രാജ്യത്ത് ആദായ നികുതി അടയ്ക്കുന്ന ഓരോ വ്യക്തിക്കും സ്ഥാപനങ്ങൾക്കും അത്യന്താപേക്ഷിതമായ സംവിധാനമാണ് പാൻ കാർഡ് (PAN CARD) അഥവാ പെർമനന്‍റ് അക്കൗണ്ട് നമ്പർ. നികുതി ദായകരുടെ വിവരങ്ങൾ കൃത്യമായി ശേഖരിച്ചുവയ്ക്കാൻ വേണ്ടി ആദായ നികുതി വകുപ്പാണ് (Income Tax Department) പാൻ കാർഡ് അനുവദിക്കുന്നത്. ഒരു സീരിയൽ നമ്പറിലുള്ള ഒരു കാർഡ് മാത്രമേ രാജ്യത്ത് ഉണ്ടാകൂ. ഒരു വ്യക്തിയുടേയോ സ്ഥാപനത്തിന്‍റേയോ വരുമാനം ആദായനികുതിയുടെ പരിധിക്കുള്ളിലാണെങ്കിൽ അവർ നികുതി ഇടപാടുകൾക്ക് നിർബന്ധമായി പാൻ കാർഡ് ഉപയോഗിക്കേണ്ടതാണ് (How To Download E PAN Card Online).
മുൻകാലങ്ങളിൽ എ ടി എം കാർഡിന് സമാനമായ പ്ലാസ്റ്റിക് കാർഡായാണ് പാൻ അനുവദിച്ചിരുന്നത്. ഇതിൽ കാർഡ് ഉടമയുടെ പേര്, ഉടമയുടെ അച്ഛന്‍റെ പേര്, ജനന തീയതി, ഫോട്ടോ, ഒപ്പ്, കാർഡ് അനുവദിച്ച തീയതി എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇത്തരത്തിലുള്ള പാൻ കാർഡ് ലഭിക്കാൻ ഒരു വ്യക്തി അപേക്ഷ സമർപ്പിച്ച് 15 ദിവസത്തോളം കാത്തിരിക്കേണ്ടതുണ്ട്.
എന്നാൽ ഇപ്പോൾ സാങ്കേതിക വിദ്യ വളർന്നതോടെ ഏതാനും മിനിട്ടുകൾകൊണ്ടുതന്നെ ഒരു വ്യക്തിക്ക് പുതിയ പാൻ കാർഡ് സ്വന്തമാക്കാനാകും. ഇ-പാൻ എന്നാണ് ഇത്തരം കാർഡുകൾ അറിയപ്പെടുന്നത്. നിലവിൽ പഴയ പ്ലാസ്റ്റിക് കാർഡുകൾ കൈവശമുള്ളവർക്കും ഏതാനും മിനിട്ടുകൾകൊണ്ട് ഇ-പാൻ സ്വന്തമാക്കാനാകും. ഇത്തരത്തിൽ ലഭിക്കുന്ന പാൻ കാർഡുകൾ ഡിജിറ്റലായി ഫോണിൽ കൊണ്ടുനടക്കാനും പ്രിന്‍റ് എടുത്ത് ഉപയോഗിക്കാനും സാധുതയുണ്ട്. ഡിജിറ്റൽ ഇ-പാൻ കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ പല മാർഗങ്ങള്‍ ലഭ്യമാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം. (How to download E PAN Card online)
Also Read : റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ പാന്‍കാര്‍ഡ് ഉപയോഗിക്കുന്നില്ലെന്ന് സിഎജി റിപ്പോര്‍ട്ട്
ഇ-പാൻ ഇൻകം ടാക്സ് ഇ-ഫയലിംഗ് വെബ്സൈറ്റ് വഴി
നിങ്ങളുടെ മൊബൈൽ നമ്പർ ആധാർ കാർഡുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ പാൻ കാർഡ് ഡൗൺലോഡ് ചെയ്യാൻ ഏറ്റവുമെളുപ്പം ഇൻകം ടാക്സ് ഇ-ഫയലിംഗ് വെബ്‌സൈറ്റ് ( Income Tax E Filing Website) വഴിയാണ്. പുതിയ പാൻ കാർഡ് എടുക്കാനും ഈ വെബ്‌സൈറ്റിൽ വളരെ എളുപ്പം സാധിക്കും.
