വെല്ലിങ്‌ടണ്‍ : നാസയുടെ ചന്ദ്രനിലേക്കുള്ള ഉപഗ്രഹം ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥം കടന്നു. മനുഷ്യനെ ചന്ദ്രനില്‍ വീണ്ടും എത്തിക്കുക എന്ന നാസയുടെ പദ്ധതിയുടെ ഭാഗമാണ് ഈ ഉപഗ്രഹ വിക്ഷേപണം. ന്യൂസിലാന്‍ഡിലെ മഹിയ ഉപഭൂഖണ്ഡത്തില്‍ ജൂണ്‍ 28നാണ് വിക്ഷേപണം നടന്നത്. നാസയ്‌ക്ക് വേണ്ടി റോക്കറ്റ് ലാബ് എന്ന കമ്പനിയാണ് ചെറിയ ഇലക്ട്രോണിക് റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപണം നടത്തിയത്.
വളരെ കുറഞ്ഞ ഊര്‍ജം ഉപയോഗപ്പെടുത്തിയാണ് ഇതിന്‍റെ പ്രയാണം. നാല് മാസമെടുക്കും ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് എത്താന്‍. രണ്ടര വര്‍ഷമെടുത്താണ് ഈ ദൗത്യത്തിന്‍റെ പദ്ധതി തയ്യാറാക്കിയതെന്നും ഇത് നടപ്പില്‍ വരുത്തുക വളരെ ദുഷ്‌കരമായിരുന്നുവെന്നും റോക്കറ്റ് ലാബ് സ്ഥാപകന്‍ പീറ്റര്‍ ബെക്ക് പറഞ്ഞു. ചെലവ് കുറഞ്ഞ ബഹിരാകാശ പര്യവേഷണത്തിന് ഈ ദൗത്യം തുടക്കം കുറിച്ചിരിക്കുകയാണ്.
ഈ ദൗത്യത്തിന്‍റെ ചെലവ് 32.7 ദശലക്ഷം യുഎസ് ഡോളറാണ്. ഇത്തരമൊരു ദൗത്യം പരിഗണിക്കുമ്പോള്‍ ഇത് വളരെ കുറഞ്ഞ ചെലവാണ്. കുറഞ്ഞചെലവില്‍ ബഹിരാകാശവാഹനവും അതിനെ വിക്ഷേപിക്കാനുള്ള റോക്കറ്റും നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യയാണ് റോക്കറ്റ് ലാബ് വികസിപ്പിച്ചെടുത്തത്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ബഹിരാകാശ പര്യവേഷണത്തിന്‍റെ ചെലവ് വലിയ രീതിയില്‍ കുറയുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
ഉപഗ്രഹത്തിന്‍റെ ഭ്രമണപഥത്തിന് പ്രത്യേകതകള്‍ ഏറെ : ഇതുവരെ ഒരു ഉപഗ്രഹവും സ്വീകരിക്കാത്ത പ്രത്യേകമായ ഭ്രമണപഥമായിരിക്കും ചന്ദ്രന് ചുറ്റും ഈ ഉപഗ്രഹം സ്വീകരിക്കുക. നിയര്‍-റെക്‌റ്റിലീനിയര്‍ ഹാലോ ഓര്‍ബിറ്റ് എന്നാണ് ഈ ഭ്രമണപഥത്തെ വിളിക്കുക. ഒരു മുട്ടയുടെ ആകൃതി വലിച്ചുനീട്ടിയാലുള്ളതുപോലെയാണ് ഇത്.
ഉപഗ്രഹം ഈ ഭ്രമണപഥത്തിന്‍റെ ഒരറ്റത്ത് എത്തുമ്പോള്‍ ചന്ദ്രന്‍റെ ഏറ്റവും അടുത്തും മറ്റൊരു അറ്റത്ത് എത്തുമ്പോള്‍ ഏറ്റവും അകലെയും വരും. ഈ ഭ്രമണപഥത്തിന്‍റെ പ്രത്യേകത കാരണം ചന്ദ്രനില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും ഭൂമിയില്‍ എത്തിക്കാനും സാധിക്കും. ഈ ഭ്രമണപഥത്തിന്‍റെ മറ്റൊരു നേട്ടം ഊര്‍ജം വളരെക്കുറച്ച് മാത്രമേ ഉപഗ്രഹത്തിന് ഉപയോഗിക്കേണ്ടതുള്ളൂ എന്നാണ്. കൂടാതെ ഭൂമിയുമായി ഉപഗ്രഹത്തിന് നിരന്തരമായി ബന്ധം സ്ഥാപിക്കാനും കഴിയും.
ബഹിരാകാശ വാഹനത്തിന്‍റെ പ്രത്യേകത : ഫോട്ടോണ്‍ എന്ന ബഹിരാകാശ വാഹനത്തിനുള്ളിലാണ് ഉപഗ്രഹത്തെ വിന്യസിച്ചത്. വിക്ഷേപണം നടത്തി 8 മിനിട്ടിന് ശേഷം ഫോട്ടോണ്‍ റോക്കറ്റില്‍ നിന്ന് വേര്‍പെടും. ഫോട്ടോണിലെ ജ്വലനം ഉപഗ്രഹത്തെ ഓരോ ഘട്ടത്തിലും ഭൂമിയുടെ കൂടുതല്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചു. ഫോട്ടോണിലുണ്ടായ അവസാനത്തെ ജ്വലനമാണ് ഭൂമിയുടെ ആകര്‍ഷണ വലയം ഭേദിക്കാന്‍ ഉപഗ്രഹത്തെ പ്രാപ്‌തമാക്കിയത്.
ഫോട്ടോണിന്‍റെ ദൗത്യം ഇതോടെ അവസാനിച്ചു. ഫോട്ടോണിന്‍റെ ടാങ്കില്‍ ഇനിയും ഇന്ധനം ബാക്കിയുണ്ടെന്നും അതുകൊണ്ട് തന്നെ മറ്റെന്തെങ്കിലും ദൗത്യത്തിന് ഉപയോഗിക്കണോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും റോക്കറ്റ് ലാബ് അധികൃതര്‍ പറഞ്ഞു.
25 കിലോയാണ് ഉപഗ്രഹത്തിനുള്ളത്. ചന്ദ്രനിലേക്കുള്ള പ്രയാണത്തിനായി കുറഞ്ഞ ഊര്‍ജം മാത്രമേ ഉപഗ്രഹം ഉപയോഗിക്കുകയുള്ളൂ. ഉപഗ്രഹം ചന്ദ്രന്‍റെ ചുറ്റുമുള്ള ഭ്രമണപഥത്തിന്‍റെ അപ്പുറത്തേക്കാണ് ആദ്യം കുതിക്കുക. പിന്നീട് ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് പതിക്കുകയാണ് ചെയ്യുക.