2003 നവംബറില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഒപ്പുവെച്ച വെടി നിര്‍ത്തല്‍ കരാര്‍ പുതുക്കുകയും ഇത് സംബന്ധിച്ച് ഉണ്ടാക്കിയിരിക്കുന്ന അഭിപ്രായ സമന്വയം ഹൂറിയത്തിനും പാക്കിസ്ഥാനും ഇടയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന അസ്വാരസ്യങ്ങളുടെയും യഥാര്‍ഥ നിയന്ത്രണ രേഖയിലെ (എൽഎസി) സംഘര്‍ഷം അയവുവരുത്തല്‍ പ്രക്രിയയുടെയും പശ്ചാത്തലത്തിൽ ഏറെ നിര്‍ണായകമായി മാറുന്നു.
കഴിഞ്ഞ ആഴ്‌ച വരെ അതിര്‍ത്തിയിൽ ഇടക്കിടെയുള്ള ഏറ്റുമുട്ടലുകള്‍ തുടർന്ന് വരികയായിരുന്നു. പ്രത്യേകിച്ച് 2014ല്‍ ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം അതിൽ യാതൊരു അയവും വന്നിട്ടില്ല. ഏതെങ്കിലും ഒരു രാജ്യം പ്രസ്‌താവന ഇറക്കുമ്പോഴും ഒരു രാജ്യത്തിന്‍റെ നടപടി രാജ്യത്തിന്‍റെ നയത്തിന് യോജിക്കുന്നതല്ല എന്ന് തോന്നുമ്പോള്‍ ആ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തേണ്ടി വരികയോ ചെയ്യുമ്പോള്‍ ഏറ്റുമുട്ടലുകൾ കൂടുതല്‍ ഗുരുതരമായി മാറുന്ന സ്ഥിതിയാണ് കാണുന്നത്.
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ഓഗസ്റ്റ് അഞ്ചിലെ നടപടി പാക്കിസ്ഥാന് ഒട്ടും തന്നെ ഇഷ്‌ടപ്പെട്ടിട്ടില്ല. വെടി നിര്‍ത്തല്‍ മേഖലയിലെ പ്രദേശങ്ങളിൽ കനത്ത ആക്രമണങ്ങള്‍ പാകിസ്ഥാൻ അഴിച്ചു വിട്ടു. ആഴ്‌ചകളോളവും മാസങ്ങളോളവും ഈ ജനത ഷെല്ലാക്രമങ്ങളിലാണ് ജീവിച്ചത്. നിയന്ത്രണ രേഖ എന്ന് (എല്‍ഒസി) അറിയപ്പെടുന്ന ഈ പ്രദേശം ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുന്നു. ഒന്ന് ഇന്ത്യൻ ഭാഗത്തുള്ള കശ്‌മീരും, മറുവശത്ത് പാക് അധീന കശ്‌മീരും. ഇരുഭാഗങ്ങളുടേയും രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണ് വെടി നിര്‍ത്തല്‍ ലംഘനം എന്നുള്ള കാര്യം പ്രതിഫലിപ്പിച്ചുകൊണ്ടാണ് ഏറ്റുമുട്ടലുകൾ സംഭവിക്കുന്നത്. ഏതെങ്കിലും ഒരു ഭാഗത്തിന് മറുഭാഗത്തോടുള്ള എതിര്‍പ്പ് കാട്ടേണ്ടി വരുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളുടെ പ്രതിഫലനമായി വെടി നിര്‍ത്തല്‍ ലംഘനമാണ് ഇവിടെ സംഭവിക്കുന്നത്.
