ഹൈദരാബാദ്: ലോക പ്രശസ്‌ത ഇ- കൊമേഴ്‌സ് കമ്പനിയായ ആമസോണിന്‍റെ വെബ് സര്‍വീസസ് ഏഷ്യ പസഫിക്ക് പ്രാദേശിക കേന്ദ്രം ഹൈദരാബാദില്‍ ആരംഭിച്ചു. അടുത്ത എട്ട് വർഷത്തിനുള്ളിൽ അതായത്, 2030ഓടെ 36,300 കോടി രൂപയുടെ നിക്ഷേപത്തോടെ, ഓരോ വർഷവും ശരാശരി 48,000 തൊഴിലവസരങ്ങൾ നല്‍കാന്‍ സാധിക്കുമെന്ന് കമ്പനി പറഞ്ഞു. ഏഷ്യ പസഫിക്ക് രാജ്യങ്ങളിലെ മൂന്ന് ലഭ്യത മേഖലകളില്‍ പ്രാദേശിക കേന്ദ്രങ്ങള്‍ സേവനം നല്‍കുമെന്നും കമ്പനി അറിയിച്ചു.
2016ല്‍ മുംബൈയിലാണ് ഇന്ത്യയില്‍ ആദ്യമായി ഏഷ്യ പസഫിക് പ്രാദേശിക കേന്ദ്രം ആരംഭിച്ചത്. ഹൈദരാബാദില്‍ ആരംഭിച്ചത് ഇവരുടെ രണ്ടാമത്തെ കേന്ദ്രമാണ്. ഡാറ്റ കേന്ദ്രങ്ങളിലൂടെ സംഘടനകള്‍ക്കും ഉപഭോക്താക്കള്‍ക്കും കമ്പനി അംഗങ്ങള്‍ക്കും സുരക്ഷിതവും വേഗത്തിലുള്ളതുമായ സേവനങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്ന് ആമസോണ്‍ ഡാറ്റ&ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ സര്‍വീസ് വിഭാഗത്തിന്‍റെ വൈസ് പ്രസിഡന്‍റ് പ്രസാദ് കല്യാണ രാമന്‍ പറഞ്ഞു.
200ലധികം സാങ്കേതിക സേവനങ്ങള്‍: ഹൈദരാബാദില്‍ പ്രവര്‍ത്തനമാരംഭിച്ച കേന്ദ്രത്തിന് ക്ലൗഡ് കംപ്യൂട്ടിങ്, സ്‌റ്റോറേജ്, ഡാറ്റബേസ്, നെറ്റ്‌വര്‍ക്കിങ്, അനലറ്റിക്‌സ്, മെഷിന്‍ ലേര്‍ണിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ്, ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്‍റ്, ഓഗ്മെന്‍റഡ് റിയാലിറ്റി തുടങ്ങി 200ലധികം സാങ്കേതിക സേവനങ്ങള്‍ നല്‍കാന്‍ സാധിക്കും. 2030ഓടെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തെ 62000 കോടിയായി ഉയര്‍ത്താന്‍ സാധിക്കുമെന്ന് കല്യാണ രാമന്‍ വ്യക്തമാക്കി. ആമസോണിന്‍റെ പുതിയ കേന്ദ്രം ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ ഒരു ഉത്പ്രേരകമായി പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്‌തു.
2020 നവംബര്‍ ആറിനാണ് തെലങ്കാനയില്‍ 20, 761 കോടി നിക്ഷേപത്തോടെ പുതിയ പ്രാദേശിക കേന്ദ്രം ആരംഭിക്കുമെന്ന് ആമസോണ്‍ വെബ് സര്‍വീസ് പ്രഖ്യാപിച്ചത്. കൂടാതെ, മൂന്ന് മേഖലകളില്‍ ആമസോണിന്‍റെ ഡാറ്റ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും അറിയിച്ചിരുന്നു. തെലങ്കാന മന്ത്രി കെ ടി രാമറാവോ അടിയന്തരമായി ഇതിനോട് പ്രതികരിക്കുകയും കെട്ടിട നിര്‍മാണത്തിനായി സ്ഥലം അനുവദിച്ചുെകാടുക്കുകയും ചെയ്‌തു.
ALSO READ: 90 ദിവസം കഴിയാതെ ഇനി ബ്ലൂ ടിക്കില്ല; വേരിഫൈഡ് വ്യാജന്മാരെ പിടികൂടാൻ മസ്‌ക്
ഡാറ്റ കേന്ദ്രം വഴി അഭിവൃദ്ധി രാജ്യം മുഴുവനും: റങ്ക റെഡ്ഡി ജില്ലയിലെ ഇലക്‌ട്രോണിക് സിറ്റിയില്‍ 50 ഏക്കറും കണ്ടുകുരു മണ്ഡലത്തിലെ മിര്‍ഖന്‍പേട്ടില്‍ 48 ഏക്കറും ഷഹബ് മണ്ഡലത്തിലെ ചന്ദനവെള്ളിയില്‍ 38 ഏക്കറുമാണ് സ്ഥലം അനുവദിച്ചത്. ഈ സ്ഥലങ്ങളില്‍ ആമസോണ്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. ഹൈദരാബാദിലെ ആമസോണ്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെ കെ. ടി രാമ റാവോ സ്വാഗതം ചെയ്‌തു.
ഏകദേശം 36,000 കോടി രൂപ നിക്ഷേപം നടത്തി ആമസോണ്‍ കമ്പനി പ്രതിബദ്ധത പ്രകടിപ്പിച്ചതായി മന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി. ഡാറ്റ സെന്‍റര്‍ ഹബ് തെലങ്കാനയില്‍ സ്ഥാപിതമാകുക വഴി സംസ്ഥാനം മാത്രമല്ല, രാജ്യം മുഴുവനും ശക്തിപ്പെടുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.