രോഗങ്ങൾ കൂടുതൽ വരാൻ സാധ്യതയുള്ള സമയമാണ് മഞ്ഞുകാലം. ജലദോഷം, ചുമ, പനി എന്നിങ്ങനെ ശരീരത്തെ ബാധിക്കുന്ന നിരവധി രോഗങ്ങളുമായാണ് ശൈത്യകാലം എത്താറുള്ളത്. ശരീരത്തെ മാത്രമല്ല ചർമത്തെയും പല വിധത്തിൽ ഇത് ബാധിക്കാറുണ്ട്. ചർമം വരണ്ടുപോകുകയും തൊലി പൊട്ടാനും വിണ്ടുകീറാനുമൊക്കെ തുടങ്ങുന്നതും ശൈത്യകാലത്താണ്.
അതുകണ്ടുതന്നെ ചർമത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നൽകേണ്ട സമയമാണിത്. മഞ്ഞുകാലത്ത് ഭക്ഷണത്തിൽ അതീവ ശ്രദ്ധ പുലർത്തുക എന്നതാണ് ആദ്യം തന്നെ ചെയ്യേണ്ട കാര്യം. ഈ കാലയളവിൽ നാം കഴിക്കുന്ന ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നത് നമ്മുടെ ആരോഗ്യത്തെയും ചർമത്തെയും പരിപാലിക്കാൻ സഹായിക്കും. വിദഗ്‌ധരുടെ അഭിപ്രായപ്രകാരം അതിന് സഹായിക്കുന്ന ചില ഭക്ഷണ ക്രമങ്ങൾ ഇതാ... (Food In Winter Season)
- പച്ചക്കറികൾക്കൊപ്പം മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, ചുവന്ന റാഡിഷ് എന്നിവ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക. ഇവയിലടങ്ങിയിരിക്കുന്ന നാരുകളും ധാതുക്കളും ആരോഗ്യത്തിന് വളരെ നല്ലതാണ്. ബീറ്റ്റൂട്ട്, കാരറ്റ്, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവയ്ക്ക് ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. കാർബോഹൈഡ്രേറ്റ്, ഫൈബർ, ധാതുക്കൾ എന്നിവ ദഹനത്തെ മെച്ചപ്പെടുത്തുന്നു.
- തണുപ്പുകാലത്ത് ജലദോഷവും ശ്വാസകോശ സംബന്ധമായ അണുബാധകളും സാധാരണമാണ്. അതിനാൽ, ബെറീസ്, ഓറഞ്ച്, പേരക്ക, ഈന്തപ്പഴം, സ്ട്രോബെറി, അത്തിപ്പഴം എന്നിവ കഴിക്കുക. ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി പ്രതിരോധശേഷി വർധിപ്പിക്കുന്നു.
- ധാന്യങ്ങൾ ഭക്ഷണത്തിന്‍റെ ഭാഗമാക്കണം. ധാന്യങ്ങൾ (റാഗി, പഞ്ഞപ്പുല്ല്, ചോളം തുടങ്ങിയവ) ഉപയോഗിച്ച് ബ്രെഡുകളും ജ്യൂസുകളും ഉണ്ടാക്കി കഴിക്കുക.
- വീട്ടിലുണ്ടാക്കിയ സൂപ്പ് കഴിക്കുക. ഇതിൽ സോസും മൈദയും ഉപയോഗിക്കാൻ പാടില്ല. ഇഞ്ചി, വെളുത്തുള്ളി, തുളസി, മല്ലി, സ്പ്രിംഗ് ഉള്ളി, കുരുമുളക് എന്നിവ സൂപ്പിൽ ഉപയോഗിക്കുക. കാരറ്റ്, ബീറ്റ്റൂട്ട്, തക്കാളി സൂപ്പ്, ചിക്കൻ, ബ്രൊക്കോളി, സ്വീറ്റ് കോൺ എന്നിവ ഉണ്ടാക്കാം.
- തൈര് ദഹനം മെച്ചപ്പെടുത്തുന്നു. ഇതിൽ പ്രോബയോട്ടിക്‌സ്, കാത്സ്യം, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്.