ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും തുടര്‍നടപടികളിലേക്ക് കടക്കുകയാണെന്നും ടെക്ക് ഭീമന്‍ ഗൂഗിള്‍. പ്ലേ സ്‌റ്റാേര്‍ നയങ്ങളുടെ പേരില്‍ കോമ്പറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ പിഴയിട്ടതിന് പിന്നാലെയാണ് ഗൂഗിളിന്‍റെ പ്രതികരണം. ഒരാഴ്‌ചയില്‍ രണ്ട് തവണയാണ് ഗുഗിളിന് പിഴ ലഭിച്ചത്.
'ആന്‍ഡ്രോയിഡും ഗൂഗിള്‍ പ്ലേയും നല്‍കുന്ന സാങ്കേതിക വിദ്യ, സുരക്ഷ, ഉപഭോക്താക്കളുടെ സുരക്ഷ, അസാമാന്യമായ തിരഞ്ഞെടുപ്പുകള്‍ എന്നിവ ഇന്ത്യയിലെ വിപണിക്ക് വളരെയധികം ഗുണം ചെയ്‌തിട്ടുണ്ട്. രാജ്യത്തെ ഡിജിറ്റല്‍ രംഗത്ത് വളരെയധികം മാറ്റങ്ങള്‍ വരുത്താന്‍ കുറഞ്ഞ ചിലവിലുള്ള തങ്ങള്‍ക്ക് സാധിച്ചു. മാത്രമല്ല, ദശലക്ഷകണക്കിന് ആളുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാണ്. അതിനാല്‍ തന്നെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ഉപയോക്താക്കളുടെ വിലയിരുത്തല്‍ ആവശ്യമാണെന്ന്' ഗൂഗിള്‍ വക്താവ് പറഞ്ഞു.
ALSO READ:ഗൂഗിളിന് വീണ്ടും 936 കോടിയുടെ പിഴ; താക്കീതുമായി കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ
ഇന്ത്യയില്‍ ഗൂഗിള്‍ വിപണി മര്യാദ ലംഘിച്ചതായി കോമ്പറ്റിഷന്‍ കമ്മിഷന്‍റെ അന്വേഷണ വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് ദിവസം മുമ്പ് 1,337 കോടി രൂപ ഗൂഗിളിന് പിഴയിട്ടിരുന്നു. ഇന്നലെ(ഒക്‌ടോബര്‍ 25) വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്‌തുവെന്നാരോപിച്ച് 936.44 കോടിയാണ് രണ്ടാം തവണയും ഗൂഗിളിന് പിഴയായി ലഭിച്ചത്. കൂടാതെ, ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ ഗൂഗിളിന്‍റെ നടത്തിപ്പ് പരിഷ്‌കരിക്കാന്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കി.