ന്യൂഡല്‍ഹി: ആപ്പിളിന്‍റെ ഏറ്റവും പുതിയ പതിപ്പായ ഐഫോണ്‍ 14 പുറത്തിറങ്ങാൻ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പുത്തന്‍ ഫോണിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2007ൽ സ്റ്റീവ് ജോബ്‌സ് ആദ്യത്തെ ഐഫോൺ പ്രഖ്യാപിച്ചതു മുതൽ, ഫോണിന്‍റെ ലോഞ്ചിങ് മുതല്‍ വിപണിയിലെത്തുന്നത് വരെയുള്ള വിവരങ്ങള്‍ അറിയാന്‍ ടെക്കികളും ഐഫോണ്‍ പ്രേമികളും ഏറെ ആകാംഷയോടെയാണ് കാത്തിരുന്നിട്ടുള്ളത്. പുതിയ ഐഫോണ്‍ പതിപ്പിനെ കുറിച്ച് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ ഐഫോണ്‍ പ്രേമികള്‍ക്ക് സഹായകമായേക്കും.
48 മെഗാപിക്‌സൽ ക്യാമറ സെൻസർ: ഐഫോണ്‍ 14ന്‍റെ ഏറ്റവും മികച്ച പ്രത്യേകതകളില്‍ ഒന്നാണ് 48 മെഗാപിക്സൽ കാമറ സെന്‍സര്‍. ആപ്പിളിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് 48 എംപി കാമറ സെന്‍സര്‍ ഐഫോണ്‍ പ്രോ മോഡലുകളില്‍ ഉപയോഗിക്കുന്നത്. ഐഫോണ്‍ 14 പ്രോ, പ്രോ മാക്‌സ് എന്നിവയുടെ പ്രധാന സെന്‍സര്‍ 12 എംപിയില്‍ നിന്ന് 48 എംപിയായി അപ്‌ഗ്രേഡ് ചെയ്‌താണ് പുറത്തിറക്കുന്നത്.
അതായത് ഇതുവരെയുള്ള ഐഫോണുകളില്‍ കണ്ടിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ പ്രതല വിസ്‌തീര്‍ണം ഉള്ള കാമറ സെന്‍സറായിരിക്കും പ്രോ മോഡലുകളിലെ പ്രധാന ക്യാമറയ്‌ക്ക് ഉണ്ടാകുക.
ഐഫോണ്‍ 14 മിനി വേര്‍ഷന്‍ ഇല്ല: സെപ്‌റ്റംബര്‍ 7ന് ഐഫോണ്‍ 14ന്‍റെ 4 മോഡലുകളാണ് അവതരിപ്പിക്കുക. അതിനാല്‍ ഐഫോണ്‍ 14 മിനി വേര്‍ഷന്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഐഫോണ്‍ 14 പ്രോ, 14 പ്രോ മാക്‌സ്, എന്നീ പ്രീമിയം മോഡലുകളും പ്രോ വിശേഷണം ഇല്ലാത്ത ഐഫോണ്‍ 14, 14 പ്ലസ് എന്നീ മോഡലുകളുമാണ് ഈ വര്‍ഷം വരുന്നത്.
പ്രോ മോഷന്‍ ഡിസ്‌പ്ലേ: പുറത്തിറങ്ങുന്ന നാല് ഐഫോണ്‍ 14 മോഡലുകളിലും 120 ഹേര്‍ട്‌സ് വരെയുള്ള പ്രോമോഷന്‍ ഡിസ്‌പ്ലേകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ പ്രോ മോഷന്‍ ഡിസ്‌പ്ലേ ഐഫോണ്‍ 14 മോഡലുകളില്‍ മാത്രം ഒതുക്കാന്‍ ആപ്പിള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബാറ്ററി ഐക്കണ്‍ ഡിസ്‌പ്ലേ: ബാറ്ററിയുടെ ശതമാനം കാണിക്കുന്ന ഐക്കണിന്‍റെ സ്ഥാനത്തിലും ഐഫോണ്‍ 14 മോഡലുകളില്‍ മാറ്റമുണ്ട്. അതായത് ശതമാനവും ബാറ്ററി ലെവൽ ഐക്കണും വശങ്ങളിലായി ദൃശ്യമാകും.
ഫ്രണ്ട് ഡ്യുവൽ കട്ട്ഔട്ടുകൾ ഒന്നായി ദൃശ്യമാകും: ഫേസ് ഐഡി സാങ്കേതികവിദ്യക്ക് ഉതകുന്ന രീതിയില്‍ ഡിസൈന്‍ ചെയ്‌ത 'നോച്' മാറി ഐ (i)ആകൃതിയിലുള്ള ഹോള്‍ പഞ്ചുകളാകും ഐഫോണ്‍ 14 മോഡലുകളില്‍ ഉണ്ടാകുക. മെച്ചപ്പെട്ട ഫ്രണ്ട് ക്യാമറ സെൻസറും ഹോള്‍ പഞ്ചുകളില്‍ അടങ്ങിയിട്ടുണ്ട്. ഡിസ്‌പ്ലേയിൽ നിന്നുള്ള അൺലിറ്റ് പിക്‌സലുകൾ ഉപയോഗിച്ച് രണ്ട് കട്ടൗട്ടുകളും ഒന്നായി ദൃശ്യമാകും എന്നതാണ് പ്രത്യേകത.
സാറ്റലൈറ്റ് കണക്‌ടിവിറ്റി മറ്റൊരു പ്രത്യേകതയാണ്. ഇത് ഉപയോഗിച്ച് മൊബൈല്‍ കണക്‌ടിവിറ്റിയും വൈഫൈ കണക്‌ടിവിറ്റിയും ഇല്ലാതെ ടെക്‌സ്റ്റ് സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കും. 3,200 എംഎച്ച്, 4,323 എംഎച്ച് എന്നിങ്ങനെയാണ് ബാറ്ററി കപ്പാസിറ്റി. ഐഫോണ്‍ 13 പ്രോ മാക്‌സിനെക്കാള്‍ കുറഞ്ഞ ബാറ്റരി കപ്പാസിറ്റി ആണ് ഇതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐഫോണ്‍ 14 മോഡലുകള്‍ക്ക് 799 ഡോളര്‍ (ഏകദേശം 63,753 രൂപ) വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.