തിരുവനന്തപുരം: കേവലം ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നതില്‍ നിന്ന് ഓരോ പ്രവര്‍ത്തകനെയും രാഷ്ട്രീയവത്കരിക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. വെല്ലുവിളികളും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള സംഘടന സംവിധാനം കെട്ടിപ്പടുക്കുകയെന്നതാണ് പാര്‍ട്ടി അഭിമുഖീകരിക്കുന്ന സമീപകാല പ്രതിസന്ധി നേരിടാനുള്ള ഏക പോംവഴിയെന്ന തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കങ്ങള്‍. ജൂലൈ 23,24 ദിവസങ്ങളിലായി കോഴിക്കോട്ട് നടന്ന നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിരില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് ഇത് സംബന്ധിച്ച വ്യക്തമായ രൂപരേഖയുള്ളത്.
സംഘപരിവാറിന്‍റെയും സി.പി.എമ്മിന്‍റെയും നയങ്ങളെ ഒരു പോലെ ആശയപരമായി കൃത്യസമയത്ത് പ്രതിരോധിക്കാന്‍ ശേഷിയുള്ള ഊര്‍ജസ്വലമായ പ്രവര്‍ത്തനം പാര്‍ട്ടിയെ വിജയത്തിലെത്തിക്കാന്‍ അനിവാര്യമാണെന്ന് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടുന്നു. എ.ഐ.സി.സി നിശ്ചയിക്കുന്ന സമയക്രമം പാലിച്ച് ബൂത്ത് തലം മുതല്‍ കെ.പി.സി.സി തലം വരെ പുനഃസംഘടന പൂര്‍ത്തിയാക്കുകയാണ് പാര്‍ട്ടിക്ക് മുന്നിലുള്ള പ്രധാന ദൗത്യം. പാര്‍ട്ടി ഭാരവാഹികളുടെ എണ്ണം പുനഃക്രമീകരിക്കും.
ഒന്നിലേറെ മണ്ഡലം കമ്മിറ്റികളുള്ള പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം പുനഃക്രമീകരണം നടത്തും. ജില്ലകളിലും നിയോജക മണ്ഡലങ്ങളിലും കെ.പി.സി.സി മാതൃകയില്‍ രാഷ്ട്രീയ കാര്യ സമിതി രൂപീകരിക്കും. പാര്‍ട്ടി അച്ചടക്കം കര്‍ശനമായി പാലിക്കാന്‍ ജില്ലകള്‍ തോറും അച്ചടക്ക സമിതിക്ക് രൂപം നല്‍കും.
എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിശീലനം നിര്‍ബന്ധമാക്കും. ഇതിനായി കെ.പി.സി.സി, ഡി.സി.സി തലങ്ങളില്‍ പരിശീലന വിഭാഗം തുറക്കും. സ്ത്രീകളുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കുന്നതിന് കെ.പി.സി.സി, ഡി.സി.സി തലങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കും. എല്ലാ വിദേശ രാജ്യങ്ങളിലെയും പാര്‍ട്ടി കമ്മിറ്റികള്‍ അംഗത്വ വിതരണം നടത്തി സമയബന്ധിതമായി പുനഃസംഘടിപ്പിക്കും.
പാര്‍ട്ടി പ്രക്ഷോഭങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കും. എല്ലാ പാര്‍ട്ടി അംഗങ്ങളും പാര്‍ട്ടിയുടെ പ്രക്ഷോഭങ്ങളില്‍ പങ്കാളിയാകുന്നുവെന്ന് ഉറപ്പാക്കും. പ്രത്യയ ശാസ്ത്രങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതിനൊപ്പം തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുക എന്നതും പ്രധാനമാണെന്ന് രാഷ്ട്രീയ പ്രമേയം ഓര്‍മിപ്പിക്കുന്നു. ഇതിന് സംഘടന വീഴ്ചകള്‍ തിരിച്ചറിഞ്ഞ് പ്രതിസന്ധി മറികടക്കണം.
കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെ പൊളിറ്റിക്കലാക്കുക എന്ന ദൗത്യം കെ.പി.സി.സി ഏറ്റെടുക്കും. സംഘടനയുടെ പ്രഖ്യാപിത നയങ്ങളെ കുറിച്ചും എതിരാളികളുടെ ശക്തി ദൗര്‍ബല്യങ്ങളെ കുറിച്ചും അറിയുന്നവരായി പാര്‍ട്ടി പ്രവര്‍ത്തകരെ മാറ്റുന്നതിന് നിരന്തരം പരിശീലനങ്ങള്‍ സംഘടിപ്പിക്കും. എല്ലാ വര്‍ഷവും ബൂത്ത് തലം മുതല്‍ കെ.പി.സി.സി വരെ പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തും.
പോഷക സംഘടനകളിലൂടെയും സെല്ലുകളിലൂടെയും വ്യത്യസ്ത ജനവിഭാഗങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കും. ഓഫിസുകള്‍ ഇല്ലാത്ത എല്ലാ മണ്ഡലം കമ്മിറ്റികള്‍ക്കും ഓഫീസുകള്‍ തുറക്കും. കെ.പി.സി.സി നിയമസഹായ സമിതി വഴി സി.പി.എം കള്ളക്കേസുകളില്‍ കുരുക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സൗജന്യ നിയമ സഹായം ഏര്‍പ്പെടുത്തും. കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഈ കാലത്ത് പ്രകൃതിയെ പ്രണയിക്കാനും അതിനെ സംരക്ഷിക്കാനും ഏതറ്റം വരെയും പോകുന്നവരായി പാര്‍ട്ടി പ്രവര്‍ത്തകര്‍ മാറണമെന്ന് രാഷ്ട്രീയ പ്രമേയം അടിവരയിടുന്നു.
also read: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി കോണ്‍ഗ്രസ്; കോഴിക്കോട്ടെ ചിന്തന്‍ ശിബിരം സമാപിച്ചു