കാലിഫോർണിയ: യൂട്യൂബ് (YouTube), ബ്ലോഗ്ഗർ (Blogger), അഡാസെൻസ് (AdSense) തുടങ്ങിയ വിവിധ പ്ലാറ്റ്‌ഫോമുകളിലായി കഴിഞ്ഞ വർഷം ചൈന അനുകൂല അക്കൗണ്ടുകൾ പങ്കിട്ട 50,000ത്തിലധികം ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്‌തതായി ഗൂഗിൾ. 'സ്‌പാമോഫ്ലേജ് ഡ്രാഗൺ', 'ഡ്രാഗൺബ്രിഡ്‌ജ്' എന്നീ പേരുകളിൽ അറിയപ്പെടുന്ന ഗ്രൂപ്പിനെ ബ്ലോക്ക് ചെയ്‌തതായി ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പ് അറിയിച്ചു. ഡ്രാഗൺബ്രിഡ്‌ജ് ചാനലുകളും ബ്ലോഗ് പോസ്റ്റും ചൈന അനുകൂല സന്ദേശങ്ങൾ പ്രോത്സാഹിപ്പിക്കുകയും യുഎസിനെ വിമർശിക്കുകയും ചെയ്യുന്നു.
ചൈനീസ് ഭാഷ സംസാരിക്കുന്നവരെയാണ് സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാൽ ചില വിവരണങ്ങൾ ഇംഗ്ലീഷിലും മറ്റ് ഭാഷകളിലുമാണെന്നും ത്രെറ്റ് അനാലിസിസ് ഗ്രൂപ്പ് വ്യക്തമാക്കി. ഗുരുതരമായ ഭീഷണികൾ മനസിലാക്കുകയും നേരിടുകയും ചെയ്യുക എന്നതാണ് ത്രെറ്റ് അനാലിസിസ് ഗ്രൂപ്പിന്‍റെ (TAG) ദൗത്യം.
ചൈനീസ് അനുകൂല തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന 'ഡ്രാഗൺബ്രിഡ്‌ജ്' അല്ലെങ്കിൽ 'സ്‌പാമോഫ്ലേജ് ഡ്രാഗൺ' എന്നറിയപ്പെടുന്ന ഒരു ഗ്രൂപ്പുമായി ലിങ്ക് ചെയ്‌ത പതിനായിരക്കണക്കിന് അക്കൗണ്ടുകൾ ഗൂഗിളിനന്‍റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പ് അവസാനിപ്പിച്ചു. മിക്ക ഡ്രാഗൺബ്രിഡ്‌ജ് പ്രവർത്തനങ്ങളും രാഷ്ട്രീയ സന്ദേശങ്ങളില്ലാത്ത നിലവാരം കുറഞ്ഞ ഉള്ളടക്കമാണ്. പത്തോ അതിൽ താഴെയോ വ്യൂസ് മാത്രമേ ഉള്ളടങ്ങൾക്ക് ലഭിക്കുന്നുള്ളുവെന്നും വ്യക്തമാക്കി. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനും അമേരിക്ക ഉത്തരവാദികളാണെന്ന് അവകാശപ്പെടുന്ന വിവരണങ്ങളും ഡ്രാഗൺബ്രിഡ്‌ജ് പോസ്റ്റ് ചെയ്‌തു.
2022ലെ യുഎസ് മിഡ്‌ടേം തെരഞ്ഞെടുപ്പിന് മുന്നോടിയായി, യുഎസിലെ രാഷ്ട്രീയ ഭിന്നതകൾ, രാഷ്ട്രീയ അക്രമത്തിനുള്ള സാധ്യതകൾ, ജനാധിപത്യത്തിനെതിരായ ഭീഷണികൾ എന്നിവ ഉയർത്തിക്കാട്ടുന്ന വിവരണങ്ങൾ പ്രചരിപ്പിക്കാൻ ഡ്രാഗൺബ്രിഡ്‌ജ് ശ്രമിച്ച ചാനലുകൾ ഗൂഗിൾ അവസാനിപ്പിച്ചു. ചെറിയ വാർത്ത ക്ലിപ്പുകൾ പോലെയാണ് വിവരണങ്ങൾ അവതരിപ്പിക്കുന്നത്. യുഎസിൽ വോട്ടിംഗ് ഫലപ്രദമല്ലാത്തതും സമയം പാഴാക്കുന്നതുമാണെന്ന് വരുത്തി തീർക്കാനും ഡ്രാഗൺബ്രിഡ്‌ജ് ശ്രമിച്ചുവെന്നും കൂട്ടിച്ചേർത്തു. ഡ്രാഗൺബ്രിഡ്‌ജിന്‍റെ യുഎസ് കേന്ദ്രീകൃത വിവരണങ്ങൾ യുഎസ് സമൂഹത്തെയും ജനാധിപത്യത്തെയും പ്രതികൂലമായി ചിത്രീകരിച്ചു. 2022ൽ, യുഎസ് കൊവിഡ്-19 പ്രതികരണം, വംശീയ അസമത്വം, രാഷ്ട്രീയ വിഭജനം, പണപ്പെരുപ്പം, മറ്റ് വിവാദ വിഷയങ്ങൾ തുടങ്ങിയവയെ കുറിച്ച് ഡ്രാഗൺബ്രിഡ്‌ജ് ഉള്ളടക്കം ഗൂഗിൾ നീക്കം ചെയ്‌തുവെന്നും കമ്പനി പ്രസ്‌താവിച്ചു.