റിച്ച്മണ്ട്(വെര്‍ജീനിയ) : രാജ്യത്ത് റഷ്യയുടെ സൈബർ ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നിറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. രാജ്യത്തെ നിർണായക അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ സൈബർ ആക്രമണത്തിന് റഷ്യ ലക്ഷ്യമിടുന്നെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെത്തുടർന്നാണ് ബൈഡന്‍റെ മുന്നറിയിപ്പ്.
ഉപരോധത്തിലൂടെ റഷ്യയ്‌ക്കുണ്ടായ സാമ്പത്തിക നഷ്‌ടത്തിൽ അവർക്ക് അമർഷമുണ്ടെന്നും അതിനാൽ സൈബർ അറ്റാക്കിന്‍റെ സാധ്യത അവർ പരമാവധി ഉപയോഗപ്പെടുത്തുമെന്നും ബൈഡൻ പറഞ്ഞു. രാജ്യത്തെ പ്രധാന കമ്പനികളോടും കരുതിയിരിക്കണമെന്ന് സൈബർ ആക്രമണത്തെ പ്രതിരോധിക്കാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കണമെന്നും ബൈഡൻ നിർദേശിച്ചു.
യുക്രൈനിലെ റഷ്യൻ അധിനിവേശത്ത് വളരെ മുൻപേ തന്നെ റഷ്യൻ ഹാക്കർമാരുടെ ഭീഷണിയെപ്പറ്റി ഫെഡറൽ സര്‍ക്കാര്‍ യുഎസ് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ചില പ്രധാനപ്പെട്ട സ്ഥാപനങ്ങൾ ഈ മുന്നറിയിപ്പുകൾ അവഗണിച്ചതായി ബൈഡന്‍റെ ഡെപ്യൂട്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവ് ആനി ന്യൂബർഗർ പറഞ്ഞു.
ALSO READ: യുക്രൈൻ അതിർത്തിയിൽ സുരക്ഷിത ഇടങ്ങൾ, 3.3 ലക്ഷം പേർക്ക് ഭക്ഷ്യസഹായം: യുഎൻ
ആവർത്തിച്ചുള്ള മുന്നറിയിപ്പ് നൽകിയിട്ടും തങ്ങളുടെ സിസ്റ്റങ്ങളിലെ പിഴവുകൾ തിരുത്താൻ ചില കമ്പനികൾ തയ്യാറാകുന്നില്ല. ഇത് എതിരാളികൾക്ക് അവരുടെ ജോലി വളരെ എളുപ്പമാക്കുന്നു. ഇത് ഏറെ ദോഷം ചെയ്യും. ആനി ന്യൂബർഗർ പറഞ്ഞു.
യുക്രൈനിൽ വർഷങ്ങളായി റഷ്യ സൈബർ ആക്രമണം നടത്തുന്നുണ്ട്. 2017ലെ വിനാശകരമായ നോട്ട്‌പെറ്റ്യ ആക്രമണം ഉൾപ്പെടെ കഴിഞ്ഞ വർഷങ്ങളിൽ യുക്രൈനെതിരെ റഷ്യ കനത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്. ഇത് ലോകത്തെ ആകമാനം ബാധിക്കുകയും ആഗോളതലത്തിൽ 10 ബില്യൺ ഡോളറിലധികം നാശനഷ്‌ടമുണ്ടാക്കുകയും ചെയ്തിരുന്നു.