ആംസ്റ്റര്‍ഡാം: ക്വാണ്ടം ഇന്‍റര്‍നെറ്റില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ശാസ്ത്രജ്ഞര്‍. ക്വാണ്ടം വിവരശകലങ്ങള്‍ ദൂരെയുള്ള കമ്പ്യൂട്ടറുകളില്‍ അയക്കാനുള്ള സാങ്കേതിക വിദ്യയില്‍ പുരോഗതി കൈവരിച്ചു. ക്വാണ്ടം മെക്കാനിക്‌സിന്‍റെ സാധ്യതകള്‍ ഉപയോഗിച്ച് പുതിയ കമ്പ്യൂട്ടര്‍ വികസിപ്പിക്കാനുള്ള ഊര്‍ജിതമായ ഗവേഷണം ലോകത്ത് നടന്നുക്കൊണ്ടിരിക്കുകയാണ്.
ക്വാണ്ടം കമ്പ്യൂട്ടറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ കമ്പ്യൂട്ടറുകള്‍ വെറും കളിപ്പാട്ടങ്ങളാണ്. സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ക്ക് ആയിരം വര്‍ഷങ്ങള്‍ വേണ്ടിവരുന്ന ഒരു ദൗത്യം ക്വാണ്ടം കമ്പ്യൂട്ടറുകള്‍ക്ക് മിനിട്ടുകള്‍കൊണ്ട് പൂര്‍ത്തികരിക്കാന്‍ സാധിക്കും! 2019ല്‍ ഗൂഗിള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ക്വാണ്ടം കമ്പ്യൂട്ടര്‍ അവതരിപ്പിച്ചിരുന്നു. ചൈനയിലും ക്വാണ്ടം കമ്പ്യൂട്ടറിന്‍റെ മാതൃകകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ക്വാണ്ടം കമ്പ്യൂട്ടറിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെങ്കില്‍ ക്വാണ്ടം ഇന്‍റര്‍നെറ്റ് സാങ്കേതികവിദ്യ അനിവാര്യമാണ്. അതായത് ദൂരെയുള്ള ക്വാണ്ടം കമ്പ്യൂട്ടറുകള്‍ തമ്മില്‍ വിവര കൈമാറ്റം സാധ്യമാവല്‍. നെതര്‍ലെൻഡിലെ ഡെല്‍ഫ്റ്റ് സാങ്കേതിക സര്‍വകലാശാലയിലെ ഭൗതിക ശാസ്‌ത്രജ്ഞര്‍ ക്വാണ്ടം ഇന്‍റര്‍നെറ്റില്‍ നിര്‍ണായക മുന്നേറ്റം നടത്തിയിരിക്കുകയാണ്.
ക്വാണ്ടം ടെലിപോര്‍ട്ടേഷന്‍ എന്ന സാങ്കേതിക ഉപയോഗിച്ചാണ് ഈ നിര്‍ണായക ചുവട് വയ്പ്പ് നടത്തിയിരിക്കുന്നത്. ഈ സാങ്കേതിക വിദ്യയിലൂടെ മൂന്ന് ഭൗതിക സ്ഥാനങ്ങളിലേക്ക് ക്വാണ്ടം ഡാറ്റ അയക്കാനുള്ള ശേഷി കൈവരിച്ചിരിക്കുകയാണ് ശാസ്‌ത്രജ്ഞര്‍. ഇതുവരെ രണ്ട് സ്ഥാനങ്ങളിലേക്ക് മാത്രമെ ക്വാണ്ടം ഡാറ്റ അയക്കാന്‍ സാധിച്ചിരുന്നുള്ളൂ.
