സാന്‍ ഫ്രാന്‍സിസ്‌കോ: ഐ ഫോണിന്‍റെ ഓപ്പറേറ്റിങ് സിസ്‌റ്റമായ ഐഒഎസ് 16 ലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ കഴിയാത്തതോ ആഗ്രഹിക്കാത്തതോ ആയ ഉപകരണങ്ങൾക്കുള്ള സുരക്ഷ അപ്‌ഡേറ്റുകളും പാച്ചുകളും ഉള്‍പ്പെടുത്തി ഐഒഎസ് 15.7, ഐപാഡ് ഒഎസ് 15.7.1എന്നിവ പുറത്തിറക്കി ടെക് ഭീമൻ ആപ്പിൾ. ഐഒഎസ് 16.1 ലും മാക് ഒഎസ് വെന്‍റ്യൂറയിലും കണ്ടുവരുന്ന സമാന ബഗുകള്‍ പരിഹരിച്ചുകൊണ്ടുള്ള സുരക്ഷ അപ്‌ഡേറ്റുകള്‍ ഉള്‍പ്പടെയാണ് പുതുക്കിയ ഐഒഎസ് 15 ഉം ഐപാഡ് ഒഎസ് എത്തിയിരിക്കുന്നതെന്ന് സാങ്കേതിക വിദഗ്‌ദരുടെ കൂട്ടായ്‌മയായ ആപ്പിള്‍ ഇന്‍സൈഡര്‍ അറിയിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ഐഒഎസ് 15.7., ഐപാഡ് ഒഎസ് 15.7.1 എന്നിവയിലേക്ക് മാറാന്‍ കഴിയുമെങ്കില്‍ എത്രയും വേഗം മാറാന്‍ ശ്രമിക്കണമെന്നും ഇവര്‍ അറിയിക്കുന്നു.
ഉപയോക്താവിനെ അപകടത്തിലാക്കുന്ന സുരക്ഷ പ്രശ്‌നങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പായാണ് ഐഒഎസില്‍ പുതുതായുള്ള ഈ അപ്‌ഡേറ്റ്. ഇത് ആപ്പിള്‍ ന്യൂറല്‍ എഞ്ചിന്‍, ഓഡിയോ, ഫേസ്‌ടൈം, ഗ്രാഫിക്‌സ് ഡ്രൈവര്‍, ഇമേജ് പ്രൊസസിങ്, കേര്‍ണല്‍, സഫാരി, വെബ്‌കിറ്റ്, വൈഫൈ, സ്‌ലിബ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെയും നേരിടുന്നതായി ആപ്പിള്‍ ഇന്‍സൈഡര്‍ വ്യക്തമാക്കി. ഐ ഫോണ്‍ 6എസ്സും അതിന് മുകളിലെ ശ്രേണികളിലും, ഐപാഡിന്‍റെ എല്ലാ പ്രൊ മോഡലുകളിലും, ഐപാഡ് എയര്‍2 ഉം അതിന് മുകളിലുള്ള സീരീസുകളിലും പുതുക്കിയ പതിപ്പ് ലഭ്യമാകും. ഐപാഡ് 5 സീരീസും ഇതിന് മുകളിലുള്ളവയിലും ഐപാഡ് മിനി 4 ഉം ഇതിന് ശേഷമുള്ളവയിലും ഐപോഡ് ടച്ച് (ഏഴാം സീരീസ്) എന്നിവയിലും പുതിയ സുരക്ഷ അപ്‌ഡേറ്റുകള്‍ ലഭ്യമാകും.
ഉപകരണങ്ങളുടെ സെറ്റിങ്സിലുള്ള 'ജനറല്‍' ഓപ്‌ഷനിലെ 'സോഫ്‌റ്റ്‌വെയര്‍ അപ്‌ഡേറ്റ്' മുഖേന ഈ അപ്‌ഡേറ്റുകള്‍ ഉപയോക്താവിന് സ്വമേധയ ഇൻസ്‌റ്റാൾ ചെയ്യാനാകും. ഓട്ടോമാറ്റിക് അപ്‌ഡേറ്റ് പ്രവര്‍ത്തനക്ഷമമാക്കിയ ഉപയോക്താക്കള്‍ക്ക് ഒറ്റ രാത്രി കൊണ്ട് തന്നെ ഇത് തനിയെ ഇൻസ്‌റ്റാൾ ചെയ്യപ്പെടുമെന്നും ആപ്പിള്‍ ഇന്‍സൈഡര്‍ അറിയിക്കുന്നു. അതേസമയം ഐഫോണ്‍ 6എസ്, ഐഫോണ്‍ 7എന്നീ ഉപകരണങ്ങളില്‍ ഐഒഎസ് 16 ലഭ്യമാകുമെന്നിരിക്കെ ഐപോഡ് ടച്ചിന് ഈ പിന്തുണ ലഭിക്കില്ലെന്ന് കമ്പനി മുമ്പ് അറിയിച്ചിരുന്നു.