കുത്തിവയ്‌പ്പിലൂടെ വിതരണം ചെയ്യാവുന്ന വാക്‌സിനുകള്‍, ആഗോള തലത്തില്‍ അനേകം നിലവിലുണ്ട്. വാക്‌സിനുകളെക്കുറിച്ചും അവ മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവികളുടെ ശരീരത്തിലേക്ക് കടത്തിവിടുന്നതിനെക്കുറിച്ചും ധാരാളം പഠനങ്ങള്‍ നിത്യേനെ നടക്കുന്നു. അക്കൂട്ടത്തിലേക്ക് മുതല്‍ക്കൂട്ടാവുന്ന ഒന്നാണ് ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരീക്ഷണം.
സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടി പഠനം
ചെറുകണങ്ങള്‍ അടങ്ങിയ, ഇൻട്രാനാസൽ ഫ്ലൂ വാക്‌സിനെക്കുറിച്ചാണ് അവിടെ നടന്ന പരീക്ഷണം. സാധാരണ ഗതിയില്‍ വാക്‌സിന്‍ ശരീരത്തില്‍ കുത്തിവയ്‌ക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ മൂക്കിന്‍റെ ഇരു സുഷിരങ്ങളിലൂടെ വാക്‌സിന്‍ സ്‌പ്രേ ചെയ്യാവുന്ന സംവിധാനമാണ് ഇൻട്രാനാസൽ ഫ്ലൂ വാക്‌സിനേഷന്‍. എലികളിലെ ഇൻഫ്ലുവൻസ (പക്ഷികളിലും സസ്‌തനികളിലും കണ്ടുവരുന്ന പകര്‍ച്ചവ്യാധി) രോഗത്തിനെതിരെ ശക്തമായ സുരക്ഷയാണ് നല്‍കുന്നതെന്ന് ഗവേഷകര്‍ സ്ഥിരീകരിക്കുകയുണ്ടായി.
പുറമെ അനേകം രേഗങ്ങള്‍ക്കും മികച്ച പ്രതിരോധമാണ് ഈ വാക്‌സിന്‍ തീര്‍ക്കുന്നതെന്നാണ് ഗവേഷണ ഫലം പറയുന്നത്. 'എ.സി.എസ് അപ്ലൈഡ് മെറ്റീരിയൽസ് ആന്‍ഡ് ഇന്‍റര്‍ഫേസസ്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ''ചെറുകണങ്ങള്‍ അടങ്ങിയ പരീക്ഷണങ്ങള്‍ വരും തലമുറയില്‍, ക്ളിനിക്കലി പ്രാധാന്യമുള്ള ഇൻഫ്ലുവൻസ വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിന് മുതല്‍ക്കൂട്ടാവും. മികച്ച സാധ്യതകളിലേക്കാണ് പരീക്ഷണം വഴിതുറക്കുന്നത്''. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകൻ ചുൻഹോങ് ഡോങ് പറയുന്നു.
ശ്വാസകോശ രോഗങ്ങള്‍ക്ക് മികച്ച പ്രതികരണം
വാക്‌സിനില്‍ പി.ഇ.ഐ- എച്ച്.എ/സി.പി.ജി എന്നീ ചെറുകണങ്ങള്‍ അടങ്ങിയിരിക്കുന്നു. കരുത്തുറ്റതും വൈവിധ്യമാർന്നതുമായ വിതരണ സംവിധാനമായ പി.ഇ.ഐ (പോളിയെത്തിലിനെമൈൻ) ശരീരത്തിൽ രോഗപ്രതിരോധ പ്രതികരണം പ്രേരിപ്പിക്കുന്ന ആന്‍റിജനുകളുടെ (ഹെമാഗ്ലൂട്ടിനിൻ, എച്ച്.എ) പ്രവര്‍ത്തനത്തെ മികച്ചതാക്കും. ശരീരത്തിന്‍റെ പ്രതിരോധ പ്രതികരണം വർധിപ്പിപ്പിക്കാന്‍ സി.പി.ജിയെ (ഡി.എൻ.എയുടെ ശ്രേണി ഭാഗം) ഉത്തേജിപ്പിക്കും.
ഇൻട്രാനാസൽ ഫ്ലൂ വാക്‌സിന്‍, സമഗ്രമായ രോഗപ്രതിരോധ പ്രതികരണവും 'ക്രോസ് പ്രൊട്ടക്ഷനുമാണ്' നല്‍കുക. ഇത് ദീർഘകാലം നിലനിര്‍ത്തും. പ്രതിരോധ കുത്തിവയ്പ്പിന് ശേഷം ആറ് മാസത്തിനുള്ളിൽ ഇൻഫ്ലുവൻസ വൈറസിൽ നിന്നും പ്രതിരോധം പ്രകടമാക്കുമെന്നും ഗവേഷകര്‍ സ്ഥിരീകരിക്കുകയുണ്ടായി. ഇൻഫ്ലുവൻസ പോലുള്ള സാംക്രമിക ശ്വാസകോശ രോഗങ്ങൾക്ക് ഇൻട്രാനാസൽ വാക്‌സിനേഷൻ, അനുയോജ്യമാണെന്ന് വ്യക്തമായിട്ടുണ്ട്.
വേണം മെച്ചപ്പെട്ട പരീക്ഷണം
സാധാരണഗതിയില്‍, സീസണൽ ഇൻഫ്ലുവൻസ വാക്‌സിനുകൾ രോഗപ്രതിരോധ ശേഷിയെ ഉയര്‍ത്തുന്നതില്‍ പരിമിധികള്‍ കാണിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇൻഫ്ലുവൻസ വൈറസുകളുടെ വകഭേദങ്ങളില്‍ നിന്ന് ശക്തമായ പരിരക്ഷ നല്‍കുന്നതിന് ഇൻഫ്ലുവൻസ വാക്‌സിനേഷനില്‍ പുരോഗതി ആവശ്യമാണ്. വൈറസിന്‍റെ പ്രവേശന കവാടങ്ങളില്‍ ഒന്നാണ് മൂക്ക്. അതുകൊണ്ടുതന്നെ ഈ വാക്‌സിനേഷന്‍ താരതമ്യേനെ മെച്ചപ്പെട്ട ഫലം നല്‍കും.
ഇൻഫ്ലുവൻസ വൈറസിൽ, അണുബാധയുടെ പ്രാരംഭ ഘട്ടത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു പ്രോട്ടീനാണ് ഹെമാഗ്ലൂട്ടിനിൻ. ഇൻഫ്ലുവൻസ വാക്‌സിനുകൾ എച്ച്.എയ്ക്കെതിരായ പ്രതിരോധ പ്രതികരണങ്ങൾ ഉയർത്തുന്നു. ഇൻട്രാനാസലായി നൽകുന്ന പ്രോട്ടീൻ ആന്‍റിജനുകള്‍ക്ക് കാര്യക്ഷമത ഉള്ളതുകൊണ്ടുതന്നെ കൂടുതല്‍ മികച്ച പരീക്ഷണങ്ങള്‍ നടക്കേണ്ടത് അനിവാര്യമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു.
ALSO READ: പുതിയ കൊവിഡ് വരുന്നു... ഉയര്‍ന്ന മരണനിരക്കും വ്യാപനശേഷിയുമുള്ള 'നിയോകോവി'നെ കണ്ടെത്തി