ഉൾപ്പെടുത്താനാണ് നെറ്റ്‌ഫ്ലിക്‌സ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഗീക്ക്ഡ് വീക്ക് ഇവന്‍റിലാണ് പുതിയ ഗെയിമുകളുടെ ഫസ്റ്റ് ലുക്ക് കമ്പനി അനാച്‌ഛാദനം ചെയ്‌തത്. '2022 അവസാനത്തോടെ ഞങ്ങളുടെ നിലവിലെ ഗെയിമുകളുടെ എണ്ണം 50 ആയി ഉയരും. നിങ്ങളുടെ പ്രിയപ്പെട്ട നെറ്റ്ഫ്ലിക്‌സ് സീരീസുകളായ മണി ഹീസ്റ്റ്, ദി ക്വീൻസ് ഗാംബിറ്റ് തുടങ്ങിയവയുടെ ഗെയിമുകളുടെ ലോകത്തേക്ക് ചുവടുവെയ്‌ക്കാൻ തയ്യാറാകൂ, കമ്പനി പറഞ്ഞു.
പുതുതായി അവതരിപ്പിച്ച ഗെയിമുകൾ
ഡ്രാഗണ്‍ എയ്‌ജ്; അബ്‌സൊല്യൂഷൻ: നെറ്റ്ഫ്ലിക്‌സിൽ പുറത്തിറങ്ങുന്ന ആനിമേറ്റഡ് സീരീസിന്‍റെ വീഡിയോ ഗെയിമാണിത്.
ഷാഡോ ആൻഡ് ബോൺ; ഡെസ്റ്റിനീസ്: ആരാധകരുടെ പ്രിയപ്പെട്ട സീരീസിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ സിംഗിൾ-പ്ലെയർ മൊബൈൽ ഗെയിമാണിത്.
മണി ഹീസ്റ്റ് പരമ്പരയെ അടിസ്ഥാനമാക്കിയുള്ള ഒരു സിംഗിൾ പ്ലെയർ ആക്‌ഷൻ അഡ്വഞ്ചർ ഗെയിമാണിത്. സേഫുകൾ തകർത്ത് പൂട്ടുകൾ എടുത്തശേഷം മൊണാക്കോയിലെ ഒരു കാസിനോ കൊള്ളയടിക്കാൻ പോകുന്നതാണ് ഗെയിം.
ക്വീൻസ് ഗാംബിറ്റ് ചെസ്സ് : ഇതിൽ നിങ്ങൾക്ക് ചെസ്സും, പസിലുകളും കളിക്കാനും സുഹൃത്തുക്കളുമായോ ഓൺലൈൻ എതിരാളികളുമായോ മത്സരിക്കാനും സാധിക്കുന്നു.
ഗെയിമിങ്ങ് മേഖലയിലേക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ലോകപ്രശസ്‌ത സീരീസുകളായ സ്‌ട്രേഞ്ചർ തിംഗ്‌സ്, വാക്കിംഗ് ഡെഡ് എന്നിവയുടെ ഗെയിമുകളുടെ ഡെവലപ്പർ ആയ ഫിൻലാൻഡ് ആസ്ഥാനമായുള്ള നെക്സ്റ്റ് ഗെയിമുകളെ 72 മില്യൺ ഡോളറിന് നെറ്റ്ഫ്ലിക്‌സ് അടുത്തിടെ ഏറ്റെടുത്തിരുന്നു.
കൂടാതെ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വീഡിയോ ഗെയിം സ്രഷ്‌ടാക്കളായ നൈറ്റ് സ്കൂൾ സ്റ്റുഡിയോയേയും നെറ്റ്‌ഫ്ലിക്‌സ് ഏറ്റെടുത്തിരുന്നു.