കോപ്പൻഹേഗൻ : ആധുനിക മനുഷ്യന്‍റെ പ്രതിഫലനമായാണ് 1856ൽ കണ്ടെത്തിയ നിയാഡർതാൽ എന്ന ആദിമമനുഷ്യ വിഭാഗം കണക്കാക്കപ്പെടുന്നത്. ജർമനിയിലെ ദുംസൽ ദോർഫിനടുത്തുള്ള നിയാൻഡർ താഴ്‌വരയിൽ ഈ മനുഷ്യവർഗം ജീവിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. നിയാൻഡർതാൽ മനുഷ്യരിൽ കൂടിയാണ് ആൾക്കുരങ്ങിൽനിന്ന് ആധുനിക മനുഷ്യനിലേക്കുള്ള പരിണാമമുണ്ടായതെന്ന് നരവംശശാസ്ത്രജ്ഞര്‍ കരുതുന്നു.
നിയാൻഡർതാൽ മനുഷ്യരിൽ നിന്നും സാംസ്‌കാരികപരവും സാമൂഹികപരവുമായ നിയമങ്ങളും ശാസ്‌ത്രീയ മാനദണ്ഡങ്ങളും രൂപപ്പെടുത്തിയുണ്ടായതാണ് ഇന്ന് കാണുന്ന ആധുനിക മനുഷ്യൻ. വംശനാശം സംഭവിച്ച നിയാഡർതാൽ മനുഷ്യവർഗത്തിൽ നിന്നും പ്രാകൃത ഉപ മനുഷ്യരിലേക്കും ഇന്നത്തെ വികസിത മനുഷ്യനിലേക്കും മാറുകയായിരുന്നു.
നിയാൻഡർതാൽ മനുഷ്യർക്ക് ഇന്നത്തെ മനുഷ്യരുമായി വളരെയേറെ സാമ്യമുണ്ടായിരുന്നു. ആധുനിക മനുഷ്യർ നിയാൻഡർതാൽ വിഭാഗത്തെ ഇടയ്ക്കിടെ കണ്ടുമുട്ടുകയും ഇണചേരുകയും ചെയ്‌തിരുന്നു. എന്നാൽ ആധുനിക മനുഷ്യർ അതിജീവിക്കുകയും വികാസം പ്രാപിക്കുകയും ഭൂമിയിലെ പ്രധാന ജീവിവർഗമായി വളരുകയും ചെയ്‌തപ്പോൾ നിയാൻഡർതാലിന് എന്തുകൊണ്ടാണ് വംശനാശം സംഭവിച്ചത് ?
40,000 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന നിയാൻഡർതാലുകൾ ഹോമോ ഹൈഡൽബെർജെൻസിസിൽ നിന്നാണ് പരിണമിച്ചതെന്നാണ് കരുതപ്പെടുന്നത്. മെഡിറ്ററേനിയൻ മുതൽ സൈബീരിയ വരെയുള്ള പ്രദേശങ്ങളിലാണ് ഈ മനുഷ്യവർഗം ജീവിച്ചുപോന്നത്.
അത്യധികം ബുദ്ധിയുള്ളവരായിരുന്നു നിയാൻഡർതാലുകൾ. അവർ വേട്ടയാടുകയും സസ്യങ്ങളും സമുദ്ര വിഭവങ്ങളും ശേഖരിക്കുകയും ചെയ്‌തു. തീ നിയന്ത്രിച്ച് പാചകം ചെയ്‌തു. വിവിധ വസ്‌തുക്കൾ ചേർത്ത് ഉപകരണങ്ങൾ നിർമിച്ചു. മൃഗത്തൊലിയിൽ നിന്ന് വസ്ത്രങ്ങൾ നിർമിച്ചു. ഷെല്ലുകളിൽ നിന്ന് മുത്തുകൾ ഉണ്ടാക്കി, ഗുഹാഭിത്തികളിൽ ചിഹ്നങ്ങൾ കൊത്തി. ചെറുപ്പക്കാരെയും വൃദ്ധരെയും ദുർബലരെയും പരിപാലിച്ചു. സംരക്ഷണത്തിനായി ഷെൽട്ടറുകൾ നിർമിച്ചു. കഠിനമായ ശൈത്യകാലത്തും വേനൽക്കാലത്തും ജീവിച്ചു. മരിച്ചവരെ അടക്കം ചെയ്‌തു.
10,000 വർഷത്തെ കാലയളവിൽ നിയാൻഡർതാലുകൾ നമ്മുടെ പൂർവികരെ പലതവണ കണ്ടുമുട്ടിയിട്ടുണ്ട്. രണ്ട് വർഗങ്ങളും കുറഞ്ഞത് 14,000 വർഷമെങ്കിലും യൂറോപ്യൻ ഭൂഖണ്ഡം പങ്കിട്ടു. അവർ പരസ്‌പരം ഇണചേരുക പോലും ചെയ്‌തു.
