ന്യൂഡല്‍ഹി: ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മൈക്രോബ്ലോഗായി കൂ മാറിയെന്ന് കമ്പനി അധികൃതര്‍. ട്വിറ്ററിന്‍റെ ഇന്ത്യന്‍ പതിപ്പായ കൂ 2020 മാര്‍ച്ചിലാണ് ആരംഭിച്ചത്. കൂവിന്‍റെ ഡൗണ്‍ലോഡ് അഞ്ച് കോടി കടന്നു. നല്ല രീതിയിലുള്ള വളര്‍ച്ച നിരക്കാണ് കൂ കാണിക്കുന്നതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
രണ്ടരവര്‍ഷം കൊണ്ട് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മൈക്രോബ്ലോഗായി കൂ മാറിയ കാര്യം അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് കൂ സഹസ്ഥാപകനും സിഇഒയുമായ അപ്രാമേയ രാധാകൃഷ്‌ണന്‍ പ്രതികരിച്ചത്.
ഉപയോക്താക്കളുടെ ഡൗണ്‍ലോഡുകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മൈക്രോബ്ലോഗ് പ്ലാറ്റ്‌ഫോമായി കൂ മാറിയത്. ട്വിറ്റര്‍, ഗെറ്റർ, ട്രൂത്ത് സോഷ്യൽ, മാസ്റ്റോഡൺ, പാർലർ തുടങ്ങിയ ആഗോള മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമുകളുമായി മത്സരിക്കുന്ന ഒരേ ഒരു ഇന്ത്യന്‍ മൈക്രോബ്ലോഗ് ആണ് കൂ എന്ന് അപ്രാമേയ രാധാകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കി.
ആഗോളതലത്തില്‍ മൈക്രോബ്ലോഗിങ് വ്യവസായ ഭൂമികയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ വ്യാപിക്കാന്‍ ശ്രമം നടത്തുകയാണെന്നും കൂ അധികൃതര്‍ വ്യക്തമാക്കി. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ അതില്‍ നടത്തുന്ന ബ്ലൂടിക്കിന് പണം ഈടാക്കുന്നതടക്കമുള്ള പരിഷ്‌കാരങ്ങളില്‍ വലിയൊരു വിഭാഗം ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് അമര്‍ഷം ഉണ്ടെന്നാണ് കൂ അധികൃതര്‍ കണക്കുകൂട്ടുന്നത്. ഇത് മുതലെടുത്ത് കമ്പനിയെ വിപുലപ്പെടുത്താന്‍ സാധിക്കുമെന്നുമാണ് പ്രതീക്ഷ
വെരിഫിക്കേഷനായി പണം ഈടാക്കുന്നത് മനുഷ്യാവകാശ ലംഘനമെന്നാണ് അപ്രാമേയ രാധാകൃഷ്‌ണന്‍ പ്രതികരിച്ചത്. പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് യെല്ലോ ടിക്ക് സൗജന്യമായി നല്‍കുന്ന നയം കൂ തുടരും. വളരെ ലളിതമായ സ്വയം സാക്ഷ്യപ്പെടുത്തലാണ് ഉപഭോക്താക്കള്‍ക്കായി കൂ ഒരുക്കുന്നത്. ഇന്ത്യന്‍ നിര്‍മിതമായ ഈ പ്ലാറ്റ്‌ഫോമിന്‍റെ ഭാഗമാകാന്‍ ലോകത്തിലെ എല്ലാവരെയും ക്ഷണിക്കുന്നു എന്നും കൂ അധികൃതര്‍ പറഞ്ഞു.
പത്ത് ഭാഷകളിലായി കൂ നിലവില്‍ ലഭ്യമാണ്. യുഎസ്, യുകെ, സിംഗപ്പൂര്‍, കാനഡ, നൈജീരിയ, യുഎഇ, അള്‍ജീരിയ, നേപ്പാള്‍, ഇറാന്‍, ഇന്ത്യ തുടങ്ങി 100ലധികം രാജ്യങ്ങളില്‍ കൂവിന് ഉപയോക്താക്കള്‍ ഉണ്ട്.