ഇണക്കുരുവികളിലൊന്നിന്റെ അകാല വിയോഗവും മറ്റൊന്നിന്‍റെ നെഞ്ചുപൊട്ടിക്കരച്ചിലും കണ്ടും കേട്ടുമാണ്, ആദികവി വാല്‍മീകി കാട്ടാളനില്‍ നിന്ന് കവിയായി പുനര്‍ജനിച്ചത്. അതുപോലെ തോക്കുമായി പക്ഷിവേട്ടയ്ക്കിറങ്ങി തുരുതുരാ പക്ഷികളെ വെടിവച്ചിട്ട വികൃതി കൊച്ചനാണ് പിന്നീട് ലോകമറിഞ്ഞ പക്ഷി മനുഷ്യന്‍. സാലിം അലി (Salim Ali) എന്ന ആ പച്ച മനുഷ്യന്‍റെ ഓര്‍മയ്ക്ക് ഇന്ന് 36 വയസ് (salim ali 36th death anniversary).
1896 നവംബര്‍ 12 ന് മുംബൈയിലായിരുന്നു സാലിം അലിയുടെ ജനനം. മൊയ്‌സുദ്ദീന്‍ സീനത്തുന്നീസ ദമ്പതികളുടെ ഒമ്പത് മക്കളില്‍ ഒരാള്‍. നാല് വയസെത്തും മുന്നേ സാലിം അലിക്ക് തന്‍റെ മതാപിതാക്കളെ നഷ്‌ടമായി. പിന്നീട് സാലിം വളര്‍ന്നത് അമ്മാവനൊപ്പമായിരുന്നു. വിദേശികളെ പോലെ തോക്കുമായി വേട്ടയ്ക്കിറങ്ങുന്ന അമ്മാവനെ കണ്ട് വളര്‍ന്ന കൊച്ച് സാലിമിന്‍റെ ഇഷ്‌ട വിനോദം നായാട്ടായിരുന്നു.
ഡയറിയിലെ കഥ : സാലിം തന്‍റെ ഡയറിയില്‍ ഒരിക്കല്‍ ഇങ്ങനെ കുറിച്ച് വച്ചിരുന്നു. തോക്കുമായി വീട്ടിലെ കാലിത്തൊഴുത്തില്‍ കൂടുകൂട്ടിയിരുന്ന പക്ഷികളെ വെടി വയ്ക്കാന്‍ ഇറങ്ങി. കഴുത്തില്‍ മഞ്ഞ വരയുള്ള ഇണക്കുരുവികള്‍ കാലിത്തൊഴുത്തില്‍ മുട്ടയിട്ട് അടയിരിക്കുകയായിരുന്നു. ആണ്‍ കുരുവിയെ സാലിം വെടിവച്ചിട്ടു. പെണ്‍കിളി ഉടനെ മറ്റൊരു ആൾ കുരുവിയെ കൂട്ടിന് കണ്ടെത്തി. ഇങ്ങനെ ഏട്ടോളം ആണ്‍ കിളികളെ വെടിവച്ചിട്ട ശേഷമാണ് ആ പക്ഷികളെ കുറിച്ച് പഠിക്കണമെന്ന് കൊച്ചു സാലിം തീരുമാനിക്കുന്നത്.
കഴുത്തില്‍ മഞ്ഞ വരയുള്ള കുഞ്ഞിക്കിളികളെ കുറിച്ച് പഠിക്കാന്‍ തുടങ്ങിയ സാലിം അലി ഇന്ത്യയില്‍ പക്ഷി നിരീക്ഷണത്തിന് ശാസ്ത്രീയ അടിത്തറ പാകി. ബര്‍മയില്‍ ഖനിത്തൊഴിലാളിയായും മരം വെട്ടുകാരനായും സാലിം ജോലി നോക്കിയിരുന്നു. ജന്തു ശാസ്ത്രത്തില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സാലിം അലി 1926 കാലഘട്ടത്തില്‍ മുംബൈയിലെ പ്രിന്‍സ് ഓഫ് വെയില്‍സ് മ്യൂസിയത്തില്‍ ലക്‌ചര്‍ ഗൈഡായി ജോലിക്ക് ചേര്‍ന്നെങ്കിലും അധിക കാലം ആ ജോലി തുടര്‍ന്നില്ല.
ഹൈദരാബാദില്‍ നിന്ന് കേരളത്തിലേക്ക് : 1932 ല്‍ ഹൈദരാബാദ് സംസ്ഥാന പക്ഷി ശാസ്ത്ര പര്യവേഷണത്തില്‍ പങ്കെടുക്കാന്‍ സാലിമിന് അവസരം ലഭിച്ചു. അലിയുടെ പഠനത്തെക്കുറിച്ച അറിഞ്ഞ തിരുവിതാംകൂര്‍ മഹാരാജാവ് അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയും തിരുവിതാകൂര്‍, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെ കുറിച്ച് പഠിക്കാന്‍ നിയോഗിക്കുകയും ചെയ്‌തു.
കേരളത്തില്‍ മറയൂരിലാണ് പഠനം ആരംഭിച്ചത്, പിന്നീട് ചാലക്കുടി, പറമ്പിക്കുളം എന്നിവിടങ്ങളിലും പക്ഷി നിരീക്ഷണവും പഠനവും നടത്തി. കരിയാര്‍ കുട്ടിയിലെ ഒരു ചെറിയ സത്രത്തിലിരുന്നാണ് കേരളത്തിലെ പക്ഷികളെക്കുറിച്ച് ആദ്യം പഠിച്ച് തുടങ്ങിയത്. മൂന്നാര്‍, കുമളി, ചെങ്കോട്ട, അച്ചന്‍കോവില്‍ എന്നിവിടങ്ങളില്‍ പക്ഷി നിരീക്ഷണം നടത്തിയ സാലിം അലി സര്‍ സിപി രാമസ്വാമിയുടെ നിര്‍ബന്ധത്തിന് വഴങ്ങി കേരളത്തിലെ പക്ഷികള്‍ എന്ന പേരില്‍ ഒരു പുസ്‌തകവും പ്രസിദ്ധീകരിച്ചു (Indian ornithologist and naturalist Salim Ali).
പൂര്‍ണ സമയം പക്ഷി നിരീക്ഷകനും പ്രകൃതി സ്നേഹിയുമായി മാറിയ സാലിം അലി ഒരു കുരുവിയുടെ പതനം എന്ന ആത്മകഥയില്‍ വിവരിക്കുന്ന ചെറു കാര്യങ്ങള്‍ പോലും ഏറെ വിലപ്പെട്ട അറിവുകളാണ്, പുതു തലമുറയിലെ പക്ഷി നിരീക്ഷകര്‍ക്കും പരിസ്ഥിതി സ്നേഹികള്‍ക്കും...