ഒരു ജീവിവർഗത്തിന്‍റെ വംശനാശം : നിയാൻഡർതാലും ആധുനിക മനുഷ്യനും തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസം ഏകദേശം 40,000 വർഷങ്ങൾക്ക് മുൻപ് അവർക്ക് വംശനാശം സംഭവിച്ചു എന്നതാണ്. ആധുനിക മനുഷ്യന്‍റെ ഉദ്‌ഭവമാണ് നിയാൻഡർതാലുകളുടെ വംശനാശത്തിന് വഴിതെളിച്ചത്. എന്നാൽ ഇതുകൂടാതെ മറ്റ് പല ഘടകങ്ങളും വംശനാശത്തിന് കാരണമായി.
ഇതിൽ പ്രധാനം ഹിമയുഗത്തിലെ കാലാവസ്ഥ അസ്ഥിരമായതായിരുന്നു എന്നതാണ്. ഇത് തണുപ്പിൽ നിന്ന് ചൂടിലേക്കും തിരിച്ചും മാറി മാറി വന്നുകൊണ്ടിരുന്നു. അനുദിനം മാറുന്ന കാലാവസ്ഥ മൃഗങ്ങളുടെയും സസ്യങ്ങളുടെയും ഭക്ഷണസ്രോതസുകളെ പ്രതികൂലമായി ബാധിച്ചു. ഇതിനെ തുടർന്ന് നിയാൻഡർതാലുകൾക്ക് പാരിസ്ഥിതിക മാറ്റവുമായി നിരന്തരം പൊരുത്തപ്പെടേണ്ടി വന്നു.
അടുത്ത ഘടകം ഇവരുടെ ജനസംഖ്യ വളരെ കുറവായിരുന്നു എന്നതാണ്. പതിനായിരത്തിനുള്ളിലാണ് ഇവരുടെ ആകെ ജനസംഖ്യ. 150 അംഗങ്ങൾ വരെയുള്ള ഹോമോ സാപിയൻസിന്‍റെ ഗ്രൂപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അഞ്ച് മുതൽ 15 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകളായിട്ടായിരുന്നു നിയാൻഡർതാലുകൾ ജീവിച്ചിരുന്നത്. ഇത്തരം ചെറിയ ഒറ്റപ്പെട്ട നിയാൻഡർതാൽ ഗ്രൂപ്പുകൾ ജനിതകമായി കൂടുതൽ സുസ്ഥിരമല്ലായിരുന്നിരിക്കാം.
മറ്റ് മനുഷ്യവർഗവുമായി മത്സരമുണ്ടായിരുന്നു എന്നതാണ് അടുത്ത ഘടകം. പ്രത്യേകിച്ച് 60,000 വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കയിൽ നിന്ന് ഉയർന്നുവന്ന ആധുനിക മനുഷ്യരുടെ ഗ്രൂപ്പുകളുമായി കടുത്ത മത്സരമുണ്ടായിരുന്നു. പല നിയാൻഡർതാലുകളും ഹോമോ സാപിയൻസിന്‍റെ വലിയ ഗ്രൂപ്പുകളിലേക്ക് ചേർന്നിരിക്കാമെന്ന് കരുതുന്നു.
തെളിവുകൾ ? : പതിനായിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം നമുക്ക് പരിശോധിക്കാനായി നിരവധി അടയാളങ്ങൾ അവശേഷിപ്പിച്ചാണ് നിയാൻഡർതാലുകൾ ഭൂമുഖത്തുനിന്ന് ഇല്ലാതായത്. ഡെന്മാർക്കിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ എക്‌സിബിഷനിൽ അവയിൽ മിക്കതും കാണാൻ കഴിയും.
കഴിഞ്ഞ 150 വർഷത്തിനിടയിൽ നിയാൻഡർതാലുകളുടെ ഫോസിൽ അസ്ഥികൾ, അവർ ഉപയോഗിച്ചിരുന്ന കല്ലുകൾ, തടി ഉപകരണങ്ങൾ, കളിക്കോപ്പുകൾ, ആഭരണങ്ങൾ എന്നിവയും ശ്‌മശാനങ്ങളും കണ്ടെത്തുകയും പുരാതന ഡിഎൻഎയിൽ നിന്ന് ജീനോം മാപ്പ് ചെയ്യുകയും ചെയ്‌തു. നിയാൻഡർതാലുകളുടെയും ആധുനിക മനുഷ്യരുടെയും ഡിഎൻഎ 99.7% ഒരുപോലെയാണെന്നും അവർ ആധുനിക മനുഷ്യന്‍റെ വംശനാശം സംഭവിച്ച ഏറ്റവുമടുത്ത ബന്ധുക്കളാണെന്നും കണ്ടെത്തി.
ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യരിലെ നിയാൻഡർതാലുകളുടെ ഡിഎൻഎയുടെ അടയാളങ്ങൾ സങ്കരസംയോഗത്തിന്‍റെ തെളിവാണെന്നത് ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന വസ്‌തുതയാണ്. പല യൂറോപ്യൻ ജനതയ്ക്കും ഏഷ്യൻ ജനതയ്ക്കും 1 മുതൽ 4 ശതമാനം വരെയാണ് നിയാൻഡർതാൽ ഡിഎൻഎ. സഹാറയുടെ തെക്ക് ഭാഗത്തുള്ള ആഫ്രിക്കൻ ജനതയിൽ ഇത് പൂജ്യമാണ്.
