വാഷിങ്‌ടണ്‍: ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും എത്തിക്കാന്‍ പദ്ധതിയിടുന്ന നാസ ബഹിരാകാശ വാഹനം ഇറക്കുന്നതിനായി ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിനടുത്തുള്ള പതിമൂന്ന് മേഖലകള്‍ തെരഞ്ഞെടുത്തു. ആര്‍ട്ടെമിസ് എന്നാണ് യുഎസിന്‍റെ ബഹിരാകാശ ഏജന്‍സിയായ നാസ ഈ ദൗത്യത്തിന് നല്‍കിയിരിക്കുന്ന പേര്. പല നിര്‍ണായക ഘടകങ്ങളും പരിഗണിച്ചാണ് ഈ പതിമൂന്ന് മേഖലകള്‍ തെരഞ്ഞെടുത്തത്.
തെരഞ്ഞെടുത്ത ഈ പതിമൂന്ന് മേഖലകളിലും ബഹാരാകാശ വാഹനത്തിനായുള്ള ലാന്‍ഡിങ് പോയിന്‍റുകളും നിശ്ചയിച്ചിട്ടുണ്ട്. ആര്‍ട്ടിമിസ് ദൗത്യത്തിന്‍റെ ആദ്യഘട്ടത്തിന് ആര്‍ട്ടിമിസ് III എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ആര്‍ട്ടിമിസ് IIIന്‍റെ ഭാഗമായിട്ടുള്ള ബാഹിരാകാശ യാത്രിക സംഘത്തില്‍ ഒരു സ്‌ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട്.
ആര്‍ട്ടെമിസ് ദൗത്യത്തിന്‍റെ നിര്‍ണായക ചുവടുവെപ്പാണ് പര്യവേക്ഷണത്തിനുള്ള പ്രദേശങ്ങള്‍ തെരഞ്ഞെടുത്തതിലൂടെ ഉണ്ടായിരിക്കുന്നതെന്ന് നാസയുടെ ആർട്ടെമിസ് കാമ്പെയ്‌ൻ ഡെവലപ്‌മെന്റ് ഡിവിഷന്‍റെ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്‌മിനിസ്ട്രേറ്റർ മാർക്ക് കിരാസിച്ച് പറഞ്ഞു. ഇതിന് മുമ്പുള്ള മറ്റ് പര്യവേക്ഷണത്തില്‍ നിന്ന് വ്യത്യസ്‌തമായി ചന്ദ്രന്‍റെ ഇരുണ്ട പ്രദേശങ്ങളിലേക്ക് ആദ്യമായി ബഹിരാകാശ യാത്രികര്‍ പര്യവേക്ഷണം നടത്തും . കൂടാതെ ദീര്‍ഷ നേരം മനുഷ്യന്‍ ചന്ദ്രനില്‍ കഴിയുന്നതിന്‍റെ ആദ്യകാല്‍വെപ്പുമായിരിക്കും ഇതെന്നും മാർക്ക് കിരാസിച്ച് പറഞ്ഞു
ആർട്ടെമിസ് III ചന്ദ്രനില്‍ ഇറങ്ങുന്നതിനായി തെരഞ്ഞെടുത്ത പ്രദേശങ്ങള്‍ ഇവയാണ്: ഫൗസ്റ്റിനി റിം എ, പീക്ക് നിയർ ഷാക്കിൾട്ടൺ, കണക്റ്റിംഗ് റിഡ്‌ജ് , കണക്റ്റിംഗ് റിഡ്‌ജ് എക്സ്റ്റൻഷൻ, ഡി ഗെർലാഷെ റിം 1, ഡി ഗെർലാഷെ റിം 2, ഡി ഗെർലാഷെ-കോച്ചർ മാസിഫ്, ഹാവോർത്ത്, മലാപെർട്ട് മാസിഫ്, ലെയ്‌ബ്‌നിറ്റ്സ് ബീറ്റ പീഠഭൂമി, നോബിൽ റിംസ് 1, നോബിൽ റിംസ് 2,ആമുണ്ട്സെൻ റിം.
ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിന്‍റെ ആറ് ഡിഗ്രി അക്ഷാംശത്തിനകത്താണ് ഈ പ്രദേശങ്ങള്‍ . എന്നാല്‍ ഇവ ഭൂമിശാസ്ത്രപരമായി വ്യത്യസ്‌ത സവിശേഷതകൾ ഉള്ളവയാണ്. പല പരിതസ്ഥിതികളില്‍ ബഹിരാകാശ വാഹനം ഇറക്കുന്നതിനുള്ള ലാന്‍ഡിങ് പോയിന്‍റുകള്‍ ഈ പ്രദേശങ്ങളിലുണ്ട്. അതുകൊണ്ട് തന്നെ ഏത് മാസത്തില്‍ വിക്ഷേപണം നടത്തിയാലും ബഹിരാകാശ വാഹനം ഇറക്കാനുള്ള അനുയോജ്യമായ ലാന്‍ഡിങ് പോയിന്‍റുകള്‍ ഈ മേഖലകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ലൂണാർ റിക്കണൈസൻസ് ഓർബിറ്ററിൽ നിന്നുള്ള ഡാറ്റയും ചന്ദ്രനെകുറിച്ചുള്ള മുന്‍കാല ഗവേഷണങ്ങളില്‍ നിന്നുള്ള വിവരങ്ങളും ഉപയോഗിച്ച് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവം വിശദമായി വിലയിരുത്തിയാണ് ശാസ്ത്രഞ്ജന്‍മാരും എഞ്ചിനീയർമാരുംഅടങ്ങുന്ന നാസയുടെ സംഘം ഈ മേഖലകള്‍ തെരഞ്ഞെടുത്തത്.
ലാന്‍ഡിങ് സമയത്തെ സുരക്ഷയും മേഖലകള്‍ തെരഞ്ഞെടുക്കുമ്പോള്‍ പരിഗണിച്ച കാര്യമാണ്. ഭൂമിയുമായുള്ള ആശയവിനിമയത്തിലെ എളുപ്പം, പ്രതലത്തിന്‍റെ ചരിവ്, പ്രകാശം തുടങ്ങിയവയാണ് സുരക്ഷയുമായി ബന്ധപ്പെട്ട് പരിഗണിച്ച പ്രധാന ഘടകങ്ങള്‍. സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റ്, ഓറിയോണ്‍ സ്പേസ് ക്രാഫ്റ്റ്, സ്പേസ് എക്സിന്‍റെ സ്റ്റാര്‍ഷിപ്പ് എന്നീ ലോഞ്ച് വെഹിക്കളുകളുടെ ശേഷിയും വിലയിരുത്തിയാണ് 13 പ്രദേശങ്ങളും തെരഞ്ഞെടുക്കപ്പെട്ടത്.
ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ പര്യവേക്ഷണം: തെരഞ്ഞെടുത്ത ഈ പ്രദേശങ്ങള്‍ ശാസ്ത്രീയമായും ഏറെ പ്രത്യേകതകള്‍ ഉള്ളവയാണ്. ഇതിന് കാരണം ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിന്‍റെ അടുത്താണ് ഈ പ്രദേശങ്ങള്‍ എന്നുള്ളതാണ്. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവം സ്ഥായിയായ നിഴല്‍ പ്രദേശമാണ്. ഈ പ്രദേശം ധാതുക്കളാല്‍ സമ്പന്നവുമാണ്. ഈ മേഖല ഇതുവരെ പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടില്ല.
"ഈ മേഖലകള്‍ പലതും ചന്ദ്രന്‍റെ പരിണാമത്തില്‍ ആദ്യഘട്ടത്തില്‍ രൂപപ്പെട്ടവയാണെന്ന് നാസയുടെ പ്ലാനറ്ററി സയന്‍സ് ഡിവിഷന്‍റെ അധ്യക്ഷ സാറ നോബിള്‍ പറഞ്ഞു . അതുകൊണ്ട് തന്നെ ചന്ദ്ര പരിണാമത്തെ കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ ലഭ്യമാകുമെന്നും സാറ പറഞ്ഞു.
ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്ത് മഞ്ഞ്കട്ടകള്‍ ഉണ്ടെന്ന് കണ്ടെത്തിയതാണ്. ദക്ഷിണധ്രുവത്തിനടുത്ത് ഇറങ്ങുന്നത് കൊണ്ട് ഇവയുടെ ആഴവും, പരപ്പുമൊക്കെ പഠിക്കാന്‍ ബഹിരാകാശ യാത്രികര്‍ക്ക് സാധിക്കും. 13 മേഖലകളിലും 6.5 ദിവസകാലയളവില്‍ തുടര്‍ച്ചയായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങള്‍ ഉണ്ട്. ബഹിരാകാശ സംഘം 6.5 ദിവസം ചന്ദ്രനില്‍ തങ്ങുക എന്നതാണ് ലക്ഷ്യം വെക്കുന്നത് . ദീര്‍ഘനേരം ചന്ദ്രനില്‍ കഴിയുമ്പോള്‍ പ്രകാശം ലഭിക്കുക എന്നുള്ളത് പ്രധാനമാണ്. താപത്തിലുണ്ടാകുന്ന വലിയ ചാഞ്ചാട്ടങ്ങള്‍ ഇതിലൂടെ ഒഴിവാകും. കൂടാതെ സൂര്യപ്രകാശത്തില്‍ നിന്ന് ഈ ദൗത്യത്തിന് വേണ്ടിയുള്ള ഊര്‍ജവും ലഭ്യമാകും.