ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോർ മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു. മുംബൈയിലെ തിരക്കേറിയ ബാന്ദ്ര കുർള കോംപ്ലക്‌സിലാണ് ആപ്പിൾ സ്റ്റോർ പ്രവർത്തനം ആരംഭിച്ചത്. ആപ്പിൾ സിഇഒ ടിം കുക്ക് ആപ്പിൾ സ്റ്റോറിന്‍റെ ഉദ്ഘാടനം ഇന്ന് നിർവ്വഹിച്ചു.
നിരവധി ആളുകളാണ് ഗ്രാൻഡ് ഓപ്പണിംഗിൽ പങ്കെടുക്കാനെത്തിയത്. ആദ്യ സ്റ്റോറിന്‍റെ പേര് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ആപ്പിൾ ബികെസി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 20,000 ചതുരശ്ര അടി വ്യാപിച്ച് കിടക്കുന്ന സ്റ്റോർ ആണ് മുംബൈയിലേത്.
20ഓളം ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന 100 പേരുള്ള ടീമാണ് സ്റ്റോറിലുണ്ടാകുക. കറുപ്പും മഞ്ഞയും നിറത്തിലുള്ള ക്യാബിനുകളാണ് സ്റ്റോറിലുള്ളത്. വ്യാഴാഴ്‌ച (ഏപ്രിൽ 20) മറ്റൊരു സ്റ്റോർ ഡൽഹിയിൽ തുറക്കും. ഇന്ത്യയ്ക്ക് വളരെ മനോഹരമായ ഒരു സംസ്‌കാരവും അവിശ്വസനീയമായ ഊർജ്ജവുമുണ്ട്. ദീർഘകാല ചരിത്രം കെട്ടിപ്പടുക്കുന്നതിൽ തങ്ങൾക്ക് ആവേശമുണ്ടെന്ന് ടിം കുക്ക് പറഞ്ഞു. 25 വർഷത്തിലേറെയായി ആപ്പിൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നു. അംഗീകൃത റീട്ടെയിലർമാർ വഴിയും വെബ്സൈറ്റ് വഴിയുമാണ് ഉത്‌പന്നം വിറ്റിരുന്നത്. ചില തടസ്സങ്ങളും കൊവിഡും കാരണമാണ് സ്റ്റോർ തുറക്കാൻ കാലതാമസം നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020-നും 2022-നും ഇടയിൽ ഇന്ത്യയുടെ സ്‌മാർട്ട്ഫോൺ വിപണിയിൽ ഐഫോൺ ഇടം നേടിയിട്ടുണ്ട്. എന്നാൽ കനത്ത വില ഐഫോണിനെ മിക്ക ഇന്ത്യക്കാർക്കും ലഭ്യമല്ലാത്തതാക്കുന്നു. ഇന്ത്യയിലെ ഐഫോൺ വിൽപ്പന അഭിവൃദ്ധി പ്രാപിച്ചത് ഉയർന്ന സാമ്പത്തിക സ്ഥിതി ഉള്ളവരുടെ ഇടയിലാണ്.
സെപ്റ്റംബറിൽ ആപ്പിൾ ഐഫോൺ 14 ഇന്ത്യയിൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ ഉപയോക്താക്കളുടെ വർധനവും ആപ്പിളിന്‍റെ പ്രധാന മാർക്കറ്റായി ഇന്ത്യ മാറും എന്നുമുള്ള ദീർഘവീക്ഷണവുമാണ് കമ്പനിയുടെ തീരുമാനത്തിന് പിന്നിൽ.
കർണാടകയിൽ ഫാക്‌ടറി നിർമിക്കാൻ ആപ്പിൾ : ആപ്പിൾ ഐഫോൺ 14 ഇന്ത്യയിൽ നിർമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കർണാടകയിൽ 300 ഏക്കറിൽ പുതിയ ഫാക്‌ടറി സ്ഥാപിക്കാനാണ് ആപ്പിൾ ഒരുങ്ങുന്നത്. ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ചേർന്നാണ് പ്രഖ്യാപനം നടത്തിയത്.
പുതിയ ഫാക്‌ടറി നിർമിക്കുന്നതോടെ ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് ബസവരാജ് ബൊമ്മൈ അറിയിച്ചു. ഐഫോൺ നിർമാണ പ്ലാന്‍റ് സ്ഥാപിക്കുന്നതിനായി ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പ് 700 മില്യൺ ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ആപ്പിൾ ഇൻക് പങ്കാളികളായ ഹോൺ ഹായ് ടെക്‌നോളജി ഗ്രൂപ്പാണ് ഫോക്‌സകോൺ.
കൂടാതെ ആപ്പിളിന്‍റെ പുതിയ ഇലക്‌ട്രിക് വാഹനങ്ങളുടെ ഭാഗങ്ങളും ഇന്ത്യയിൽ നിർമിക്കുമെന്ന് സൂചനയുണ്ട്. മൊത്തം ഉത്പാദനത്തിന്‍റെ നാലിൽ ഒന്ന് ഇന്ത്യയിൽ നടത്താൻ ആപ്പിൾ ആലോചിക്കുന്നതായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ വെളിപ്പെടുത്തിയിരുന്നു. ഉത്പാദനത്തിന്‍റെ 25 ശതമാനം വരെ ഇന്ത്യയിൽ എത്തിക്കാനാണ് ആപ്പിളിന്‍റെ ലക്ഷ്യം.
Also read : 300 ഏക്കറിൽ ഫാക്‌ടറി, ഒരു ലക്ഷം തൊഴിലവസരങ്ങൾ; കർണാടകയിൽ ഫാക്‌ടറി നിർമിക്കാനൊരുങ്ങി ആപ്പിൾ