രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണം പ്രതിദിനം നാല് ലക്ഷം കടന്നതോടു കൂടി മഹാമാരിയുടെ പ്രത്യാഘാതത്തിനു കീഴില്‍ നിരവധി മേഖലകള്‍ തകര്‍ന്നു തരിപ്പണമായിരിക്കുന്നു. സ്വയം തൊഴിലുകളും മറ്റ് തൊഴിലുകളും ബിസിനസുമൊക്കെ തകര്‍ന്നതോടെ അവരെയെല്ലാം ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. ഈ അടുത്ത കാലം വരെ മാന്യമായ സ്വയം തൊഴില്‍ ചെയ്തു വന്നിരുന്ന നിരവധി ആളുകള്‍ക്ക് കുറഞ്ഞ വേതനമുള്ള തൊഴിലുകളിലേക്ക് ചുവട് മാറ്റേണ്ടി വന്നിരിക്കുന്നു.
- പ്രതിസന്ധിയിലായി ചെറുകിട വ്യവസായ സംരംഭങ്ങൾ
ആത്മനിര്‍ഭര്‍ പാക്കേജുകള്‍ തങ്ങള്‍ക്ക് വലിയ തോതില്‍ സഹായകരമാകുമെന്നത് സൂക്ഷ്മ, ചെറുകിട, മധ്യവര്‍ത്തി വ്യവസായ സംരംഭങ്ങൾക്ക് (എം. എസ്. എം. ഇ കള്‍) വലിയ പ്രതീക്ഷയാണ് നല്‍കിയത്. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം പൂര്‍ണ്ണമായും തകര്‍ന്നതോടെ രാജ്യത്ത് നിലവിലുള്ള എം എസ് എം ഇകളിലെ മൂന്നിലൊരു ഭാഗവും അടച്ചു പൂട്ടുക എന്നതാണ് മുന്നിലുള്ള ഏക മാർഗം.
- തൊഴിലില്ലായ്മ
സെന്‍റർ ഫോര്‍ ഇന്ത്യന്‍ ഇക്കണോമി നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം ഗ്രാമീണ മേഖലകളില്‍ തൊഴിലില്ലായ്മ നിരക്ക് 7.13 ശതമാനം കടന്നിരിക്കുന്നു എന്നും നഗര മേഖലകളില്‍ അത് 9.78 ശതമാനത്തില്‍ എത്തി നില്‍ക്കുന്നു എന്നും വ്യക്തമായി പറയുന്നു. രാജ്യത്തെ 5 കോടി ജനങ്ങള്‍ക്ക് ഉപജീവനമാര്‍ഗ്ഗം നല്‍കുന്ന ചില്ലറ വ്യാപാര മേഖല മുങ്ങാന്‍ പോകുന്ന ഒരു കപ്പലിനെ അനുസ്മരിപ്പിക്കുന്നു.
- റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തേജന നടപടി
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച ഒരു നിര ഉത്തേജന നടപടികള്‍ തീര്‍ച്ചയായും ഇടറികൊണ്ടാണ് മുന്നോട്ട് പോകുന്നത്. രണ്ടാം തരംഗത്തെ അതിജീവിക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു നടപടി. ബിസിനസ് ഏറെയൊന്നും അധികം താഴോട്ട് പതിക്കില്ല എന്ന കണക്കുകൂട്ടലിലാണ് ആര്‍ ബി ഐ ജനങ്ങള്‍ക്ക് വലിയൊരു സാമ്പത്തിക സഹായമെന്ന നിലയില്‍ വായ്പ തിരിച്ചടക്കല്‍ സമയക്രമം നീട്ടി നൽകാന്‍ പരിഗണിക്കുന്നത്.