ഫെബ്രുവരി 24ന് പ്രാബല്യത്തില്‍ വന്ന പുതുക്കിയ വെടി നിര്‍ത്തല്‍ കരാറോടെ ആക്രമങ്ങൾ കുറഞ്ഞിരിക്കുന്നു. നിയന്ത്രണ രേഖയിലെ നിശബ്‌ദത പലപ്പോഴും അശുഭ സൂചനയായാണ് കാണാറുള്ളത്. കാരണം അത് ഒരിക്കലും ദീര്‍ഘകാലം നീണ്ടു നില്‍ക്കില്ല എന്നു മാത്രമല്ല, ഇടക്കിടെയുള്ള ഷെല്ലിങ്ങും അതിനെ തുടര്‍ന്നുണ്ടാകുന്ന പരസ്പര വെടിവയ്‌പുമൊക്കെയായി പല അപ്രതീക്ഷിത സംഭവങ്ങളും സൃഷ്ടിക്കാറുണ്ട്.
മഞ്ഞുരുകുമ്പോള്‍ അല്ലെങ്കില്‍ മഞ്ഞ് വീഴ്‌ച ആരംഭിക്കുന്നതിന് തൊട്ടു മുന്‍പുള്ള സമയങ്ങളിലാണ് ഭീകരര്‍ നുഴഞ്ഞു കയറുവാനുള്ള ശ്രമങ്ങള്‍ നടത്താറുള്ളത്. പാക്കിസ്ഥാനും ഇന്ത്യക്കുമിടയിലുള്ള അതിര്‍ത്തി കേന്ദ്രങ്ങളില്‍ പരസ്പരം വെടി വയ്‌പ്പൊന്നും ഇല്ലാത്തിടത്തോളം കാലം ജമ്മു-കശ്മീരിലേക്ക് ഭീകരര്‍ കൂട്ടത്തോടെ കടന്നു കയറുന്നത് സംഭവിക്കുകയില്ല. മിക്കപ്പോഴും പാക്കിസ്ഥാൻ ഇന്ത്യക്ക് നേരെ വെടിയുതിര്‍ത്തു കൊണ്ട് ഇന്ത്യന്‍ സേനയെ ആ ഏറ്റുമുട്ടലില്‍ വ്യാപൃതരാക്കി ഒരു മറ സൃഷ്ടിക്കുമ്പോഴാണ് ജമ്മു കശ്മീരിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറുവാന്‍ ശ്രമിക്കുന്നത് എന്നുള്ളത് ഏവര്‍ക്കും അറിയാവുന്ന വസ്തുതയാണ്.
എന്നാല്‍ പുതുതായി പ്രാബല്യത്തില്‍ വരുത്തിയ സമാധാനം ഇത്തരം നുഴഞ്ഞു കയറ്റ ശ്രമങ്ങളില്‍ വലിയ മാറ്റമാണ് സൃഷ്ടിക്കാന്‍ പോകുന്നത്. ഭീകര പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ സാധ്യമാകുന്ന ഏറ്റവും കുറഞ്ഞ തലത്തിലേക്ക് അത് എത്തിക്കുകയോ ചെയ്യുന്നതിനായി ഒരു പിന്‍വാതില്‍ നയതന്ത്ര ശ്രമത്തിലൂടെ എങ്ങിനെയാണ് ഇരു രാജ്യങ്ങളും കരാറില്‍ എത്തിയിരിക്കുന്നത് എന്നതിലേക്ക് ഏറെ വെളിച്ചം വീശുന്ന ഒന്നായി മാറി ഫെബ്രുവരി 25ന് ഇന്ത്യന്‍ സൈന്യത്തിന്‍റെ തലവന്‍ നര്‍വാണെ പുറത്തിറക്കിയ പ്രസ്‌താവന.
ഒരു വശത്ത് വെടി നിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്‌ത സൈനിക തലവന്‍ അതേസമയം തന്നെ ഭീകരര്‍ക്കെതിരെയുള്ള നടപടികള്‍ തുടരുമെന്ന് പറഞ്ഞത് അവര്‍ക്കിനി പുറത്തേക്ക് കടക്കാന്‍ വേറെ വഴിയൊന്നുമില്ല എന്നാണ് അര്‍ഥമാക്കുന്നതാണ്. യഥാര്‍ഥത്തില്‍ ഈ വെടി നിര്‍ത്തല്‍ രേഖയാണ് ഭീകരര്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുവാനും തിരിച്ചു പോകുവാനും വഴിയൊരുക്കുന്നത്. ഇവിടെ പരസ്പരമുള്ള വെടിവയ്‌പ് നിലച്ചാല്‍ അതിര്‍ത്തിക്ക് അപ്പുറത്തേക്കും ഇപ്പുറത്തേക്കും വരുവാനോ പോകുവാനോ യാതൊരു തരത്തിലുമുള്ള പിന്തുണയ്ക്കും പിന്നീട് സാധ്യതയില്ലാതായി മാറുന്നു.
