ചെന്നൈ (തമിഴ്‌നാട്): ഓൺലൈൻ ചൂതാട്ട നിരോധന ബിൽ ഗവർണറുടെ പരിഗണനയിലിരിക്കെ തമിഴ്‌നാട് ഗവർണർ ആർഎൻ രവിയുമായി കൂടിക്കാഴ്‌ച നടത്തി ഇ-ഗെയിമിംഗ് ഫെഡറേഷൻ (ഇജിഎഫ്) പ്രതിനിധികൾ. ഓൺലൈൻ ഗെയിമുകൾ നിരോധിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് ഇജിഎഫ് നിവേദനം സമർപ്പിച്ചു. റമ്മിയും പോക്കറും ചൂതാട്ടമല്ല കഴിവും ബുദ്ധിയും ഉപയോഗിച്ച് കളിക്കേണ്ടവയാണെന്ന് ഇ-ഗെയിമിംഗ് ഫെഡറേഷൻ പറഞ്ഞു.
' റമ്മിയും പോക്കറും നിരോധിക്കുന്നതിനെതിരെ ഞങ്ങൾ നിയമപരമായ പോരാട്ടത്തിലാണ്. തമിഴ്‌നാട് സർക്കാർ ഉന്നയിക്കുന്ന ബില്ലിന് കീഴിൽ ഈ ഗെയിമുകൾ ചൂതാട്ടമായി കണക്കാക്കി നിരോധിക്കുന്നതിനുള്ള കാരണങ്ങൾ ഭരണഘടന വിരുദ്ധമാണെന്ന് ഇജിഎഫ് സിഇഒ സമീർ ബാർഡെ പറഞ്ഞു. റമ്മിയും പോക്കറും അടക്കമുള്ള ഗെയിമുകൾ ഭാഗ്യപരീക്ഷണങ്ങളല്ല, കഴിവും ബുദ്ധിയും ഉപയോഗിച്ച് കളിക്കേണ്ടവയാണ്. പരാതിയിൽ തീർപ്പുണ്ടാകും വരെ നിയമം നടപ്പാക്കരുതെന്നും സമീർ ബാർഡെ ആവശ്യപ്പെട്ടു.
പണം വെച്ചുള്ള ഓൺലൈൻ ഗെയിമുകളുടെ കെണിയിൽ അകപ്പെട്ട് കടബാധ്യതയിൽ മുങ്ങി നിരവധി യുവാക്കൾ ജീവനൊടുക്കിയിരുന്നു. ഓൺലൈൻ പണതട്ടിപ്പിൽ അകപ്പെട്ട് ആത്‍മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് സർക്കാർ കടുത്ത നടപടിയിലേക്ക് നീങ്ങിയത്.