വാഷിങ്‌ടണ്‍: തായ്‌വാന്‍ വിഷയത്തില്‍ അമേരിക്കയും ചൈനയും നിലപാടുകള്‍ കര്‍ക്കശമാക്കിയതിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്ന് സെമികണ്ടക്‌ടര്‍ അഥവ ചിപ്പ് നിര്‍മാണത്തില്‍ തായ്‌വാനുള്ള സ്ഥാനമാണ്. അസംസ്‌കൃത എണ്ണയുടെ വിതരണത്തില്‍ സൗദി അറേബ്യയുടെ സ്ഥാനം എന്താണോ ആ സ്ഥാനമാണ് ചിപ്പ് നിര്‍മാണത്തില്‍ തായ്‌വാന്‍റെ സ്ഥാനം. അത്യാധുനിക ചിപ്പുകള്‍ രാജ്യ സുരക്ഷയില്‍ പോലും നിര്‍ണായകമാണ്.
യുഎസ് ജനപ്രതിനിധി സഭ സ്‌പീക്കര്‍ നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചത് ചൈനയെ ഏറെ പ്രകോപിപ്പിച്ചിരുന്നു. ഈ സന്ദര്‍ശനത്തില്‍ നാന്‍സി പെലോസി ടിഎസ്‌എംസി(തായ്‌വാന്‍ സെമികണ്ടക്‌ടര്‍ മാനുഫേക്‌ചറിങ് കോര്‍പ്പറേഷന്‍)യുടെ ചെയര്‍മാന്‍ മാര്‍ക്ക് ലുയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ലോകത്തിലെ സെമികണ്ടക്‌ടര്‍ ഉത്‌പാദനത്തില്‍ 53 ശതമാനവും നടത്തുന്നത് ഈ കമ്പനിയാണ്. 10 ശതമാനം തായ്‌വാനിലെ മറ്റ് കമ്പനികളും നടത്തുന്നു.
ബൈഡന്‍ ഭരണകൂടത്തിന്‍റെ 100-ദിവസ സപ്ലൈചെയിന്‍ റിവ്യൂ റിപ്പോര്‍ട്ടില്‍(100 day supply chain review report) പറയുന്നത് ഏറ്റവും സാങ്കേതിക മേന്മയുള്ള ചിപ്പുകള്‍ക്കായി ടിഎസ്‌എംഎസി എന്ന ഒരു കമ്പനിയോട് യുഎസ് വളരെയധികം ആശ്രയിക്കുന്നു എന്നാണ്. ടിഎസ്‌എംസിക്കും ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ്ങിനും മാത്രമേ ഏറ്റവും ആധുനികമായ അഞ്ച് നാനോമീറ്റര്‍ ചിപ്പുകള്‍ നിര്‍മിക്കാന്‍ സാധിക്കുകയുള്ളൂ. അത്യാധുനിക സൈനിക ആയുധങ്ങളും ഉപകരണങ്ങളും നിര്‍മിക്കുന്നതിന് ചിപ്പുകളുടെ വിതരണ ശൃംഖല ഏഷ്യയില്‍ ആയത് വലിയ ഭീഷണി സൃഷ്‌ടിക്കുന്നുണ്ടെന്ന് ഈ അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
യുഎസ് സെമികണ്ടക്‌ടര്‍ ഡിസൈന്‍ കമ്പനികളായ ഇന്‍റെല്‍ പോലുള്ളവ അവരുടെ ഉത്‌പന്നങ്ങള്‍ നിര്‍മിക്കാനായി ടിഎസ്‌എംസി വിതരണം ചെയ്യുന്ന ചിപ്പുകളെ വളരെയധികം ആശ്രയിക്കുന്നുണ്ട്. തായ്‌വാന്‍ ചൈനയുടെ ഭാഗമാവുകയാണെങ്കില്‍ സാങ്കേതിക രംഗത്ത് യുഎസുമായുള്ള കിടമത്സരത്തില്‍ അവര്‍ക്ക് അത് വലിയ നേട്ടമാണ് ഉണ്ടാക്കുക. ചൈന സാങ്കേതിക രംഗത്ത് നെടുനായകത്വം വഹിക്കുന്നത് തടയുകയാണ് യുഎസ് ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ തായ്‌വാന്‍ ചൈനയുടെ ഭാഗമാകുന്നത് ഏത് വിധേയനേയും തടയുകയാണ് യുഎസ് ലക്ഷ്യം.