എക്കാലത്തും തങ്ങളുടെ മുഖ്യ വിഷയമായി അവകാശപ്പെട്ടിരുന്ന കശ്മീർ സംബന്ധിച്ച് പാക്കിസ്ഥാന്‍റെ നയത്തില്‍ ഉണ്ടായിരിക്കുന്ന വലിയൊരു മാറ്റം തന്നെയാണിത്. യുണൈറ്റഡ് ജിഹാദ് ഗ്രൂപ്പ് എന്ന ഒട്ടേറെ ഭീകര സംഘടനകളുടെ കൂട്ടായ്മയുടെ തലവനായ സലാഹുദ്ദീന്‍ എന്ന രഹസ്യപേരുള്ള യൂസഫ് ഷായെപോലുള്ള ഭീകരര്‍ക്ക് ഇനി കഠിനമായ കാലമാണ് മുന്നില്‍ വരാനിരിക്കുന്നത്. സയ്യിദ് സലാഹുദ്ദീന്‍റെ സിദ്ധാന്തങ്ങളുടെ മുഖ്യ പിന്തുണക്കാരായ ഹൂറിയത്ത് തലവന്‍ സയ്യിദ് അലി ഷാ ഗീലാനിക്ക് ഒരു മുന്നറിയിപ്പ് നിലവില്‍ തന്നെ നല്‍കി കഴിഞ്ഞിരിക്കുന്നു. വെടി നിര്‍ത്തല്‍ കരാറില്‍ ഗീലാനി അതൃപ്‌തി രേഖപ്പെടുത്തിയതിനു ശേഷമാണ് ഈ താക്കീത് നല്‍കിയിട്ടുള്ളത്. ഇന്ത്യയുമായുള്ള വെടി നിര്‍ത്തല്‍ കരാറിനെ ചൊല്ലി അതിനെ വിമര്‍ശിച്ചു കൊണ്ടും അതില്‍ അവിശ്വാസം രേഖപ്പെടുത്തി കൊണ്ടും പാക്കിസ്ഥാന് കത്തയച്ച ഗിലാനിയെ പാര്‍ലമെന്‍റ് ഓണ്‍ കശ്മീരിന്‍റെ ഒരു പ്രത്യേക കമ്മിറ്റി അവഗണിച്ചു തള്ളുകയുണ്ടായി.
പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്‍റെ കരിമ്പട്ടികയിൽ പെടുത്തുന്നതിന് മുമ്പുള്ള മുന്നറിയിപ്പിൽ നിന്നും പുറത്തു കടക്കുക എന്നുള്ളതാണ് ഇപ്പോഴത്തെ പ്രഥമ പരിഗണന അര്‍ഹിക്കുന്ന കാര്യം. അതിനാല്‍ വെടി നിര്‍ത്തല്‍ കരാര്‍ വളരെ കൃത്യമായി തന്നെ അവര്‍ക്ക് പാലിക്കേണ്ടി വരും. അതിര്‍ത്തിയിലെ കലാപങ്ങളും ഭീകരര്‍ക്ക് നല്‍കുന്ന പിന്തുണയൊന്നും ഈ കരാര്‍ പ്രകാരം ചെയ്യാന്‍ പാടില്ലാത്തതാണ്. കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങളാണ് പാക്കിസ്ഥാനും ഈ ഗ്രേ പട്ടികയില്‍ പെടുവാന്‍ മുഖ്യമായും കാരണമായി മാറിയിട്ടുള്ളത്. അതിനാൽ നിരവധി വഴികളിലൂടെ ഈ വെടി നിര്‍ത്തല്‍ പാക്കിസ്ഥാന് ഗുണകരമായി മാറുവാന്‍ പോകുകയാണ്.
