സാൻഫ്രാൻസിസ്കോ : ഇ- കൊമേഴ്‌സ് ഭീമനായ ആമസോൺ തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടാനുള്ള ആദ്യഘട്ട നടപടികൾ ആരംഭിച്ചു. ജീവനക്കാർക്ക് ഇതുമായി ബന്ധപ്പെട്ട നോട്ടിസ് അയച്ചെന്നാണ് വിവരം. 18000-ല്‍ അധികം പേരെ പിരിച്ചുവിടുമെന്നാണ് ആമസോൺ സിഇഒ ആൻഡി ജാസി നേരത്തെ അറിയിച്ചത്.
ആമസോൺ സ്‌റ്റോർ ജീവനക്കാരെയാണ് കൂട്ടപ്പിരിച്ചുവിടൽ പ്രധാനമായും ബാധിക്കുകയെന്നാണ് റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ എത്ര ജീവനക്കാരെയാണ് പിരിച്ചുവിടുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ പിരിച്ചുവിടൽ പ്രഖ്യാപിച്ച് ഇതിനോടകം 2300 ലധികം ജീവനക്കാരെ വാഷിങ്ടണിൽ ജോലിയില്‍ നിന്ന് നീക്കിയിട്ടുണ്ട്.
ആഗോള സമ്പദ് വ്യവസ്ഥയിലെ മാന്ദ്യം ചൂണ്ടിക്കാട്ടിയാണ് നടപടി. കോവിഡ് കാലത്ത് വന്‍തോതില്‍ നിയമനങ്ങള്‍ നടത്തിയിരുന്ന സ്ഥാപനമാണ് ആമസോണ്‍. എന്നാൽ 2022 നവംബറില്‍, കുറഞ്ഞത് പതിനായിരം പേരെയെങ്കിലും പിരിച്ചുവിടുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.
പിരിച്ചുവിടല്‍ ആളുകള്‍ക്ക് വലിയ പ്രയാസമാകുമെന്ന് കമ്പനി നേതൃത്വം മനസിലാക്കുന്നുണ്ടെന്ന് ആമസോണ്‍ സിഇഒ ആന്‍ഡി ജാസി പറഞ്ഞു. ആഗോള തലത്തില്‍ താത്കാലിക ജീവനക്കാരെ കൂടാതെ കമ്പനിക്ക് 16 ലക്ഷം സ്ഥിരജീവനക്കാരുണ്ട്.