യുഎസ്-ചൈന ടെക്ക് വാര്‍: 1971ലെ ചൈനയും യുഎസും തമ്മിലുള്ള ഷാങ്‌ഹായി പ്രഖ്യാപനവും യുഎസ് കോണ്‍ഗ്രസ് പാസാക്കിയ തായ്‌വാന്‍ റിലേഷന്‍സ് ആക്‌ടും തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്ന് അംഗീകരിക്കുന്നുണ്ട്. എന്നാല്‍ നിലവിലെ ആഗോള രാഷ്‌ട്രീയ സാഹചര്യത്തില്‍ തായ്‌വാന്‍ ചൈനയുടെ ഭാഗമാകുന്നത് യുഎസിന് ചിന്തിക്കാന്‍ പോലും സാധ്യമല്ല.
യുഎസില്‍ ചിപ്പ് നിര്‍മാണം നടത്താനായി ടിഎസ്‌എംസിയെ ക്ഷണിച്ചിട്ടുണ്ട് യുഎസ് ഭരണകൂടം. യുഎസിലെ അരിസോണയില്‍ ടിഎസ്‌എംസി ഫാക്‌ടറി തുടങ്ങാനുള്ള നടപടികള്‍ ആരംഭിച്ചു. 2024ല്‍ ഫാക്‌ടറി നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് സര്‍ക്കാര്‍ ഇതിനായി കമ്പനിക്ക് സഹായം നല്‍കുന്നുണ്ട്. ചിപ്പുകളുടെ സപ്ലൈചെയിന്‍ യുഎസില്‍ തന്നെ നിലനിര്‍ത്തുകയാണ് ലക്ഷ്യം.
രാജ്യത്ത് ചിപ്പ് നിര്‍മാണം വര്‍ധിപ്പിക്കാനായി ചിപ്പ്‌സ് ആന്‍ഡ് സയന്‍സ് ആക്‌ട് യുഎസ് കോണ്‍ഗ്രസ് പാസാക്കിയിട്ടുണ്ട്. 5,200 കോടി അമേരിക്കന്‍ ഡോളര്‍ സബ്‌സിഡി ഇനത്തില്‍ ഇത് പ്രകാരം കമ്പനികള്‍ക്ക് ലഭിക്കും. സബ്‌സിഡി ലഭിക്കണമെങ്കില്‍ ചൈനീസ് കമ്പനികള്‍ക്ക് വേണ്ടി ചിപ്പുകള്‍ നിര്‍മിക്കില്ല എന്ന് അംഗീകരിച്ചാല്‍ മാത്രമേ സബ്‌സിഡി ലഭിക്കുകയുള്ളൂ.
5ജി സാങ്കേതിക വിദ്യ നല്‍കുന്ന ഹുവായിക്കെതിരെ 2020ല്‍ ട്രംപ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയത് ചൈനയുമായുള്ള ടെക്ക് വാറിന്‍റെ ഭാഗമാണ്. ടിഎസ്‌എംസി ഹുവായിക്ക് ചിപ്പുകള്‍ നല്‍കുന്നത് നിര്‍ത്തുക എന്നുള്ളത് ഇതിന്‍റെ ഭാഗമായിരുന്നു. ഹുവായിക്ക് 5ജി ഉത്‌പന്നങ്ങള്‍ നിര്‍മിക്കാന്‍ ടിഎസ്‌എംസിയില്‍ നിന്നുള്ള അത്യാധുനിക ചിപ്പുകളാണ് ഉപയോഗിക്കുന്നത്. ഹുവായിയുടെ ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുന്നത് സുരക്ഷ ഭീഷണിയാണ് എന്നാണ് യുഎസ് വാദം. ചൈനീസ് സര്‍ക്കാരുമായി കമ്പനിക്ക് ബന്ധമുണ്ടെന്നും യുഎസ് ആരോപിക്കുന്നു. ചൈനയുമായുള്ള ടെക്ക് വാറില്‍ വിജയിക്കാന്‍ തായ്‌വാന്‍ സ്വതന്ത്രമായിരിക്കുക എന്നത് യുഎസിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.