മീററ്റ്: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടിയും മോഡലും മുന്‍ ബിക്കിനി ഇന്ത്യയുമായ അര്‍ച്ചന ഗൗതമിന്‍റെ സ്ഥാനാര്‍ഥിത്വം സോഷ്യല്‍ മീഡിയില്‍ വലിയ ചര്‍ച്ചയാവുകയാണ്.
കോണ്‍ഗ്രസ് ടിക്കറ്റില്‍ മീററ്റിലെ ഹസ്തിനപുര്‍ മണ്ഡലത്തില്‍ നിന്നാണ് കന്നിയങ്കത്തിന് അര്‍ച്ചന കച്ചകെട്ടുന്നത്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ, അര്‍ച്ചനയുടെ നിരവധിയായ ബിക്കിനി ചിത്രങ്ങളാണ് സദാചാരവാദമുള്‍പ്പെടെയ എഴുതിച്ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്.
അര്‍ച്ചനയുടെ സ്ഥാനാര്‍ഥിത്വത്തെ പരിഹസിച്ച് ബിജെപി നേരത്തെ രംഗത്തെത്തിയിരുന്നു. ബിക്കിനി മോഡലിനെ മത്സരിപ്പിക്കുന്നത് തരംതാണ പബ്ലിസിറ്റിക്ക് വേണ്ടിയണെന്നായിരുന്നു ബിജെപിയുടെ പരിഹാസം.
എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് മുഖം നല്‍കാതെ തന്‍റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാവുമെന്നാണ് അര്‍ച്ചനയുടെ പ്രഖ്യാപനം. ഹസ്തിനപുരിലെ ഗതാഗത സൗകര്യമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഉറപ്പാക്കാന്‍ താന്‍ ശ്രമം നടത്തുമെന്നും അവര്‍ പറയുന്നു.
" നിരവധി ക്ഷേത്രങ്ങളും ആരാധനാലയങ്ങളുമുള്ള സ്ഥലമാണ് ഹസ്തിനപുര്‍. ഇത് തീർച്ചയായും സംസ്ഥാനത്തെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുകയും നിരവധി പേർക്ക് ഇതര ഉപജീവനമാർഗം നൽകുകയും ചെയ്യും.
എന്നാല്‍ ഇവിടേക്ക് എത്തിപ്പെടാന്‍ ഗതാഗത സൗകര്യങ്ങളുടെ പരിമിതി മൂലം പലര്‍ക്കും സാധിക്കുന്നില്ല. എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇവിടെ ബസ്റ്റ് സ്റ്റാന്‍റും റെയില്‍വേ സ്റ്റേഷനും നിര്‍മിക്കുകയാകും ആദ്യ പരിഗണന" - അവര്‍ പറഞ്ഞു. തന്‍റെ പ്രഫഷനും രാഷ്‌ട്രീയവും കൂട്ടിച്ചേര്‍ക്കരുതെന്നും അവര്‍ പ്രതികരിച്ചു.
2014ൽ മിസ് ഉത്തർപ്രദേശായി തിരഞ്ഞെടുക്കപ്പെട്ട അർച്ചന 2018ൽ മിസ് ബിക്കിനി ഇന്ത്യ ടൈറ്റില്‍ നേടിയിട്ടുണ്ട്. 2018ല്‍ മിസ് കോസ്‌മോയില്‍ രാജ്യത്തെ പ്രതിനിധീകരിച്ച അര്‍ച്ചന മിസ് ടാലന്‍റ് ടൈറ്റിലും സ്വന്തമാക്കിയിരുന്നു.
2016ൽ പുറത്തിറങ്ങിയ 'ഗ്രേറ്റ് ഗ്രാൻഡ് മസ്തി' എന്ന സിനിമയിലൂടെയാണ് അർച്ചന ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 2021 നവംബറിലാണ് ഇവര്‍ കോണ്‍ഗ്രസിലെത്തുന്നത്.