ക്രിമിനല്‍ ലക്ഷ്യവുമായി നിരീക്ഷണ കാമറകള്‍ പലയിടങ്ങളിലായി സ്ഥാപിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ആളുകളുടെ സ്വകാര്യത പകര്‍ത്തി ആ ദൃശ്യങ്ങള്‍ വച്ച് അവരെ ബ്ലാക്ക്‌മേയില്‍ ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്. അതുകൊണ്ട് തന്നെ അനധികൃതമായി സ്ഥാപിച്ച നിരീക്ഷണ കാമറകള്‍ കണ്ടെത്തുക പ്രധാനമായി വന്നിരിക്കുകയാണ്.
രണ്ട് മില്ലിമീറ്റര്‍ വലുപ്പമുള്ള കാമറകള്‍ വരെ നിരീക്ഷണത്തിനായി ഉപയോഗിക്കുകയാണ്. അവ കണ്ടെത്തുക വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. നിരീക്ഷണ കാമറകള്‍ കണ്ടെത്താനായി പ്രൊഫഷണലുകളുടെ സേവനം ഇന്ന് ലഭ്യമാണ്. എന്നാല്‍ ഇത് ചെലവേറിയതും പലപ്പോഴും ഭൂരിഭാഗം ആളുകള്‍ക്കും പ്രാപ്യവുമായിരിക്കില്ല. സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് നിരീക്ഷണ കാമറകള്‍ കണ്ടെത്താന്‍ സാധിക്കും. ഇതെങ്ങനെയാണെന്ന് നോക്കാം.
ആദ്യമായി നിരീക്ഷണ കാമറകള്‍ ഉണ്ടോ എന്ന് പരിശോധിക്കേണ്ട മുറിയിലെ വാതിലുകളും ജനലുകളും അടച്ച് ലൈറ്റണയ്‌ക്കണം. മുറിയില്‍ ഒരു വെളിച്ചവും കടക്കാന്‍ പാടില്ല. ഫ്ലാഷ് ലൈറ്റും കാമറയും ഒരേസമയം ഓണ്‍ ചെയ്യുക. ഏത് ഭാഗമാണോ പരിശോധിക്കേണ്ടത് ആ ഭാഗം കാമറയില്‍ ഫോക്കസ് ചെയ്യുക. ആ ഭാഗത്ത് നിരീക്ഷണ കാമറയുണ്ടെങ്കില്‍ ലൈറ്റ് ഫ്ലാഷുകള്‍ ഫോണിന്‍റെ സ്‌ക്രീനില്‍ തെളിയും. സ്‌മാര്‍ട്ട് ഫോണിന്‍റെ കാമറയും ഫ്ലാഷ് ലൈറ്റും ഒരേസമയം ടേണ്‍ ഓണ്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ വേറൊരു ഫ്ലാഷ് ലൈറ്റ് ഉപയോഗിക്കുക.
ചില സമയങ്ങളില്‍ നിരീക്ഷണ കാമറകള്‍ ഫ്ലാഷ് ലൈറ്റുകള്‍ ഇല്ലാതെ തന്നെ കണ്ടെത്താന്‍ സാധിക്കും. ഭൂരിഭാഗം നിരീക്ഷണ കാമറകളും ഇരുട്ടിലും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വേണ്ടി ഇന്‍ഫ്രാറെഡ് ലൈറ്റുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ഇന്‍ഫ്രാറെഡ് ലൈറ്റ് നഗ്‌നനേത്രങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല.
എന്നാല്‍ സ്‌മാര്‍ട്ട്‌ഫോണ്‍ കാമറകള്‍ക്ക് ഇന്‍ഫ്രാറെഡിനെ തിരിച്ചറിയാന്‍ സാധിക്കും. ഇരുട്ടില്‍ നിങ്ങള്‍ സ്‌മാര്‍ട്ട് ഫോണ്‍ കാമറ ഉപയോഗിച്ച് വീഡിയോ എടുക്കുമ്പോള്‍ ഇന്‍ഫ്രാറെഡ് വികിരണങ്ങള്‍ ഉണ്ടെങ്കില്‍ സ്‌ക്രീനില്‍ പ്രകാശം ചിമ്മുന്ന കുത്ത് പ്രത്യക്ഷപ്പെടും. എന്നാല്‍ പലപ്പോഴും ഭൂരിഭാഗം സ്‌മാര്‍ട്ട് ഫോണുകളുടെയും പ്രധാനപ്പെട്ട കാമറ ഇന്‍ഫ്രാറെഡ് കിരണങ്ങളെ അടയാളപ്പെടുത്തില്ല. കാരണം ഇതിന് ഇന്‍ഫ്രാറെഡ് ഫില്‍ട്ടറുകള്‍ ഉള്ളതുകൊണ്ടാണ്.
എന്നാല്‍ സ്‌മാര്‍ട്ട് ഫോണുകളുടെ ഫ്രണ്ട് കാമറയ്‌ക്ക് ഇന്‍ഫ്രാറെഡ് ഫില്‍ട്ടറുകള്‍ ഉണ്ടാവില്ല. അതുകൊണ്ട് നിരീക്ഷണ കാമറകള്‍ കണ്ടെത്താനായി സ്‌മാര്‍ട്‌ഫോണിന്‍റെ ഫ്രണ്ട് കാമറ ഉപയോഗിച്ച് വീഡിയോ എടുക്കണം. ടിവി റിമോട്ടിന്‍റെ ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ മൊബൈല്‍ ഫോണിന്‍റെ കാമറ കണ്ടെത്തുന്നുണ്ടോ എന്ന് പരിശോധിച്ചതിന് ശേഷമായിരിക്കണം പ്രവര്‍ത്തനം നടത്താന്‍.