ക്വാണ്ടം കമ്പ്യൂട്ടിങ് എന്നാല്‍: തന്മാത്രകൾക്കും (MOLECULEs) അണുക്കള്‍ക്കുമപ്പുറം (ATOMs) ഈ ലോകം നിര്‍മിതമായിരിക്കുന്ന അടിസ്ഥാന കണങ്ങളെയാണ് ‘ക്വാണ്ടം’ (QUANTUM) എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ക്വാണ്ടം ബലതന്ത്രത്തിലെ (ക്വാണ്ടം ഫിസിക്സ്) അടിസ്ഥാന ആശയങ്ങളായ ക്വാണ്ടം വിശിഷ്ടസ്ഥിതി (SuperPosition), ക്വാണ്ടം കെട്ടുപിണച്ചിൽ (Quantum Entanglement) തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന കമ്പ്യൂട്ടിങ് ആണ് ക്വാണ്ടം കമ്പ്യൂട്ടിങ്. ഇത്തരം കമ്പ്യൂട്ടിങ് ചെയ്യാൻ കഴിവുള്ള ഒരു കമ്പ്യൂട്ടറിനെ ക്വാണ്ടം കമ്പ്യൂട്ടർ എന്ന് വിളിക്കുന്നു. ദ്വയാങ്ക (Binary) അവസ്ഥകളുള്ള ട്രാന്സിസ്റ്ററുകളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാധാരണ ഡിജിറ്റൽ കമ്പ്യൂട്ടറുകളെക്കാൾ വളരെ വ്യത്യസ്തമായാണ് ഇത് പ്രവർത്തിക്കുന്നത്. സാധാരണ ഡിജിറ്റൽ കമ്പ്യൂട്ടറുകളിൽ രണ്ട് സ്റ്റേറ്റുകൾ (0 അല്ലെങ്കിൽ 1) മാത്രമുള്ള ബിറ്റുകളിലേക്കാണ് വിവരം എൻകോഡ് ചെയ്യപ്പെടുന്നത്. എന്നാൽ ക്വാണ്ടം കമ്പ്യൂട്ടറിൽ ഇത് ക്യൂബിറ്റുകൾ എന്നറിയപ്പെടുന്ന പ്രത്യേകതരം ബിറ്റുകളിലാണ് എൻകോഡ് ചെയ്യപ്പെടുന്നത്.
ഐന്‍സ്റ്റീന്‍ വാദം പൊളിഞ്ഞു: ഈ പരീക്ഷണം തെളിയിക്കുന്നത് ക്വാണ്ടം നെറ്റ്‌വര്‍ക്കിന്‍റെ വ്യാപ്‌തി ഇനിയും വിപുലപ്പെടുത്താന്‍ സാധിക്കുമെന്നാണ്. തങ്ങള്‍ ഇപ്പോള്‍ ലാബില്‍ ഒരു ചെറിയ ക്വാണ്ടം നെറ്റ്‌വര്‍ക്ക് രൂപികരിച്ചിരിക്കുകയാണെന്ന് ഡെല്‍ഫ്റ്റ് സര്‍വകലാശയിലെ ഗവേഷണസംഘത്തിന് നേതൃത്വം വഹിച്ച റൊണാള്‍ഡ് ഹാന്‍സണ്‍ പറഞ്ഞു. ഇവരുടെ ഗവേഷണ പ്രബന്ധം ശാസ്‌ത്ര ജേര്‍ണലായ നാച്വറിലില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്.
ക്വാണ്ടം ടെലിപോര്‍ട്ടേഷന്‍ സാധ്യമല്ല എന്ന ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റീനിന്‍റെ വാദമാണ് ഈ ഗവേഷകര്‍ പൊളിച്ചത്. വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദ്രവ്യത്തെ(physical matter) മാറ്റാതെ തന്നെ അതിലടങ്ങിയ വിവരത്തെ(information) ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ ക്വാണ്ടം ടെലിപോര്‍ട്ടേഷനിലൂടെ സാധിക്കും. ഇത് അസാധ്യമെന്നായിരുന്നു ഐന്‍സ്റ്റീന്‍ കരുതിയിരുന്നത്.