- സ്റ്റെപ് 1: ആദ്യം ആദായ നികുതി വകുപ്പിന്‍റെ ഇ-ഫയലിംഗിനുള്ള ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോവുക. ( https://www.incometax.gov.in/iec/foportal )
- സ്റ്റെപ് 2: ഇടതുവശത്തെ മെനുവിൽ നിന്ന് ഇൻസ്റ്റന്‍റ് ഇ-പാൻ (Instant E-PAN) തിരഞ്ഞെടുക്കുക.
- സ്റ്റെപ് 3: ചെക്ക് സ്റ്റാറ്റസ്/ ഡൗൺലോഡ് പാൻ എന്നതിന് താഴെയുള്ള തുടരുക ( Continue ) എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- സ്റ്റെപ് 4: നിങ്ങളുടെ 12-അക്ക ആധാർ നമ്പർ നൽകി മുന്നോട്ട് പോവുക. ആധാർ വഴി ഇ കെ വൈ സി പൂർത്തിയാക്കാനുള്ള സമ്മതം നല്‍കുന്ന ബോക്‌സില്‍ ചെക്ക് ചെയ്യുക. ശേഷം തുടരുക ( Continue ) എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- സ്റ്റെപ് 5: ഇപ്പോൾ നിങ്ങളുടെ ആധാർ കാർഡ് ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP ലഭിക്കും. ഈ OTP എന്‍റര്‍ ചെയ്ത ശേഷം തുടരുക ( Continue ) എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- സ്റ്റെപ് 7: അടുത്ത സ്ക്രീനിൽ നിങ്ങൾക്ക് ഇ-പാൻ കാണാനും അത് ഡൗൺലോഡ് ചെയ്യാനും ഒപ്‌ഷൻ ഉണ്ടായിരിക്കും. ഡൗൺലോഡ് ഒപ്ഷൻ തിരഞ്ഞെടുക്കുക. ഇത്രയും ചെയ്താൽ ഇ-പാൻ നിങ്ങളുടെ ഉപകരണത്തിലേക്ക് സേവ് ചെയ്യപ്പെടുന്നതാണ്.
ഇവിടെ ഇ-പാൻ ഡൗൺലോഡ് ചെയ്യാനുള്ള ഒപ്ഷൻ കാണുന്നില്ലെങ്കിൽ തിരികെ രണ്ടാമത്തെ സ്റ്റെപ്പിലേക്ക് പോയ ശേഷം 'പുതിയ ഇ-പാൻ നേടുക' എന്ന ഒപ്‌ഷൻ തിരഞ്ഞെടുത്ത് ആവശ്യപ്പെടുന്ന വിവരങ്ങൾ നല്‍കുക.
PDF പാസ്‌വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ DDMMYYYY എന്ന മാതൃകയിൽ പാസ്‌വേഡ് നൽകുക.
ഇ-പാൻ എൻ എസ് ഡി എല്‍ വെബ്‌സൈറ്റിലൂടെ
എൻഎസ്‌ഡിഎൽ (National Securities Depository Limited) വെബ്സൈറ്റ് ഉപയോഗിച്ചും നിങ്ങൾക്ക് പാൻ കാർഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാനാകും.
- സ്റ്റെപ് 1: NSDL വെബ്‌സൈറ്റിന്‍റെ 'ഡൗൺലോഡ് ഇ-പാൻ കാർഡ്' പേജിലേക്ക് പോകുക. ( https://www.onlineservices.nsdl.com/paam/requestAndDownloadEPAN.html )
- സ്റ്റെപ് 2: നിങ്ങൾ ഒരു പാൻ കാർഡിന് അപേക്ഷിച്ചിട്ട് അത് കിട്ടിയിട്ടില്ലെങ്കിൽ ഏറ്റവും മുകളിൽ 'അക്നോളജ്‌മെന്‍റ് നമ്പർ' ഒപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങൾക്ക് ഇതിനോടകം പാൻ കാർഡ് ഉണ്ടെങ്കിൽ 'പാൻ' ഒപ്‌ഷൻ തിരഞ്ഞെടുക്കുക.
