ന്യൂഡല്‍ഹി: ഗൂഗിള്‍ പേയില്‍ ടാപ്പ് ടു പേ സൗകര്യം നിലവില്‍ വന്നു. പൈന്‍ ലാബ്‌സുമായി സഹകരിച്ചാണ് ടാപ്പ് ടു പേ അവതരിപ്പിച്ചിരിക്കുന്നത്. ഇനി പണം നല്‍കാൻ ഗൂഗിള്‍ പേയിലെ പുതിയ സംവിധാനം ഉപയോഗിച്ച് ഫോണ്‍ കൊണ്ട് പിഒഎസ് മെഷീനില്‍ തൊട്ടാല്‍ മതി.
ഫോണ്‍ പിഒഎസ് മെഷീനില്‍ ടാപ്പ് ചെയ്തതിന് ശേഷം നല്‍കേണ്ട തുക നല്‍കി പിന്‍നമ്പര്‍ നല്‍കുകയാണ് ചെയ്യേണ്ടത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലെ കോണ്‍ടാക്റ്റ് ലെസ് പേമെന്റിന് സമാനമാണിത്. എന്‍എഫ്എസി( Near Field Communication) ആന്‍ഡ്രോയിഡ് ഫോണുപയോഗിച്ച് പൈന്‍ ലാബ്‌സിന്‍റെ പിഒഎസ്(പോയിന്‍റ് ഓഫ് സെയില്‍) ടെര്‍മിനില്‍ നിങ്ങള്‍ക്ക് ടാപ്പ് ടു പേ സൗകര്യം ഉപയോഗിക്കാം. യുപിഐ പിന്‍ ഉപയോഗിച്ചാണ് പേമെന്‍റുകള്‍ നടത്തുക.
യുപിഐ പിന്‍ നല്‍കി പണമയക്കാനും ഇനി മുതല്‍ സാധിക്കും. ക്യുആര്‍കോഡ് സ്‌കാന്‍ ചെയ്തും, യുപിഐ ഐഡി നല്‍കിയും ഗൂഗിള്‍ പേ ചെയ്യുന്നതിന് സമാനമാണിത്. നിലവില്‍ പിഒഎസില്‍ ഡബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മാത്രമെ ടാപ്പ് ടു പേ സൗകര്യമുള്ളൂ. റിലയന്‍സ് റീട്ടേയിലില്‍ ഗൂഗിള്‍ പേ പൈലറ്റ് അടിസ്ഥാനത്തില്‍ ടാപ്പ് ടു പേ സൗകര്യം ലഭ്യമാക്കിയിരുന്നു. ഇനിയിപ്പോള്‍ വ്യാപക അടിസ്ഥാനത്തില്‍ മറ്റ് വലിയ റിട്ടേയില്‍ ഔട്ട്ലറ്റുകളില്‍ സൗകര്യം ലഭ്യമാകുമെന്ന് ഗൂഗിള്‍ പേ അധികൃതര്‍ വ്യക്തമാക്കി.
ക്യൂ ആര്‍കോഡ് സ്‌കാന്‍ ചെയ്‌തും, യുപിപിഐയുമായി ബന്ധപ്പെടുത്തിയ ഫോണ്‍ നമ്പര്‍ ടൈപ്പുചെയ്‌തും പണം കൈമാറ്റം ചെയ്യുന്നതിനേക്കാള്‍ വേഗത്തില്‍ ടാപ്പ് ടു പേ വഴി പണം കൈമാറ്റം സാധിക്കുമെന്നതിനാല്‍ പേയ്മെന്‍റിനുള്ള നീണ്ട വരികള്‍ ഷോപ്പിങ്മാളുകളില്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് ഗൂഗിള്‍ പേ ബിസിനസ് ഹെഡ് സജിത്ത് ശിവാനന്ദന്‍ പറഞ്ഞു.
ഇന്ത്യയിലെ ഫിന്‍ടെക്ക് വളര്‍ച്ച ലോകത്തിന് തന്നെ മാതൃക സൃഷ്ടിക്കുകയാണ്. യുപിഐ ഉപയോഗിച്ച് കൊണ്ട് റിയല്‍ ടൈം പേയ്മെന്‍റും പിന്നിട് പേയ്‌മെന്‍റിന്‍റെ സമയം വളരെ കുറച്ചുകൊണ്ടുവരാനും ഇന്ത്യന്‍ ഫിന്‍ടെക് കമ്പനികള്‍ക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രാജ്യത്ത് യുപിഐ വഴി ട്രാന്‍സ്‌ഫര്‍ ചെയ്‌തത് 8.26 ലക്ഷം കോടി രൂപയാണെന്നു ഗൂഗിള്‍ പേയുമായുള്ള തങ്ങളുടെ പുതിയ സംരഭം യുപിഐയുടെ ഇന്ത്യയിലെ സ്വീകാര്യത വര്‍ധിപ്പിക്കുമെന്നും പൈന്‍ ലാബ്‌സ് ചീഫ് ബിസിനസ് ഒഫീസര്‍ കുഷ് മെഹറ പറഞ്ഞു.
ALSO READ: മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 100 ദശലക്ഷം തൊഴിലവസരങ്ങള്‍