റഷ്യ-യുക്രൈന്‍ യുദ്ധം ഒരു മാസം പിന്നിടുമ്പോള്‍ ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടു. നാല് ലക്ഷത്തോളം ആളുകള്‍ അഭയാര്‍ഥികളായി. ഇന്നും യുക്രൈന്‍ ജനത പോരാടുകയാണ്. യുക്രൈന്‍-റഷ്യ വിഷയത്തില്‍ ഇന്ത്യ പലപ്പോഴും മൗനം പാലിക്കുകയാണ്. വിഷയത്തില്‍ മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി ഇടിവി ഭാരതിനോട് സംസാരിക്കുന്നു.
എന്തിന് വേണ്ടിയാണ് റഷ്യ യുക്രൈനില്‍ യുദ്ധം തുടരുന്നതെന്ന് മനസിലാകുന്നില്ല. നാറ്റോയില്‍ അംഗത്വം വേണ്ടെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദ്‌മിര്‍ സെലന്‍സ്‌കി അറിയിച്ചിട്ടുണ്ട്. യുക്രൈന്‍ ജനത റഷ്യയെ ആക്രമിക്കാന്‍ പോയിട്ടുമില്ല. എന്നിട്ടും യുദ്ധം തുടരുന്നത് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദ്‌മിര്‍ പുടിന്‍റെ ഏകാധിപത്യ മനോഭാവത്തെയാണ് കാണിക്കുന്നത്. യുക്രൈന്‍ അധിനിവേശത്തിലൂടെ ലോകത്തിലെ ഏറ്റവും ജനകീയനല്ലാത്ത നേതാവായി പുടിന്‍ മാറിയെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
ലോകരാജ്യങ്ങള്‍ക്കിടയില്‍ യുക്രൈനോട് ഇപ്പോള്‍ അനുതാപമാണ്. സെലന്‍സ്‌കിയുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് യുഎസും പശ്ചാത്യരാജ്യങ്ങളും യുക്രൈന് ആയുധങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. ഇത് ഒരിക്കലും തുല്യ ശക്തികള്‍ തമ്മിലുള്ള പോരാട്ടമായി കാണാന്‍ കഴിയില്ല.
യുക്രൈന്‍-റഷ്യ വിഷയത്തില്‍ യുഎന്നിന്‍റെ റോള്‍ : യുക്രൈന്‍-റഷ്യ വിഷയത്തില്‍ നിരവധി പ്രമേയങ്ങള്‍ യുഎന്‍ പാസാക്കിയെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ തക്ക യാതൊരു നീക്കവും യുഎന്നിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. യുഎന്‍ വാദപ്രതിവാദങ്ങള്‍ക്ക് വേണ്ടിയുള്ള സ്ഥലമായി മാത്രം മാറിയിരിക്കുകയാണ്. അവിടെ ഒരു തീരുമാനം എടുക്കുക എന്നതിന് പ്രസക്തിയില്ലാതായി. ചെറിയ രാജ്യങ്ങളുടെ പ്രശ്‌നങ്ങളാണെങ്കില്‍ പരിഹാരമുണ്ടാകും. എന്നാല്‍ വലിയ രാജ്യങ്ങള്‍ ഉള്‍പ്പെട്ടാല്‍ പ്രത്യേകിച്ച് പി5(യുഎന്‍ സ്ഥിര അംഗങ്ങള്‍) രാജ്യങ്ങളാണെങ്കില്‍ ഒന്നുമുണ്ടാകില്ല.
യുഎന്നിലെ റഷ്യന്‍ അംഗത്വവും നിയമവിരുദ്ധമാണ്. യുഎന്‍ പട്ടികയില്‍ യുഎസ്എസ്‌ആര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസ്‌എസ്‌ആറിന്‍റെ ഒരു ഭാഗം മാത്രമാണ് റഷ്യ. അങ്ങനെയെങ്കില്‍ യുഎന്നില്‍ യുഎസ്‌എസ്‌ആര്‍ പ്രതിനിധിയായി റഷ്യ മാത്രം എങ്ങനെ വരും.
യുഎന്നില്‍ റഷ്യക്കെതിരായ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ പല തവണ വിട്ടു നിന്നു : ഇന്ത്യ റഷ്യയില്‍ നിന്നാണ് ആയുധങ്ങള്‍ വാങ്ങുന്നത്, റഷ്യ ഇന്ത്യക്കൊപ്പം നിന്നു എന്ന തരത്തില്‍ നമ്മള്‍ തന്നെ പ്രചരിപ്പിക്കുകയാണ്. എന്നാല്‍ റഷ്യ ഒരിക്കലും ഇന്ത്യക്കൊപ്പം നിന്നിട്ടില്ലെന്നതാണ് വസ്‌തുത. സ്വാതന്ത്ര്യ പോരാട്ടകാലത്ത് യുഎസ്‌എസ്‌ആര്‍ ഇന്ത്യക്കൊപ്പം നിന്നിരുന്നു. എന്നാല്‍ 1992 ല്‍ യുഎസ്എസ്‌എസ്‌ആര്‍ ഇല്ലാതായി.
