മൂന്നാം തവണയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത് ഷി ജിന്‍പിങ് എത്തിയതോടെ അദ്ദേഹത്തെ മാവോയെക്കാള്‍ ശക്തനെന്ന് വിശേഷിപ്പിച്ച് രാഷ്‌ട്രീയ നിരീക്ഷകര്‍. മാവോ സേതൂങ്ങിന് ശേഷം രണ്ടിലധികം തവണ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായി ചരിത്രത്തില്‍ ഇടംനേടുന്ന നേതാവാണ് ഷി ജിന്‍പിങ്. ഷി മൂന്നാം തവണയും പ്രസിഡന്‍റാവുക കൂടി ചെയ്‌താല്‍ ചൈനയുടെ സമ്പത്ത് വ്യവസ്ഥ, വിദേശ ബന്ധങ്ങള്‍, മനുഷ്യാവകാശം എന്നീ മേഖലകളില്‍ സുപ്രധാന നയങ്ങള്‍ ഉണ്ടായേക്കുമെന്നാണ് വിദഗ്‌ധരുടെ നിരീക്ഷണം.
ബെയ്‌ജിങ്ങിലെ ഗ്രേറ്റ് ഹാളില്‍ നടന്ന 20-ാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുതിയ കേന്ദ്ര നേതൃത്വത്തെ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ ഉന്നത നേതാവായി ഷി ജിന്‍പിങ്ങിനെ വാഴിച്ചപ്പോള്‍ ഷിയുടെ വിശ്വസ്‌തര്‍ക്കെല്ലാം പൊളിറ്റ്ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഇടം നല്‍കി. ഉന്നത സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടവരുടെ പട്ടികയില്‍ ഒരു സ്ത്രീയുടെ പേരു പോലും ഉയര്‍ന്നു വരാതിരുന്നതിനെ വളരെ ഗൗരവത്തോടെയാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ കാണുന്നത്.
അതിനു കാരണം മറ്റൊന്നുമല്ല. ചൈനയിലെ സുപ്രാധനമായ അധികാര കേന്ദ്രമായി മാറിയ ഷി ജിന്‍പിങ്ങിനെതിരെ ചെറുവിരല്‍ അനക്കാന്‍ പോലുമുള്ള ധൈര്യം ആര്‍ക്കുമില്ല എന്ന് സ്റ്റേറ്റ് മീഡിയ പുതിയതായി പുറത്തു വിട്ട റിപ്പോര്‍ട്ട് പറയുന്നു. 'ഷി അദ്ദേഹത്തിന്‍റെ അടുത്ത അനുയായികളുമായി സ്റ്റാന്‍ഡിങ് കമ്മിറ്റി ഉണ്ടാക്കിയിരിക്കുന്നു. ഒരു ഏകാധിപതിയായി ഷി ജിന്‍പിങ് വളര്‍ന്നിരിക്കുന്നു എന്നത് വളരെയധികം ദൃശ്യമാണ്.
ചൈനയിലെ ജനങ്ങള്‍ ഷിയുടെ റാന്‍ മൂളികളാകാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഏകാധിപതി സിംഹാസനത്തില്‍ ഇരിക്കുന്നത് കാണാനായി അവര്‍ കാത്തിരിക്കുന്നു', അടുത്തിടെ തായ്‌വാനില്‍ നടന്ന ഒരു രാഷ്‌ട്രീയ സദസില്‍ വച്ച് മംഗോളിയന്‍ വംശീയ പ്രവര്‍ത്തകനായ ഷി ഹൈമിങ് പറഞ്ഞ വാക്കുകളാണിത്. ചൈന നിലവില്‍ മാവോ യുഗത്തിലേക്ക് മടങ്ങി എത്തിയിരിക്കുന്നു എന്ന് ഒരു ചൈനീസ് മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന കൂട്ടായ നേതൃത്വം എന്ന സമ്പ്രദായം അസ്‌തമിച്ചതായി രാഷ്‌ട്രീയ നിരീക്ഷകന്‍ വെന്‍ ഷിയാങ് അഭിപ്രായപ്പെട്ടു. പരമോന്നത നേതാവ് മാവോയെക്കാള്‍ കൂടുതൽ കാര്യങ്ങൾ ഷിക്ക് പറയാനുണ്ട്. അതിനാല്‍ മാവോയെക്കാള്‍ അധികാരവും ഷി ജിൻപിങ്ങിനുണ്ട് എന്നാണ് മുതിർന്ന ചൈനീസ് രാഷ്‌ട്രീയ നിരീക്ഷകനായ വു ഗുവോഗ്വാങ് പറയുന്നത്.