- ചെറുകിട വ്യവസായ മേഖലയുടെ വളർച്ച
12 കോടി തൊഴിലുകള്‍ നല്‍കുവാന്‍ പര്യാപ്തമായ എം എസ് എം ഇ മേഖലക്ക് ആവശ്യത്തിന് ഫണ്ട് ലഭിക്കുന്നില്ല. പഴയ വായ്പകള്‍ക്ക് മേല്‍ പലിശ കുന്നുകൂടല്‍, സര്‍ക്കാര്‍ സംഘടനകള്‍ നല്‍കേണ്ട തുക കുടിശ്ശികയായി കിടക്കല്‍ എന്നിങ്ങനെയുള്ള നിരവധി പ്രശ്‌നങ്ങളാണ് ഈ മേഖല നേരിട്ട് കൊണ്ടിരിക്കുന്നത്. ഈ പ്രശ്‌നങ്ങളെല്ലാം തരണം ചെയ്യാന്‍ കഴിഞ്ഞാല്‍ മാത്രമേ ഈ ചെറുകിട വ്യവസായങ്ങള്‍ക്ക് നിലനിൽപ്പുള്ളു.കഴിഞ്ഞ വര്‍ഷം ഉണ്ടായ അടച്ചു പൂട്ടല്‍ അസംഘടിത മേഖലയിലെ തൊഴില്‍ പടയിലെ മൂന്നിലൊന്നിന്റെ ജീവിതങ്ങള്‍ തീര്‍ത്തും താറുമാറാക്കി. എന്നാല്‍ മറ്റൊരു വിഭാഗത്തിന് വളരെ കുറച്ച് വരുമാനം ലഭിക്കുന്ന മറ്റ് ചെറുകിട തൊഴിലുകളിൽ പിടിച്ചു നില്‍ക്കുവാന്‍ കഴിഞ്ഞുവെങ്കിലും ഭൂരിഭാഗം തൊഴിലാളികളും ഇപ്പോഴും പട്ടിണിയിലാണ്.
- തൊഴിൽസാധ്യത വർധിപ്പിക്കുക
തൊഴിലുറപ്പ് പദ്ധതി നഗര മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുവാനുള്ള നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. യഥാർഥത്തില്‍ മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാരാണ് രണ്ട് വര്‍ഷം മുന്‍പ് തന്നെ ഏറെകാലമായി പരിഗണനയില്‍ ഉണ്ടായിരുന്ന നഗര തൊഴിലുറപ്പ് പദ്ധതി നടപ്പില്‍ വരുത്തിയത്. വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് തൊഴില്‍ പരിചയ പരിശീലനം ലഭ്യമാക്കുന്നതിലൂടെ അഞ്ച് കോടി തൊഴിലുകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് അസിം പ്രേംജി യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചിരുന്ന കാര്യം ഇവിടെ നമുക്ക് ഓര്‍ത്തെടുക്കേണ്ടത് അനിവാര്യമാണ്. ഈ പരിശീലനത്തിന് വിധേയമാകുന്നവര്‍ക്ക് പ്രതിമാസം 13,000 രൂപ സ്‌റ്റൈപ്പന്റ് നല്‍കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചിരുന്നു.
യുവാക്കള്‍ക്കിടയില്‍ അടിസ്ഥാനമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും അവരുടെ കഴിവുകള്‍ മിനുക്കിയെടുക്കുവാനും സഹായിക്കുന്ന തരത്തിലുള്ള നഗര തൊഴിലുറപ്പ് പദ്ധതി നടപ്പില്‍ വരുത്തുന്നത് പല തരത്തില്‍ രാജ്യത്തിന് ഗുണകരമായി ഭവിക്കുക തന്നെ ചെയ്യും. കൃത്യമായ ഉപജീവനമാര്‍ഗ്ഗമില്ലാതെ കഷ്ടപ്പെടുന്ന 80 കോടി ജനങ്ങള്‍ക്ക് അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യങ്ങള്‍ നല്‍കുവാനുള്ള സര്‍ക്കാരിന്‍റെ തീരുമാനം അഭിനന്ദനീയം തന്നെയാണ്. എന്നാല്‍ ഈ പദ്ധതിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കളുടെ എണ്ണം കുറഞ്ഞുപോകാന്‍ പാടില്ല എന്നുള്ള കാര്യം സര്‍ക്കാര്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്. തൊഴില്‍ അവസരങ്ങൾ സർക്കാർ വിശാലമാക്കുകയും വേണം.