നിയാൻഡർതാൽ മനുഷ്യർ എങ്ങനെയായിരുന്നുവെന്ന് മനസിലാക്കാൻ അവരുടെ ജീനോം സഹായിച്ചു. ഹോമോ സാപിയൻസിനും വളരെ മുൻപ് തന്നെ ചില നിയാണ്ടർതാലുകൾക്ക് വെളുത്ത നിറത്തിലുള്ള ചർമവും ചുവന്ന മുടിയും ഉണ്ടായിരുന്നതിന് തെളിവുകളുണ്ട്. കയ്‌പേറിയ ഭക്ഷണം ആസ്വദിക്കാനുള്ള കഴിവ് മുതൽ സംസാരശേഷി വരെ എന്തിനോടും നിയാൻഡർതാലുകൾക്കും ആധുനിക മനുഷ്യർക്കും ഒരുപോലെയുള്ള ജീനുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
നിയാൻഡർതാലുകളുടെ ആരോഗ്യം പരിശോധിക്കുമ്പോൾ പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മനുഷ്യർക്ക് പ്രയോജനകരമായിരുന്നേക്കാവുന്ന നിയാൻഡർതാൽ ഡിഎൻഎകൾ ആധുനിക പാശ്ചാത്യ ജീവിതശൈലിയുമായി സംയോജിപ്പിക്കുമ്പോൾ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതായി കണ്ടെത്തി. മദ്യപാനം, പൊണ്ണത്തടി, അലർജി, രക്തം കട്ടപിടിക്കൽ, വിഷാദം എന്നിവയ്‌ക്കൊക്കെ അതുമായി ബന്ധമുണ്ട്. നിയാൻഡർതാലുകളിൽ നിന്നുള്ള ഒരു പുരാതന ജീൻ വകഭേദം കൊവിഡ് സങ്കീർണതകൾ ഗുരുതരമാക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് അടുത്തിടെ ശാസ്ത്രജ്ഞർ നിർദേശിച്ചിരുന്നു.
ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി നിയാൻഡർതാൽ മനുഷ്യൻ : ദിനോസറുകളെ പോലെതന്നെ നിയാൻഡർതാലുകൾക്കും എന്താണ് സംഭവിക്കാൻപോകുന്നതെന്ന് അറിവുണ്ടായിരുന്നില്ല. ബഹിരാകാശത്ത് നിന്ന് വന്ന ഭീമൻ ഉൽക്കാശിലയുടെ പതനത്തോടെ ഡിനോസറുകൾ അപ്രത്യക്ഷമായെങ്കിൽ നിയാൻഡർതാലുകളുടെ വംശനാശം കാലക്രമേണ സംഭവിക്കുകയായിരുന്നു എന്നതാണ് വ്യത്യാസം. ക്രമേണ അവർക്ക് അവരുടെ ലോകം നഷ്‌ടമാവുകയും ലക്ഷക്കണക്കിന് വർഷങ്ങൾകൊണ്ട് സൃഷ്‌ടിച്ചെടുത്ത വാസസ്ഥലം അവരുടെ നിലനിൽപ്പ് തന്നെ അസ്ഥിരമാകുന്നതുവരെ അവർക്കെതിരെ തിരിയുകയുമായിരുന്നു.
ഹോമോ സാപിയൻസിന്‍റെ ഭാവി ? : നിയാൻഡർതാലുകളിൽ നാം നമ്മുടെ പ്രതിഫലനമാണ് കാണുന്നതെങ്കിലും എന്താണ് സംഭവിക്കുന്നതെന്ന് അവർക്ക് അറിവില്ലായിരുന്നു. അതിനുവിപരീതമായി നമുക്ക് നമ്മുടെ സാഹചര്യത്തെ കുറിച്ചും ഭൂമിയിൽ നാം ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും വ്യക്തമായ ബോധമുണ്ട്.
മനുഷ്യന്‍റെ പ്രവർത്തനം കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുകയും ആറാമത്തെ കൂട്ട വംശനാശത്തിലേക്ക് നയിക്കുകയുമാണ്. നാം സ്വയം വരുത്തിവച്ച ഈ വിനയെ കുറിച്ച് ചിന്തിച്ചാൽ ഇത് തടയുന്നതിന് നമുക്ക് എന്തെങ്കിലും ചെയ്യാനാകും. നിയാൻഡർതാലുകളെ പോലെ ഭൂമുഖത്ത് നിന്നും മനുഷ്യവർഗം തന്നെ ഇല്ലാതാകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ സുസ്ഥിരമായ ഭാവിക്കായി ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ നിലനിൽപ്പിനെ ഒരിക്കലും നിസാരമായി കാണരുതെന്നാണ് നിയാൻഡർതാലുകളുടെ വംശനാശം നമ്മെ ഓർമപ്പെടുത്തുന്നത്.