റൊമാനിയന്‍ ഭൗതിക ശാസ്‌ത്രജ്ഞയായ സ്റ്റെഫാനിയ മരസ്‌നീന് ആദരവുമായി ഗൂഗിള്‍. ലബോറട്ടറിയില്‍ റേഡിയോ ആക്‌ടിവിറ്റി പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്റ്റെഫാനിയ മരസ്‌നീനിന്‍റെ ചിത്രമാണ് ഗൂഗിള്‍ ഡൂഡിലില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. സ്റ്റെഫാനിയ മരസ്‌നീനിന്‍റെ 140-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ഗൂഗിളിന്‍റെ ആദരവ്.
റേഡിയോ ആക്‌ടിവിറ്റിയെ കുറിച്ചുള്ള ഗവേഷണത്തിലും കണ്ടുപിടിത്തത്തിലും നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ള മരസ്‌നീനിന്‍റെ പൊളോണിയത്തെക്കുറിച്ചുള്ള ഗവേഷണം കൃത്രിമ റേഡിയോ ആക്‌ടിവിറ്റിയുടെ ആദ്യ ഉദാഹരണമായാണ് കണക്കാക്കുന്നത്. ബുക്കാറസ്റ്റില്‍ 1882 ജൂലൈ 18ന് ജനിച്ച മരസ്‌നീന് ഭൗതിക ശാസ്‌ത്രത്തിലും കെമിക്കല്‍ സയന്‍സിലും ബിരുദം നേടി. ബുക്കാറസ്റ്റിലെ സെൻട്രൽ സ്‌കൂളില്‍ അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
ഇതിനിടെ റൊമാനിയൻ മിനിസ്‌ട്രി ഓഫ് സയന്‍സില്‍ നിന്ന് സ്കോളർഷിപ്പ് സ്വന്തമാക്കിയ മരസ്‌നീന്‍ പാരീസിലെ റേഡിയം ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം നടത്താൻ തീരുമാനിച്ചു. മേരി ക്യൂറിയുടെ നേതൃത്വത്തിൽ റേഡിയോ ആക്‌ടിവിറ്റിയെ കുറിച്ചുള്ള ഗവേഷത്തിനുള്ള പ്രധാന കേന്ദ്രമായി റേഡിയം ഇൻസ്റ്റിറ്റ്യൂട്ട് മാറിയ കാലഘട്ടമായിരുന്നു അത്. മേരി ക്യൂറിയുടെ പ്രധാന കണ്ടുപിടിത്തങ്ങളിലൊന്നായ പൊളോണിയത്തെ കുറിച്ചാണ് മരസ്‌നീന്‍ ഗവേഷണം നടത്താന്‍ തീരുമാനിക്കുന്നത്.
ഗവേഷണത്തിനിടെ ഏത് ലോഹത്തിലാണോ പൊളോണിയം വച്ചിരിക്കുന്നത് അതിനെ ആശ്രയിച്ചിരിക്കുന്നു പൊളോണിയത്തിന്‍റെ അർധായുസ് എന്ന് മരസ്‌നീന്‍ ശ്രദ്ധിച്ചു. തുടര്‍ന്ന് നടത്തിയ ഗവേഷണമാണ് കൃത്രിമ റേഡിയോ ആക്‌ടിവിറ്റിയുടെ ആദ്യ ഉദാഹരണത്തിലേക്ക് നയിക്കുന്നത്.
കൃത്രിമ മഴയെ കുറിച്ച് ഗവേഷണം: പാരീസിലെ സോർബോൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് രണ്ട് വർഷം കൊണ്ട് മരസ്‌നീന്‍ ഭൗതിക ശാസ്‌ത്രത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി. മ്യൂഡണിലെ ആസ്‌ട്രോണമിക്കല്‍ ഒബര്‍വേറ്ററിയില്‍ നാലുവർഷത്തോളം ജോലി ചെയ്‌ത ശേഷം, റൊമാനിയയിലേക്ക് മടങ്ങിയ അവർ റേഡിയോ ആക്റ്റിവിറ്റിയെക്കുറിച്ചുള്ള പഠനത്തിനായി സ്വന്തം നാട്ടില്‍ ആദ്യത്തെ ലബോറട്ടറി സ്ഥാപിച്ചു. കൃത്രിമ മഴയെക്കുറിച്ചുള്ള ഗവേഷണത്തിനായാണ് മരസ്‌നീന്‍ തന്‍റെ സമയത്തിന്‍റെ ഭൂരിഭാഗവും നീക്കിവച്ചത്.
ഭൂകമ്പവും മഴയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും അവര്‍ ഗവേഷണം നടത്തി. ഭൂകമ്പത്തിലേക്ക് നയിക്കുന്ന പ്രഭവകേന്ദ്രത്തിൽ റേഡിയോ ആക്‌ടിവിറ്റിയിൽ ഗണ്യമായ വർധനവുണ്ടെന്ന് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് മരസ്‌നീനാണ്. 1935ൽ മേരി ക്യൂറിയുടെ മകൾ ഇറേന്‍ ക്യൂറിയും അവരുടെ ഭർത്താവും കൃത്രിമ റേഡിയോ ആക്‌ടിവിറ്റി കണ്ടെത്തിയതിന് നൊബേൽ സമ്മാനം പങ്കിട്ടു.
മരസ്‌നീന്‍ നോബൽ പുരസ്‌കാരത്തിന് മത്സരിച്ചിരുന്നില്ല. എന്നാല്‍ റേഡിയോ ആക്‌ടിവിറ്റിയുടെ കണ്ടെത്തലില്‍ അവരുടെ പങ്ക് അംഗീകരിക്കണമെന്ന ആവശ്യമുയര്‍ന്നു. 1936ൽ റൊമാനിയയിലെ അക്കാദമി ഓഫ് സയൻസസ് മരസ്‌നീനിന്‍റെ കണ്ടുപിടിത്തത്തെ അംഗീകരിച്ചുവെങ്കിലും ആഗോള തലത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം മരസ്‌നീന് ലഭിച്ചില്ല.