വാഷിങ്‌ടൺ : പ്രപഞ്ചമുണ്ടായതിന്‍റെ പൊരുള്‍ തേടിയുള്ള നാസയുടെ ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്‌കോപ്പിന്‍റെ (James Webb Space Telescope) ബഹിരാകാശ ദൗത്യം ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് ലോകം ഉറ്റുനോക്കുന്നത്. നിർണായകമായ ഒരു ഘട്ടം കൂടി പൂർത്തിയാക്കിയിരിക്കുകയാണ് വെബ്ബ് ഇപ്പോള്‍.
ടെലിസ്കോപ്പിന്‍റെ 21 അടി നീളമുള്ള പ്രൈമറി മിറർ പൂർണമായും വിന്യസിച്ചു. ഒറിഗാമി രീതിയിൽ അഞ്ച് മടക്കുകളായി അയച്ച സൺഷീൽഡാണ് പൂർണമായും വിടർന്നത്. പ്രൈമറി മിറർ പൂർണമായും വിന്യസിക്കുക എന്നത് ടെലിസ്കോപ്പിന്‍റെ പ്രവർത്തനത്തിന് ഏറെ അത്യന്താപേക്ഷിതമായിരുന്നു.
സൗരയൂഥത്തിനുള്ളിൽ നിന്ന് ഏറ്റവും വിദൂരമായി നിരീക്ഷിക്കാൻ കഴിയുന്ന ആദ്യകാല ഗാലക്സികൾ ഉൾപ്പടെ പ്രപഞ്ച ചരിത്രത്തിന്‍റെ എല്ലാ ഘട്ടങ്ങളും ജെയിംസ് വെബ്ബ് ദൗത്യം പര്യവേക്ഷണം ചെയ്യുമെന്ന് നാസ അറിയിച്ചു. ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി അഭൂതപൂർവമായ ഒരു ദൗത്യമാണ്. ഇതിനകം കൈവരിച്ച ഓരോ നേട്ടവും ഭാവിയിൽ കൈവരിക്കാനിരിക്കുന്ന നേട്ടങ്ങളും ഈ ദൗത്യത്തിനായി തങ്ങളുടെ ജീവിതം മാറ്റിവച്ച ആയിരക്കണക്കിന് എഞ്ചിനീയർമാരുടെ അഭിനിവേശത്തിന്‍റെ തെളിവുകളാണെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു.
നേരത്തെ പ്രൈമറി മിററിന്‍റെ രണ്ട് ചിറകുകൾ അരിയാനെ 5 റോക്കറ്റിനുള്ളിൽ മടക്കിവച്ചാണ് വിക്ഷേപിച്ചത്. തുടർന്ന് മറ്റ് നിർണായക ബഹിരാകാശ പേടകങ്ങളുടെ വിന്യാസങ്ങൾക്ക് ശേഷം, പ്രൈമറി മിററിന്‍റെ ഷഡ്ഭുജാകൃതിയിലുള്ള ഭാഗങ്ങൾ വെബ്ബ് ടീം വിടർത്താൻ തുടങ്ങി. ഇതൊരു ബഹുദിന പ്രക്രിയയായിരുന്നു. ആദ്യ വശം ജനുവരി ഏഴിനും രണ്ടാമത്തേത് ജനുവരി എട്ടിനുമാണ് വിന്യസിച്ചത്.
പ്രൈമറി മിറർ പൂർണമായും വിടർത്തിയതോടെ, അതിന്‍റെ ഒപ്‌റ്റിക്‌സിനെ വിന്യസിക്കുന്നതിനായി 18 പ്രൈമറി മിറർ സെഗ്‌മെന്‍റുകൾ നീക്കാൻ തുടങ്ങും. ഭൂമിയിൽ ഇരുന്നുകൊണ്ട് ഗ്രൗണ്ട് ടീം, സെഗ്‌മെന്‍റുകളുടെ പിൻവശത്തുള്ള 126 ആക്യുവേറ്ററുകൾക്ക് ഓരോ മിററും വിടർത്താനുള്ള കമാൻഡുകൾ നൽകും. ഇത് പൂർത്തിയാക്കാൻ മാസങ്ങൾ വേണ്ടിവരും.
READ MORE:പ്രപഞ്ച രഹസ്യം തേടി 'ജെയിംസ് വെബ്ബ്' പുറപ്പെട്ടു ; വിക്ഷേപണം വിജയം
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും യൂറോപ്യൻ, കനേഡിയൻ സ്പേസ് ഏജൻസികളും ചേർന്നാണ് ടെലിസ്കോപ് വികസിപ്പിച്ചത്. 10 ബില്യണ്‍ ഡോളര്‍ ചിലവിട്ട പദ്ധതി 30 വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. നിലവില്‍ ജയിംസ് വെബ്ബ് ദൂരദര്‍ശിനി ബഹിരാകാശ ശൂന്യതയില്‍ 8,47,000 കിലോമീറ്ററിലധികം പറന്നുകഴിഞ്ഞു. അതിന്‍റെ യാത്രയുടെ 58 ശതമാനം പിന്നിട്ടതായാണ് റിപ്പോര്‍ട്ട്. ഇത് ദൂരദര്‍ശിനിയുടെ രണ്ടാമത്തെ ലഗ്രാഞ്ച് പോയിന്റിലേക്കുള്ള (L2) യാത്രയാണ്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്‍റെ ഏകദേശം നാല് മടങ്ങ് അകലമാണ് ഇത്.
കഴിഞ്ഞ മാസമാണ് ഫ്രഞ്ച് ഗയാനയിലെ കോറോ ബഹിരാകാശ പോർട്ടിൽ നിന്നും യൂറോപ്യൻ സ്‌പേസ് ഏജന്‍സിയുടെ അരിയാനെ 5 റോക്കറ്റിൽ ദൂരദര്‍ശിനി വിക്ഷേപിച്ചത്. ബഹിരാകാശത്തേക്ക് ഇതുവരെ വിക്ഷേപിച്ചതിൽ വച്ച് ഏറ്റവും വലുതും സങ്കീർണവുമാണ് ഈ ദൂരദർശിനി.
13.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് മഹാവിസ്ഫോടനത്തിന് (Big Bang) തൊട്ടുപിന്നാലെ പ്രപഞ്ചത്തിലുണ്ടായ ഇരുട്ടിനെ അവസാനിപ്പിച്ച ആദ്യകാല നക്ഷത്രസമൂഹങ്ങളെ കണ്ടെത്തുക, സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളിലെ ജീവന്‍റെ തെളിവുകള്‍ കണ്ടെത്തുക, താരാപഥങ്ങളുടെ കേന്ദ്രങ്ങളിലെ തമോഗര്‍ത്തങ്ങള്‍ പരിശോധിക്കുക, സൗരയൂഥത്തിന് അടുത്തുള്ള ഉപഗ്രഹങ്ങളിൽ തണുത്തുറഞ്ഞ സമുദ്രങ്ങളെ കുറിച്ച് പഠിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ദൗത്യമായിട്ടാണ് ജെയിംസ് വെബ്ബ് കണക്കാക്കപ്പെടുന്നത്.