സാന്‍ഫ്രാന്‍സിസ്‌കോ: iOS VPN (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ)ലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ആപ്പിള്‍. iOSല്‍ VPN വിഛേദിക്കപ്പെടുന്ന കാര്യം ഇന്‍റര്‍നെറ്റ് സുരക്ഷ ഗവേഷകരാണ് കണ്ടെത്തിയത്. എന്നാല്‍ വിപിഎന്‍ പ്രോട്ടോണ്‍ പറയുന്നത് ഭാഗികമായി മാത്രമെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുള്ളൂ എന്നാണ്.
വിവര സാങ്കേതിക സുരക്ഷ ഗവേഷകനായ മൈക്കൽ ഹൊറോവിറ്റ്‌സ് പറയുന്നത് iOS-ല്‍ VPN-കള്‍ക്ക് വിള്ളലുകള്‍ വന്നിട്ടുണ്ടെന്നാണ്. iOS ഡിവൈസില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്യുമ്പോള്‍ മനസിലാവുന്നത് VPN ടണല്‍ ചോരുന്നു എന്നാണെന്ന് മൈക്കൽ ഹൊറോവിറ്റ്‌സ് എഴുതിയ ബ്ലോഗില്‍ വ്യക്തമാക്കുന്നു.
ഡിഎന്‍എസ് ലീക്ക് അല്ല നടന്നിരിക്കുന്നത്. ഡാറ്റ ലീക്കാണ് സംഭവിച്ചിരിക്കുന്നത്. പല തരത്തിലുള്ള വിപിഎന്‍ ഉപയോഗിച്ച് താന്‍ ഇത് സ്ഥിരീകരിച്ചു എന്നും അദ്ദേഹം പറഞ്ഞു. ആപ്പിളിന് ഈ പ്രശ്‌നത്തെ കുറിച്ച് രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പെങ്കിലും അറിയാമായിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു.
2019ല്‍ തന്നെ തങ്ങള്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയിരുന്നുവെന്ന് ആപ്പിള്‍ പറയുന്നു. എന്നാല്‍ ഭാഗികമായി മാത്രമുള്ള പരിഹാരം മാത്രമാണ് ഇതെന്ന് പ്രോട്ടോണ്‍ വിപിഎന്‍ പറഞ്ഞു. iOS 13.3.1 മുതല്‍ iOS ഡിവൈസുകളില്‍ ഈ പ്രശ്‌നം ഉണ്ടായിരുന്നുവെന്നും പ്രോട്ടോണ്‍ വിപിഎന്‍ പറഞ്ഞു. നിങ്ങളുടെ ഡാറ്റ VPN വഴിയാണ് പോകുന്നതെന്ന് നൂറ് ശതമാനം ഉറപ്പിക്കാന്‍ ആവില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.
രണ്ട് വര്‍ഷം മുമ്പ് പ്രശ്‌നം ആപ്പിളിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയതായി പ്രോട്ടോണ്‍ സ്ഥാപകന്‍ ആന്‍ഡി യെന്‍ പറഞ്ഞു. ആപ്പിള്‍ പ്രശ്‌നം പരിഹരിച്ചില്ല. അതുകൊണ്ടാണ് തങ്ങള്‍ iOS ലെ ഈ പ്രശ്‌നം പരസ്യമാക്കുന്നതെന്ന് ആന്‍ഡി യെന്‍ പറഞ്ഞു.