എഫ്എടി എഫിനു പുറമെ പാക്കിസ്ഥാനും അതോടൊപ്പം ചൈനക്കും ഒരുപോലെ ഗുണകരമാകാന്‍ പോകുന്ന മറ്റൊന്ന് സി പി ഇ സി പ്രവര്‍ത്തനങ്ങള്‍ ഇനി വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ മുന്നോട്ട് കൊണ്ടു പോകുവാന്‍ കഴിയുമെന്നുള്ളതാണ്. ചില പ്രധാനപ്പെട്ട ഭരണഘടനാ മാറ്റങ്ങള്‍ വരുത്തി കൊണ്ട് തങ്ങളുടെ അഞ്ചാമത്തെ പ്രവിശ്യയായി പാക്കിസ്ഥാൻ മാറ്റിയ ഗില്‍ജിറ്റ് ബാള്‍ട്ടിസ്താനെ കുറിച്ച് ഇനി ഏറെയൊന്നും ഇന്ത്യ സംസാരിക്കാന്‍ പോകുന്നില്ല. ഈ മേഖലയിലൂടെ കടന്നു പോകുന്ന ചൈനയുടെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയായ ബി ആര്‍ ഐ യുടെ പ്രവര്‍ത്തനങ്ങളും ഈ കരാറിലൂടെ ഇനി തടസമേതുമില്ലാതെ മുന്നോട്ട് പോകും.
ഇതിനു പകരമായി ഇന്ത്യ ജമ്മു-കശ്മീരില്‍ എല്ലാ തരത്തിലുമുള്ള വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. അതിന് യാതൊരു തടസ്സങ്ങളും ഉണ്ടാവുകയില്ല. പുതുക്കിയ വെടി നിര്‍ത്തല്‍ കരാര്‍ ദീര്‍ഘകാലത്തേക്ക് നില നിന്നാല്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്നും യാതൊരു ഉപദ്രവങ്ങളുമില്ലാതെ ജമ്മു-കശ്മീരിലെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുവാന്‍ ഇന്ത്യക്ക് കഴിയും. പാക്കിസ്ഥാന് വിഘടനവാദികളായ രാഷ്ട്രീയ നേതൃത്വത്തെ എങ്ങനെ കൈകാര്യം ചെയ്യേണ്ടി വരുമോ അതേ പോലെ തന്നെ ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ നേതൃത്വത്തേയും കൈകാര്യം ചെയ്യുക എന്നുള്ളതായിരിക്കും ഇനിയുള്ള ഇന്ത്യയുടെ ഏക വെല്ലുവിളി.
ഒരുവശത്ത് ഇവിടെ തന്നെ വളര്‍ന്നു വരുന്ന ഭീകരത ഉള്ളപ്പോള്‍ മറുവശത്ത് മുഖ്യധാരാ രാഷ്ട്രീയ നേതൃത്വം വികടനവാദ സ്വരമുയര്‍ത്തും എന്നുള്ളതാണ് ഇന്ത്യയേയും പാക്കിസ്ഥാനെയും ഒരുപോലെ വെല്ലുവിളിക്കുന്ന വലിയ രണ്ട് കാര്യങ്ങള്‍. വികടനവാദമെന്ന ആശയത്തെ മോദി സര്‍ക്കാര്‍ ഇനിയും ഉരുക്കുമുഷ്ടി കൊണ്ട് നേരിടുമോ എന്നുള്ള കാര്യവും പാക്കിസ്ഥാനിൽ നിന്നും വലിയ പിന്തുണയില്ലാത്തത് നിര്‍ജീവമായ ഒരു അവസ്ഥയിലേക്ക് പോകുവാന്‍ അവരെ പ്രേരിപ്പിക്കുമോ എന്നുള്ളതുമാണ് ഇനി കണ്ടറിയേണ്ട കാര്യങ്ങള്‍.