ചെന്നൈ: ലോക സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ സയന്‍സ് സംസ്‌കൃത സിനിമയായ 'യാനം' സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനം ഓഗസ്‌റ്റ് 21ന് ചെന്നെയില്‍ നടന്നു. ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ.രാധാകൃഷ്‌ണന്‍, ചലചിത്ര നിര്‍മ്മാതാവ് രവി കൊട്ടാരക്കര തുടങ്ങിയവര്‍ ആദ്യ പ്രദര്‍ശനം കാണാനെത്തി. മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍റെ (എംഒഎം) മംഗള്‍യാന്‍റെ വിജയഗാഥയാണ് സിനിമയുടെ ഇതിവൃത്തം.
ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ രാധാകൃഷ്‌ണന്‍റെ മൈ ഒഡീസി: മെമോയേഴ്‌സ് ഓഫ് ദി മാൻ ബിഹൈയ്‌ഡ് ദ മംഗള്‍യാന്‍ മിഷന്‍ എന്ന പുസ്‌തകത്തെ അടിസ്ഥാനമാക്കിയാണ് 'യാനം' സിനിമ നിര്‍മിച്ചിരിക്കുന്നതെന്ന് സംവിധായകൻ വിനോദ് മങ്കര പറഞ്ഞു. മംഗള്‍യാന്‍ മിഷനില്‍ ഐ.എസ്.ആർ.ഒയുടെ സാധ്യതകളും അതിലെ ശാസ്‌ത്രജ്ഞരുടെ കഴിവുകളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് സിനിമയുടെ ലക്ഷ്യം. ആദ്യ ശ്രമത്തില്‍ തന്നെ ഇന്ത്യൻ ശാസ്‌ത്രജ്ഞർ എല്ലാ പരിമിതികളും മറികടന്ന് സങ്കീർണമായ ദൗത്യം വൻ വിജയമാക്കിയതെങ്ങനെയെന്ന് സിനിമയില്‍ വ്യക്തമാക്കുന്നുണ്ട്.
സിനിമ നിര്‍മിക്കുന്നതിന് ഐഎസ്ആർഒയുടെ പൂർണ പിന്തുണയുണ്ടായിരുന്നെന്നും വിനോദ് കൂട്ടിച്ചേര്‍ത്തു. സിനിമയിലെ തിരക്കഥയും സംഭാഷണങ്ങളും സംസ്‌കൃത ഭാഷയിലാണുള്ളത്. സംസ്‌കൃത ഭാഷയില്‍ വിനോദ് മങ്കര നിര്‍മിച്ച 'പ്രിയമാനസം' എന്ന സിനിമ നാഷണല്‍ അവാര്‍ഡിന് അര്‍ഹത നേടിയിരുന്നു.
കൂടാതെ 2015ലെ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ ഓഫ് ഇന്ത്യയുടെ ഫീച്ചര്‍ വിഭാഗത്തില്‍ ഇടം പിടിക്കാനും പ്രിയമാനസത്തിനായി. എവിഎ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എവി അനൂപാണ് യാനം നിർമ്മിച്ചിരിക്കുന്നത്.