- സ്റ്റെപ് 3: ഇനി ആധാർ നമ്പർ, ജനനത്തീയതി, തുടങ്ങിയ വിവരങ്ങൾ നൽകുക. ശേഷം സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
- സ്റ്റെപ് 4: അടുത്ത പേജിൽ ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ, പിൻകോഡ് എന്നിവ നൽകുക. ശേഷം OTP മൊബൈൽ നമ്പറിൽ അയക്കണോ ഇ മെയിലിൽ അയക്കണോ എന്ന് തെരഞ്ഞെടുക്കുക. തുടർന്ന് Generate OTP ക്ലിക്ക് ചെയ്യുക.
- സ്റ്റെപ് 5: ഇപ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന OTP അടുത്ത സ്ക്രീനിൽ നൽകിയശേഷം വാലിഡേറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ഇ-പാൻ ലഭിച്ചിട്ടില്ലെങ്കിൽ നിങ്ങൾക്ക് സൗജന്യമായി ഇ-പാൻ ഡൗൺലോഡ് ചെയ്യാം. മറിച്ചാണെങ്കിൽ പണമടച്ചുള്ള ഇ-പാൻ ഡൗൺലോഡ് ചെയ്യാനുള്ള ഒപ്‌ഷൻ തിരഞ്ഞെടുക്കുക.
- സ്റ്റെപ് 6: പേയ്‌മെന്‍റ് ചെയ്യുക
- സ്റ്റെപ് 7: പേയ്‌മെന്‍റ് നടത്തിക്കഴിഞ്ഞാൽ, നിങ്ങളുടെ ഇ-പാൻ PDF ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാം
PDF പാസ്‌വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ DDMMYYYY എന്ന മാതൃകയിൽ നിങ്ങളുടെ പാസ്‌വേഡ് ആയി നൽകുക.
UTIITSL വെബ്സൈറ്റ് ഇ-പാൻ ഡൗൺലോഡ് ചെയ്യാൻ
NSDL പോലെ, നിങ്ങൾ UTIITSL വഴിയാണ് പാൻ കാർഡ് നേടിയതെങ്കിൽ UTIITSL ന്‍റെ ഇ-പാൻ പോർട്ടൽ ഉപയോഗിക്കാവുന്നതാണ്.
- സ്റ്റെപ് 1: നിങ്ങളുടെ ബ്രൗസറിൽ UTIITSL ന്‍റെ ഇ-പാൻ പോർട്ടൽ തുറക്കുക. ( https://www.pan.utiitsl.com/PAN_ONLINE/ePANCard )
- സ്റ്റെപ് 2: നിങ്ങളുടെ പാൻ നമ്പർ, ജനനത്തീയതി, ക്യാപ്‌ച എന്നിവ നൽകുക. എന്നിട്ട് തുടരുക ( Continue ) എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- സ്റ്റെപ് 3: നിങ്ങൾക്ക് സാധുവായ പാൻ കാർഡ് ഉണ്ടെങ്കിൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കോ ഇമെയിൽ ഐഡിയിലേക്കോ ഒരു ലിങ്ക് ലഭിക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന OTP പിന്നീട് വരുന്ന പേജിൽ നൽകുക. ഇത്രയും ചെയ്താൽ നിങ്ങൾക്ക് ഇവിടെനിന്ന് ഇ-പാൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Also Read : 'പാൻ കാർഡില്‍' തിരിമറി ': ദിവസക്കൂലിക്കാരൻ ആദായ നികുതി അടയ്ക്കേണ്ടത് 37.5 ലക്ഷം