സബ് ആറ്റോമിക മണ്ഡലത്തില്‍ ഒരു വസ്‌തു ഒരേസമയം പലതായി പെരുമാറുന്നു: ഒരു ഡാറ്റ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എങ്ങനെ സഞ്ചരിക്കുമെന്നതില്‍ വലിയ മാറ്റമാണ് ഈ സാങ്കേതിക വിദ്യ ഉണ്ടാക്കാന്‍ പോകുന്നത്. ക്വാണ്ടം മെക്കാനിക്‌സിലെ ഒരു നൂറ്റാണ്ടിലേറെയുള്ള പഠനങ്ങളാണ് ഇത്തരമൊരു സാങ്കേതിക വിദ്യ സാധ്യമാക്കിയത്. ഭൗതികശാസ്ത്രത്തിലെ ഒരു ഉപശാഖയാണ് ക്വാണ്ടം ഫിസിക്‌സ്. സബ്‌ആറ്റോമിക മണ്ഡലത്തിലെ ഭൗതിക നിയമങ്ങള്‍ എങ്ങനെയാണ് എന്ന് കണ്ടെത്തലാണ് ഇതിലെ പഠനവിഷയം.
ചില വസ്‌തുക്കള്‍ സൂക്ഷ്‌മകണികകളായാല്‍ അവ പല അപരിചതമായ സ്വഭാവങ്ങളും പ്രകടിപ്പിക്കും. ഇതാണ് ക്വാണ്ടം കമ്പ്യൂട്ടറില്‍ ഉപയോഗപ്പെടുത്തുന്നത്. ഇങ്ങനെ വസ്‌തുക്കള്‍ ചെറുതായിരിക്കുമ്പോള്‍ ഒരു വസ്‌തു രണ്ട് വ്യത്യസ്‌ത വസ്‌തുക്കളായി ഒരേസമയം പെരുമാറും.
ക്വാണ്ടം ബിറ്റ്‌സിന്‍റെ അപാര ശക്‌തി: ക്വാണ്ടം ബിറ്റുകളെ ക്യുബിറ്റ്സ് എന്നാണ് പറയുന്നതെന്ന് മുകളില്‍ സൂചിപ്പിച്ചല്ലോ. രണ്ട് ക്വാണ്ടം ക്യുബിറ്റുകള്‍ക്ക് നാല് വാല്യു വഹിക്കാന്‍ സാധിക്കും. മൂന്ന് എണ്ണത്തിന് എട്ട്, നാല് എണ്ണത്തിന് പതിനാറ് എന്ന നിലയില്‍ ഇത് മുന്നോട്ട് പോകും. ഇങ്ങനെ ക്വാണ്ടം ക്യുബിറ്റുകളുടെ എണ്ണം കൂടുമ്പോള്‍ ക്വാണ്ടം കമ്പ്യൂട്ടറുകളുടെ ശക്‌തി ക്രമാതീതമായി വര്‍ധിക്കുകയാണ് ചെയ്യുന്നത്. പുതിയ മരുന്നുകളുടെ പെട്ടെന്നുള്ള നിര്‍മാണത്തിന്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ വന്‍ കുതിച്ചുതചാട്ടത്തിന്, എന്‍ക്രിപ്ഷന്‍ എളുപ്പത്തില്‍ പൊളിക്കുന്നതിന് എന്നിവയാണ് ക്വാണ്ടം കമ്പ്യൂട്ടറുകള്‍ സാധ്യമാക്കുക.
ക്വാണ്ടം ടെലിപോര്‍ട്ടേഷന്‍ ഇന്‍റെര്‍സെപ്റ്റ് ചെയ്യാന്‍ പറ്റില്ല എന്നുള്ളത് ക്വാണ്ടം നെറ്റ്‌വര്‍ക്കിന്‍റെ സുരക്ഷ വര്‍ധിപ്പിക്കുന്നു. യുഎസ്, ചൈന തുടങ്ങിയ സര്‍ക്കാറുകളും ഗൂഗിള്‍ പോലുള്ള കോര്‍പ്പറേറ്റുകളും വന്‍ തുകയാണ് ക്വാണ്ടം കമ്പ്യൂട്ടര്‍ ഗവേഷണത്തിനായി ചെലവഴിക്കുന്നത്.