സാന്‍ഫ്രാന്‍സിസ്‌കോ : ട്വിറ്ററിനെ സ്വന്തമാക്കാന്‍ എലോണ്‍ മസ്‌ക് സമ്മര്‍ദം തുടരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ബോര്‍ഡിനെതിരെ ആക്ഷേപവുമായി കമ്പനിയുടെ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി രംഗത്ത്. പ്രവര്‍ത്തനക്ഷമമല്ലാത്ത ബോര്‍ഡാണ് സ്ഥിരമായി കമ്പനിക്കുള്ളതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ട്വിറ്ററിലൂടെ ഒരു ഉപഭോക്‌താവിന്‍റെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഡോര്‍സി പ്രതികരണം നടത്തിയത്.
മോശമായി പ്രവര്‍ത്തിക്കുന്ന ഒരു ബോര്‍ഡ് നിലവിലിരിക്കെ ട്വിറ്ററിന് നൂറു കോടി ഡോളറിന്റെ മൂല്യം നഷ്ടമാകുമാകുമെന്ന വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് ഗാരി ടാനിന്റെ അഭിപ്രായത്തേയും ഡോര്‍സി പിന്തുണച്ചു. വിഷയത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറാല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. 2021-ല്‍ ട്വിറ്ററില്‍ നിന്ന് വിരമിച്ച ജാക്ക് ഡോര്‍സി, തന്‍റെ 2.2 ശതമാനം ഓഹരിയുമായി അടുത്ത മാസം വരെ ബോർഡ് അംഗമായി തുടരും.
Also read: ട്വിറ്റർ വാങ്ങാന്‍ ഇലോൺ മസ്‌ക് ; വിലയിട്ടത് 41 ബില്യൻ ഡോളർ
ജാക്ക് ഡോര്‍സിയുടെ വിരമിക്കലിന് പിന്നാലെ ട്വിറ്റര്‍ ബോര്‍ഡിന് സ്വന്തമായുള്ള ഓഹരികളും നഷ്ടമായെന്ന് മസ്‌ക് അഭിപ്രായപ്പെട്ടിരുന്നു. നിലവിലെ അവരുടെ സാമ്പത്തിക താൽപ്പര്യങ്ങൾ ഷെയർഹോൾഡർമാരുമായി പൊരുത്തപ്പെടുന്നില്ലെന്നും അന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഴ്‌ചയിലാണ് ട്വിറ്ററിന്‍റെ മുഴുവന്‍ ഓഹരികളും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതായി ടെസ്‌ല സിഇഒ വ്യക്‌തമാക്കിയത്.