ലോക രാജ്യങ്ങൾ കൊവിഡിനെതിരെ പോരാടുകയാണ്. ഈ പോരാട്ടങ്ങൾക്ക് ആക്കം പകരാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകവും. ഇപ്പോൾ അമേരിക്കയിൽ നിന്ന് വരുന്ന വാർത്തകളും അത്തരത്തിലുള്ളതാണ്. കൊവിഡ് വൈറസിനെ തിരിച്ചറിയാൻ കഴിയുന്ന മാസ്ക് വികസിപ്പിച്ചിരിക്കുകയാണ് അമേരിക്കയിൽ.
മസാചൂസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും (എംഐടി) ഹാർവാർഡ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ ഇൻസ്പയർഡ് എഞ്ചിനീയറിംഗിലെയും ശാസ്ത്രജ്ഞർ ചേർന്നാണ് മാസ്‌ക് വികസിപ്പിച്ചെടുത്തത്. മാസ്‌കിലുള്ള ബയോസെൻസർ സാങ്കേതികവിദ്യയാണ് വൈറസിനെ തിരിച്ചറിയുന്നത്. KN 95 മാസ്‌കാണ് ബയോസെൻസർ ഘടിപ്പിക്കാൻ ഉപയോഗിക്കുന്നത്. മാസ്‌ക് ധരിച്ച് 90 മിനിട്ടിനുള്ളിൽ കൊവിഡ് ബാധിതനാണോ എന്നറിയാം.
മാസ്‌ക് ധരിക്കുന്ന വ്യക്തിയുടെ നിശ്വാസത്തിലുള്ള വൈറസിന്‍റെ സാന്നിധ്യമാണ് ബയോസെൻസർ തിരിച്ചറിയുന്നത്. മാസ്‌കിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസർ ആക്ടിവേറ്റ് ചെയ്‌ത് വൈറസ് ഉണ്ടോയെന്ന് പരിശോധിക്കാം. ഫലം മാസ്കിലെ റീഡ്ഔട്ട് സ്ട്രിപ്പിൽ തെളിഞ്ഞുവരും. ആന്‍റിജൻ പരിശോധനയുടെ വേഗതയും കുറഞ്ഞ ചെലവും പിസിആർ ടെസ്റ്റുകളുടെ കൃത്യതയും ഈ ഫെയ്‌സ് മാസ്‌കുകൾക്ക് ഉണ്ടെന്നാണ് ഗവേഷകരുടെ വാതം.
നേച്ചർ ബയോ ടെക്നോളജി ജേണലിൽ "ബയോമോളിക്യൂൾ ഉപയോഗിച്ച് ധരിക്കാവുന്ന സിന്തറ്റിക് ബയോളജി സെൻസറുകളുള്ള വസ്തുക്കൾ" എന്ന പേരിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വൈറസിനെ തിരിച്ചറിയുന്ന മാസ്‌കുകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചത്. ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യുന്നവർക്ക് സുരക്ഷ വസ്ത്രങ്ങൾ നിർമിക്കാം. വിഷ വസ്തുക്കൾ, വൈറസ്, ബാക്ടീരിയ തുടങ്ങിയവയെ മുൻകൂട്ടി തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നും ഗവേഷണത്തിന്‍റെ ഭാഗമായിരുന്ന ശസ്ത്രജ്ഞ നീന ഡോങ്‌ജിയ പറഞ്ഞു.