യുക്രൈനും യുഎസ്‌എസ്‌ആറിന്‍റെ ഭാഗമായിരുന്നില്ലെ അങ്ങനെയെങ്കില്‍ യുക്രൈനും ഇന്ത്യക്കൊപ്പം നിന്നുവെന്ന് പറയേണ്ടി വരും. യുക്രൈനില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. റഷ്യക്കൊപ്പമല്ല യുക്രൈനൊപ്പമാണ് ഇന്ത്യ നില്‍ക്കേണ്ടത്.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ഇന്ത്യ സന്ദര്‍ശനം : അടുത്തിടെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യ സന്ദര്‍ശിക്കാനെത്തി. അതിന് മുന്‍പ് അദ്ദേഹം പാകിസ്ഥാനില്‍ ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് കശ്‌മീരിനെ കുറിച്ച് വിവാദ പരാമര്‍ശം നടത്തി. കശ്‌മീരിലൂടെ അഫ്‌ഗാനിസ്ഥാനിലേക്ക് ചൈനീസ് ബെല്‍റ്റ് റോഡ് നിര്‍മിക്കുമെന്ന്, യുഎന്‍ തീവ്രവാദിയെന്ന് മുദ്രകുത്തിയ സിറാജുദ്ദീന്‍ ഹഖാനിക്ക് ഉറപ്പ് നല്‍കി.
കശ്‌മീരിലൂടെ എങ്ങനെയാണ് ബെല്‍റ്റ് റോഡ് പണിയാന്‍ കഴിയുന്നത്. ചൈനീസ് മന്ത്രിയുടെ കശ്‌മീര്‍ പരാമര്‍ശത്തെ ഇന്ത്യ അപലപിക്കുകയും ചെയ്‌തു. ഇതിന് ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് വന്നത്. ചൈനയില്‍ നിന്നും വക്താക്കളെ ഇന്ത്യയില്‍ പ്രവേശിപ്പിക്കാന്‍ എന്തിനാണ് അനുവാദം നല്‍കുന്നത്.
എന്നാല്‍ അദ്ദേഹം ഇന്ത്യയിലെത്തിപ്പോള്‍ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും കാലിൽ വീണ് ആനയിക്കുകയാണ് ചെയ്‌തത്. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം തുടരുകയാണ്. ആത്മാഭിമാനം ഉണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കരുതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
ബ്രിക്‌സില്‍ നിന്നും ഇന്ത്യ ഒഴിവാകണം. ബ്രിക്‌സിലും ക്വാഡ് സഖ്യത്തിലും ഒരുമിച്ച് ഇന്ത്യയ്‌ക്ക് നില്‍ക്കാന്‍ കഴിയില്ല. ഏതെങ്കിലും ഒന്നില്‍ മാത്രം അംഗത്വം നിലനിര്‍ത്തണം. ജൂണില്‍ ചൈനയില്‍വച്ചാണ് ബ്രിക്‌സ് ഉച്ചകോടി 2022 നടക്കുന്നത്. അതിന് മുന്‍പ് ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമോ? അതിര്‍ത്തിയില്‍ നിന്നും ചൈന പിന്‍വാങ്ങുക മാത്രമാണ് പരിഹാരം.
താലിബാന്‍-അഫ്‌ഗാനിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യന്‍ നയം : താലിബാന്‍-അഫ്‌ഗാനിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്ക് പ്രത്യേകിച്ച് ഒരു നയമില്ല. അഫ്‌ഗാനിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇന്ത്യന്‍ നിക്ഷേപം വലിയതോതിലുണ്ടായിരുന്നു. എന്നാല്‍ അഫ്‌ഗാനില്‍ നിന്നും യുഎസും മറ്റുള്ളവരും പിന്‍മാറിയപ്പോള്‍ ഇന്ത്യയും അവയെല്ലാം ഉപേക്ഷിച്ചു.
ഇന്ന് ബിജെപി എന്നാല്‍ ആര്‍എസ്‌എസ് ആണ്. പാര്‍ട്ടിക്കുള്ളില്‍ വ്യക്തികളുടെ നിലനില്‍പ്പ് തീരുമാനിക്കുന്നത് ആര്‍എസ്‌എസ് ആണെന്നും അദ്ദേഹം പറഞ്ഞു.