ഐഫോണിൽ ലൈറ്റിനിങ് പോർട്ടുകള്‍ക്ക് പകരം യുഎസ്‌ബി സി ടൈപ്പ് പരീക്ഷത്തിനൊരുങ്ങി ആപ്പിള്‍. പുതിയ ഐഫോണുകളിൽ ആപ്പിള്‍ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞതായാണ് ബ്ലൂംബെർഗ് പുറത്ത് വിടുന്ന റിപ്പോർട്ടുകള്‍. എന്നാൽ ഇത് എന്ന് പുറത്തിറങ്ങും എന്ന കാര്യത്തിൽ വ്യക്തതയില്ല.
പരീക്ഷണം ആരംഭിച്ചെങ്കിലും 2022ലെ ഐഫോണുകളിൽ സി ടൈപ്പ് ഉണ്ടാകില്ല. 2023ലും സി പോർട്ട് ഐഫോണുകള്‍ ആപ്പിള്‍ പുറത്തിറക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ടെക് അനലിസ്‌റ്റ് മിംഗ്-ചി കുവോയാണ് ഐഫോണുകളിൽ യുഎസ്ബി സി ടൈപ്പ് അവതരിപ്പിക്കുമെന്ന സൂചന നല്‍കിയത്.
2023 ഐഫോണുകളിൽ ആപ്പിൾ യു.എസ്.ബി ടൈപ്-സി പോർട്ട് ഉൾപ്പെടുത്തിയേക്കുമെന്നായിരുന്നു മിംഗ്-ചി കുവോയുടെ ട്വീറ്റ്. 'ഹാർഡ്വെയർ യുഎസ്ബി സി ഐഫോണിന്റെ ഡാറ്റാ ട്രാൻസ്ഫർ വേഗതയും ചാർജിങ് സ്പീഡും വർധിപ്പിക്കും. എന്നാൽ അന്തിമ വിശദാംശങ്ങൾ ഇപ്പോഴും ഐഒഎസ് സപ്പോർട്ടിനെ ആശ്രയിച്ചിരിക്കുന്നു' എന്നായിരുന്നു മിംഗ്-ചി കുവോയുടെ ട്വീറ്റ്.
വിൽക്കുന്ന എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കും പൊതുവായി യുഎസ്ബി സി പോർട്ട് ഉണ്ടായിരിക്കണം എന്ന നിയമ നിർമാണം യൂറോപ്യൻ യൂണിയൻ പ്രഖ്യപിച്ചിരുന്നു. ഇതാണ് യുഎസ്ബി സി യിലേക്ക് മാറാൻ ആപ്പിളിനെയും പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.