'ഭൂഗോളത്തിന്‍റെ സ്‌പന്ദനം കണക്കിലാണ്, വിത്തൗട്ട് മാത്തമാറ്റിക്‌സ് ഭൂമി വെറുമൊരു വട്ടപ്പൂജ്യം'. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്‌ഫടികം എന്ന ചിത്രത്തില്‍ 'ചാക്കോമാഷ്' പറഞ്ഞുവച്ച വാക്കുകളാണിത്. ഈയൊരു ഡയലോഗ് ഒരിക്കലെങ്കിലും പറയാത്ത മലയാളികള്‍ കുറവായിരിക്കും. ദൈനംദിന ജീവിതത്തില്‍ 'ഗണിതം' പല രൂപത്തിലാണ് നമ്മളിലൂടെ കടന്നുപോകുന്നത്.
മനുഷ്യ ജീവിതത്തില്‍ ഇത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്ന ഗണിതത്തെ ഓര്‍ത്തെടുക്കാനും അതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളര്‍ത്താനുമായി ഒരു ദിനമുണ്ട്. അതാണ്, എല്ലാ ഡിസംബര്‍ 22നും ദേശീയ ഗണിത ദിനമായി (National Mathematics Day) ആചരിക്കുന്നത്. രാജ്യം കണ്ട എക്കാലത്തെയും പ്രഗത്ഭനായ ഗണിതശാസ്‌ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്‍റെ (Srinivasa Ramanujan) ജന്മദിനത്തിന്‍റെ സ്‌മരണാര്‍ഥമാണ് എല്ലാ വര്‍ഷവും ഈ ദിവസം ദേശീയ ഗണിത ദിനമായി ആചരിക്കുന്നത്.
പലരെയും അതിശയിപ്പിക്കുന്ന കഥകളാണ് ഇന്ത്യന്‍ ഗണിത ശാസ്ത്രത്തിന് പറയാനുണ്ടാകുക. എന്നാല്‍, അതില്‍ നിന്നും വേറിട്ടൊരു കഥയാണ് ശ്രീനിവാസ രാമാനുജന്‍റേത്. ഗണിത ശാസ്‌ത്രത്തിന് ഇന്ത്യ എന്ന രാജ്യം നല്‍കിയ പകരംവയ്‌ക്കാനില്ലാത്ത സംഭാവനയാണ് രാമാനുജന്‍.
1887ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡന്‍സിയിലുള്ള ഈറോഡിലെ ഒരു കുഞ്ഞുഗ്രാമത്തില്‍ ജനിച്ച കുട്ടി. തന്‍റെ 15-ാം വയസില്‍ സിനോപ്‌സിസ് ഓഫ് എലിമെന്‍ററി റിസൾട്‌സ് ഇൻ പ്യുവർ ആൻഡ് അപ്ലൈഡ് മാത്തമാറ്റിക്‌സ് (Synopsis of Elementary Results in Pure and Applied Mathematics) എന്ന ജോർജ്ജ് കാറിന്‍റെ (George Shoobridge Carr) പുസ്‌തകം വായിക്കുന്നു. ആ പുസ്‌തകത്തിലൂടെയാണ് ശ്രീനിവാസ രാമാനുജന്‍ ഗണിതത്തിന്‍റെ മാന്ത്രിക വലയത്തിനുള്ളില്‍ അകപ്പെട്ടത്. ജോർജ്ജ് കാറിന്‍റെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കായി രാമാനുജന്‍ തലപുകഞ്ഞ് ആലോചിച്ചു. ഉത്തരങ്ങളിലേക്ക് എത്താന്‍ പുതിയ വഴികള്‍ തേടി.
1903ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ സ്കോളര്‍ഷിപ്പോടെ പ്രവേശനം. എന്നാല്‍, അവിടെ രാമാനുജന്‍ ശ്രദ്ധ നല്‍കിയത് കണക്കിന്‍റെ കാര്യത്തില്‍ മാത്രമായിരുന്നു. ഇതോടെ, മറ്റ് വിഷയങ്ങളും തോറ്റ് സ്കോളര്‍ഷിപ്പും നഷ്‌ടമായി.
എന്നാല്‍, പ്രശസ്‌തനായ ബ്രിട്ടീഷ് ഗണിതശാസ്‌ത്രജ്ഞന്‍ ഹാര്‍ഡിയുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ രാമാനുജനായി. ഹാര്‍ഡി രാമാനുജനെ ലണ്ടനിലെത്തിച്ചു. അവിടയുള്ളവര്‍ക്ക് മുന്നിലും ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞന്‍ അത്ഭുതമായി.
ചുരുങ്ങിയ കാലം കൊണ്ട് ബൃഹത്തായ സംഭാവനകളാണ് ശ്രീനിവാസ രാമാനുജന്‍ ഗണിതശാസ്‌ത്ര ലോകത്തിന് സമ്മാനിച്ചത്. അനന്തമായ ശ്രേണികൾ (Infinite Series), സംഖ്യാ സിദ്ധാന്തം (Number Theory), തുടർച്ചയായ ഭിന്നസംഖ്യകൾ (Continuing Fraction), ഗെയിം സിദ്ധാന്തം (Game Theory), മോഡുലാർ രൂപങ്ങൾ (Modular Forms) തുടങ്ങിയ നിരവധി സംഭാവനകള്‍.
33 വയസ് വരെ മാത്രമായിരുന്നു രാമാനുജന്‍റെ ആയുസിന്‍റെ ദൈര്‍ഘ്യം. ഈ കാലയളവ് കൊണ്ട് തന്നെ അദ്ദേഹം ബ്രിട്ടണിലെ റോയല്‍ സൊസൈറ്റി അംഗത്വവും നേടിയെടുത്തു. ക്ഷയരോഗ ബാധിതനായ ശ്രീനിവാസ രാമാനുജന്‍ 1920 ഏപ്രില്‍ 26ന് മരണത്തിന് കീഴടങ്ങി.