ഹൈദരാബാദ് : നവംബര്‍ 15ന് ലോക ജനസംഖ്യ 800 കോടിയിലെത്തും. ലോക ജനസംഖ്യ ദിനത്തില്‍ വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്‌പക്റ്റ് 2022 (WPP 2022) പുറത്തിറക്കിയ കണക്ക് പ്രകാരമാണ് ഇത്. 2023ല്‍ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്‌പക്റ്റ് കണക്കാക്കുന്നു.
ഈ വര്‍ഷത്തെ ലോക ജനസംഖ്യ ദിനം കടന്ന് പോകുന്നത് ഭൂമിയിലെ 800-ാം കോടി അംഗം ജനിക്കുന്ന ഒരു നിര്‍ണായക ഘട്ടത്തിലൂടെയാണെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു. പൊതുവായ മാനവികത അംഗീകരിക്കുന്നതോടൊപ്പം വൈവിധ്യത്തെ ആഘോഷിക്കാനുള്ള അവസരമാണിത്.
ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും ശിശു-മാതൃ മരണനിരക്കുകള്‍ കുറയ്‌ക്കുന്നതിന് കാരണവുമായ വൈദ്യ ശാസ്‌ത്രത്തിലെ പുരോഗതിയില്‍ ഈ അവസരത്തില്‍ നമുക്ക് അത്ഭുതം കൂറുകയും ചെയ്യാം. പ്രകൃതി സംരക്ഷണത്തില്‍ നമ്മുടെ കൂട്ടായ ഉത്തരവാദിത്വത്തെ കുറിച്ച് ഓര്‍ക്കുന്നതിനും പരസ്‌പരമുള്ള ഉത്തരവാദിത്വത്തില്‍ എവിടെയാണ് കുറവ് വന്നത് എന്നതിനെ കുറിച്ച് ഗാഢമായി ചിന്തിക്കേണ്ട സമയം കൂടിയാണ് ഇതെന്നും ഗുട്ടറസ് വ്യക്തമാക്കി.
1950ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനസംഖ്യ വളര്‍ച്ചാനിരക്കിലൂടെയാണ് ലോകം കടന്ന് പോകുന്നത്. 2020ല്‍ ലോകത്തിലെ ജനസംഖ്യ വളര്‍ച്ച നിരക്ക് ഒരു ശതമാനത്തിന് താഴെയായി. ലോക ജനസംഖ്യ 2030 ഓടെ 850 കോടിയും 2050ല്‍ 970 കോടിയുമാകുമെന്നാണ് ഐക്യരാഷ്‌ട്രസഭ കണക്കാക്കുന്നത്. 2080ല്‍ 1,040 കോടിയായി ലോക ജനസംഖ്യ പാരമ്യത്തിലെത്തും. 2100 വരെ ഈ നിലയില്‍ തുടരും.
കഴിഞ്ഞ ദശാബ്‌ദങ്ങളില്‍ ജനനനിരക്ക് പല രാജ്യങ്ങളിലും കാര്യമായി കുറഞ്ഞിട്ടുണ്ടെന്ന് WPP 2022 വ്യക്തമാക്കുന്നു. ഒരു സ്ത്രീക്ക് 2.1 കുട്ടികള്‍ എന്ന ജനനനിരക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളിലോ പ്രദേശത്തോ ആണ് ലോകത്തിലെ മൂന്നില്‍ രണ്ട് ജനങ്ങളും അധിവസിക്കുന്നത്. ഒരു സ്ത്രീക്ക് 2.1 കുട്ടികള്‍ എന്നത് മരണനിരക്ക് കുറവുള്ള ജനപഥത്തില്‍ ജനസംഖ്യ വളര്‍ച്ച നിരക്ക് പൂജ്യമാക്കും.
2022 മുതല്‍ 2050 വരെയുള്ള കാലയളവിനിടയില്‍ 61 രാജ്യങ്ങളില്‍ ജനസംഖ്യ നിരക്കില്‍ ഒരു ശതമാനത്തിന്‍റെ കുറവുണ്ടാകും. ഇതിന് കാരണം ജനനനിരക്കിലെ സ്ഥായിയായ കുറവും ചില രാജ്യങ്ങളില്‍ മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റവുമാണ്. 2050 വരെയുള്ള ലോക ജനസംഖ്യ വളര്‍ച്ചാനിരക്കിന്‍റെ അമ്പത് ശതമാനവും എട്ട് രാജ്യങ്ങളില്‍ നിന്നായിരിക്കും. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഈജിപ്‌ത്, എത്യോപ്യ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ രാജ്യങ്ങളാണ് ഇവ.
ഉയര്‍ന്ന ജനസംഖ്യ വര്‍ധനവ് ദാരിദ്ര്യ നിര്‍മാര്‍ജനം, പട്ടിണിയും പോഷകാഹാരക്കുറവും പരിഹരിക്കല്‍, പൊതുജനാരോഗ്യവും വിദ്യാഭ്യാസവും വിപുലപ്പെടുത്തല്‍ എന്നിവ കൂടുതല്‍ സങ്കീര്‍ണമാക്കുന്നുവെന്ന് ഐക്യരാഷ്‌ട്രസഭയുടെ സാമ്പത്തിക സാമൂഹികകാര്യ അണ്ടര്‍ സെക്രട്ടറി ജനറല്‍ ലിയു ഷെന്‍മിന്‍ പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് ജനനനിരക്ക് കുറയുന്നതിലേയ്ക്ക് വഴിവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത കാലത്തായി ജനനനിരക്കിലെ കുറവ് കാരണം സബ് സഹാറന്‍ ആഫ്രിക്ക, ഏഷ്യയിലേയും ലാറ്റിന്‍ അമേരിക്കയിലേയും ചില ഭാഗങ്ങള്‍, കരീബിയ എന്നിവിടങ്ങളില്‍ ജോലിയെടുക്കുന്ന ജനവിഭാഗത്തിന്‍റെ (25 മുതല്‍ 64 വയസ് വരെ) എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് യുഎന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ജനസംഖ്യ ഘടനയിലെ ഈ മാറ്റം പ്രതിശീര്‍ഷ വരുമാനം വര്‍ധിപ്പിക്കാനുള്ള മികച്ച അവസരമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ഇതിനെയാണ് 'ജനസംഖ്യാപരമായ ലാഭം' (Demographic Dividend) എന്ന് വിശേഷിപ്പിക്കുന്നത്. ജനസംഖ്യ ഘടനയിലുണ്ടായ ഈ അനുഗുണമായ മാറ്റത്തിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് രാജ്യങ്ങള്‍ മനുഷ്യവിഭവ ശേഷിയില്‍ കൂടുതലായി നിക്ഷേപിക്കണമെന്നും യുഎന്‍ വ്യക്തമാക്കുന്നു.