ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ക്കെതിരെ വീണ്ടും നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. 138 ബെറ്റിങ് ആപ്പുകളും 94 വായ്‌പ ആപ്പുകളും നിരോധിക്കുന്നതിനും ബ്ലോക്ക് ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങള്‍ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
ഐടി ആക്‌ടിലെ 69-ാം വകുപ്പ് പ്രകാരമാണ് 232 ആപ്പുകള്‍ക്കെതിരെ കേന്ദ്രം നടപടി സ്വീകരിച്ചത്. കൂടാതെ ആപ്പുകള്‍ക്കെതിരായി വ്യാപകമായി പരാതികള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കൂടാതെ ഇവ രാജ്യസുരക്ഷയെ ഉള്‍പ്പടെ ബാധിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു.
മൊബൈല്‍ ആപ്പുകള്‍ വഴി ലോണെടുത്ത വ്യക്തികള്‍ക്ക് മേല്‍ വര്‍ഷത്തില്‍ 3,000 ശതമാനത്തോളം മേല്‍ പലിശ ആപ്പുകളുടെ ഉടമസ്ഥര്‍ ചുമത്തിയിരുന്നു. ഇത് തിരിച്ചടയ്‌ക്കാനാവാതെ വരുമ്പോള്‍ ലോണ്‍ നല്‍കിയ കമ്പനികള്‍ സാധാരണക്കാരെ ഭീഷണിപ്പെടുത്തി. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയും മോര്‍ഫ് ചെയ്‌ത ചിത്രങ്ങള്‍ ഉപയോഗിച്ചുമായിരുന്നു ഭീഷണി.
ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി കടുപ്പിക്കുന്നത്. ആറ് മാസം മുന്‍പ് തന്നെ കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള 288 ചൈനീസ് ആപ്പുകളെ നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ആക്‌സസ് ചെയ്യാന്‍ ഇത്തരം ആപ്പുകള്‍ക്ക് സാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം നിലവില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്ന ആപ്പുകളുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.